ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്പോൾ
1. തെറ്റുകൾ വരുത്താതിരിക്കാം

ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ പലർക്കും പലതരത്തിലുള്ള തെറ്റുകളും സംഭവിക്കാറുണ്ട്. അൽപം ശ്രദ്ധിച്ചാൽ അവ ഒഴിവാക്കാൻ സാധിക്കും.

നികുതി വരുമാനം രണ്ടര ലക്ഷത്തിനു മുകളിലുള്ളവരാണ് നികുതി സമർപ്പിക്കേണ്ടത്. മുതിർന്ന പൗരൻമാരുടെ വരുമാന പരിധി മൂന്നു ലക്ഷം രൂപയാണ്. ഇതിനു മുകളിൽ വരുമാനമുള്ളവർ നികുതി റിട്ടേണ്‍സമർപ്പിക്കണം.

2. ഫോം 26 എഎസ് ശരിയായി പരിശോധിക്കാം
ഫോം 26എഎസ്് കൃത്യമായി പരിശോധിച്ചതിനുശേഷം വേണം നികുതി റിട്ടേണ്‍ സമർപ്പിക്കാൻ. കാരണം പാൻ കാർഡിലെ വിവരങ്ങൾ, തൊഴിലുടമ നൽകുന്ന ഫോം 16, മറ്റു നികുതി കിഴിവുകൾക്കായി നൽകുന്ന ഫോം 16എ എന്നിവയിലെ വിവരങ്ങൾ തെറ്റായാണ് നൽകുന്നതെങ്കിൽ ടിഡിഎസ് കിഴിവ് കിട്ടില്ല.

3. വിവരങ്ങളെല്ലാം ശരിയായിരിക്കണം
റിട്ടേണ്‍ സമർപ്പിക്കുന്പോൾ നൽകുന്ന വിവിരങ്ങളെല്ലാം ശരിയായിരിക്കണം. നികുതിദായകന്‍റെ പേര്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ കാർഡ് നന്പർ,നികുതിയായി നൽകേണ്ട തുക തുടങ്ങിയ വിവരങ്ങൾ തെറ്റായാണ് നൽകിയിരിക്കുന്നതെങ്കിൽ അത് നികുതി നൽകിയില്ല എന്നായി മാറും. അതുകൊണ്ട് നൽകുന്ന വിവരങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പു വരുത്തുക. എന്തെങ്കിലും തെറ്റു വരുത്തിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ആദായ നികുതി വകുപ്പ് ഒരു അവസരം നൽകും.

4. നികുതിയിളവുകളുണ്ടെങ്കിൽ അത് നൽകാൻ മറക്കരുത്
നികുതി ബാധ്യത ഒഴിവാക്കാനോ കുറയ്ക്കാനോ സഹായിക്കുന്ന വിധത്തിൽ ആദായ നികുതി വകുപ്പ് സെക് ഷൻ 80 പ്രകാരം ചില ഇളവുകൾ അനുവദിക്കുന്നുണ്ട്. പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപം, എൻപിഎസ് നിക്ഷേപം, പഞ്ചവർഷ ബാങ്ക് ഡിപ്പോസിറ്റ് തുടങ്ങിയ നികുതിലാഭ നിക്ഷേപങ്ങൾ അംഗവൈകല്യമുള്ളവർക്കോ അനാഥാലയങ്ങൾക്കോ നൽകുന്ന സംഭാവന മുതലായവ ഇളവിൽ ഉൾപ്പെടും. ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്പോൾ ഈ ഇളവുകൾ കൂടി സമർപ്പിക്കാൻ മറക്കരുത്.

5. വരുമാനമെല്ലാം വെളിപ്പെടുത്തണം
സ്ഥിര വരുമാനത്തിനു പുറമേ വരുന്ന വരുമാനങ്ങളും ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്പോൾ വെളിപ്പെടുത്തണം. ഉദാഹരണത്തിന് ലോട്ടറി, വസ്തുവോ വീടോ വിറ്റുകിട്ടിയ പണം മുതലായവ. ബാങ്കിലെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ, പോസ്റ്റോഫീസ് സേവിംഗ്സ് അക്കൗണ്ട് വിവരങ്ങൾ മുതലായവയും വെളിപ്പെടുത്തണം.
ടിഡിഎസ് കിഴിവ് ഉണ്ടെങ്കിൽ പോലും ഈ വരുമാനങ്ങൾ കൂടി വെളിപ്പെടുത്തണം. വെളിപ്പെടുത്തുന്നതു വഴി വീണ്ടും നികുതി നൽകേണ്ടതില്ല.


