ചങ്ങനാശേരി എസ്ബി കോളജ് ഗ്രൗണ്ടില്‍ ഇന്നുമുതല്ആരംഭിക്കുന്ന സോണല്‍ കരിസ്മാറ്റിക് കണ്‍വന്‍ഷനായി സജ്ജമാക്കിയ പന്തല്‍.
ചങ്ങനാശേരി: ചങ്ങനാശേരി സോണല്‍ കരിസ്മാറ്റിക് കണ്വന്ഷന് ഇന്നുമുതല്‍ 24 വരെ തീയതികളില്‍ ചങ്ങനാശേരി എസ്ബി കോളജ് മൈതാനത്ത് ജര്‍മന്‍ മാതൃകയില്‍ സജ്ജമാക്കിയ പന്തലില്‍ നടത്തും. വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് കണ്വന്ഷന് സമയം.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ പ്രശസ്ത ബൈബിള്‍ പ്രഭാഷകന്‍ ഫാ. ഡോമിനിക് വാളന്മനാലും എഴുപതംഗടീമും കണ്വന്ഷന് നയിക്കും. ഇന്ന് 3.30ന് ജപമാലയോടെ കണ്വന്ഷന് ആരംഭിക്കും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം നാലിന് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പത്തനംതിട്ട ബിഷപ് ഡോ. സാമൂവല്‍ മാര്‍ ഐറേനിയോസ് സന്ദേശം നല്‍കും.
22ന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, കെസിബിസി കരിസ്മാറ്റിക് കണ്വന്ഷന് സെക്രട്ടറി ഫാ. ഡോ. ജോണ്സണ് തുണ്ടിയില്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും.
23ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സഹകാര്‍മികനായിരിക്കും. സമാപന ദിനമായ 24ന് ഫാ. ഡൊമിനിക് വാളന്മനാല് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും.
ആലപ്പുഴ, കോട്ടയം, പത്തനതിട്ട ജില്ലകളിലെ സീറോമലബാര്‍, ലത്തീന്‍, മലങ്കര സഭകളിലെ വിവിധ ഇടവകകളില്‍നിന്നായി കാല്‍ലക്ഷത്തോളംപേര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. രോഗികള്‍ക്കായി പ്രത്യേക ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുമ്പസാരത്തിനും കൗണ്‍സലിംഗിനും പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
Tags : Nattuvishesham Local News Zonal Charismatic Convention SB College Ground