6. ബാങ്ക് അക്കൗണ്ടുകളെ വെളിപ്പെടുത്തണം
മൂന്നു സാന്പത്തിക വർഷമായി സജീവമായിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തണം.

7. ആധാർ കാർഡും പാൻ നന്പറും തമ്മിൽ ബന്ധിപ്പിക്കണം
ആധാർ കാർഡും പാൻ നന്പറും തമ്മിൽ നികുതിദായകർ നിർബന്ധമായും ബന്ധിപ്പിക്കണം. ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ നികുതി റിട്ടേണ്‍ സമർപ്പിക്കാൻ സാധിക്കില്ല.

ഈ രേഖകൾ മറക്കാതിരിക്കാം
* ആധാർ കാർഡ്
* പാൻ നന്പർ
* ഫോം16 തൊഴിലുടമ നൽകുന്നത്

എങ്ങനെ ഇ-ഫയലിംഗ് ചെയ്യാം

ആദായ നികുതി റിട്ടേണ്‍ ഓണ്‍ലൈനായാണ് സമർപ്പിക്കേണ്ടത്. മുതിർന്ന പൗരന്മാർക്ക് മാത്രമാണ് പേപ്പർ റിട്ടേണുകൾ അനുവദിച്ചിട്ടുള്ളത്. എങ്ങനെയാണ് ഇ-ഫയലിംഗ് ചെയ്യേണ്ടതെന്നു നോക്കാം.

1. ആദായ നികുതി വിഭാഗത്തിന്‍റെ വെബ്സൈറ്റിൽ കയറുക
2. ആദ്യമായിട്ടാണ് ഇ-ഫയിലംഗ് ചെയ്യുന്നതെങ്കിൽ രജിസ്റ്റർ യുവർസെൽഫ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് പാൻ നന്പർ തുടങ്ങിയ വിവരങ്ങൾ നൽകേണ്ടതുണ്ട്.
3. നേരത്തെ രിജിസ്റ്റർ ചെയ്തവർക്ക് യൂസർഐഡി, പാസ് വേഡ്, ജനനതീയ്യതി തുടങ്ങിയ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യാം.
4. ആദായ നികുതി റിട്ടേണിനുള്ള ഫോം തെരഞ്ഞെടുക്കുക
5. വിവരങ്ങൾ നൽകുക
6. സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
7. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അത് അപ് ലോഡ് ചെയ്യുക(ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ഇ-ഫയലിംഗുമായി രജിസ്റ്റർ ചെയ്തതായിരിക്കണം.
8. സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
9. വിജകരമായി റിട്ടേണ്‍ സമർപ്പിച്ചാൽ ഐടിആർ-വി ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇത് രജിസ്റ്റർ ചെയ്തിരിക്കുന്ന ഇ-മെയിലിലേക്കും ലഭിക്കും.
10. ഡിജിറ്റൽ സിഗിനേച്ചർ ഇല്ല എന്നിരിക്കട്ടെ ബാംഗളുരുവിലുള്ള സെൻട്രൽ പ്രോസസിംഗ് സെന്‍ററിലേക്ക് നിങ്ങൾ ഒപ്പിട്ട് ഐടിആർവി ഫോം സ്പീഡ് പോസ്റ്റായോ അല്ലാതെയോ 120 ദിവസത്തിനുള്ളിൽ അയച്ചു നൽകിയാൽ മതി.

അതോടൊപ്പം ഈ സമയ പരിധിക്കുള്ളിൽ ഓണ്‍ലൈൻ റിട്ടേണ്‍ ഇവെരിഫൈ ചെയ്യാനുള്ള അവസരവുമുണ്ട്. ഇങ്ങനെ ചെയ്യാതിരുന്നാൽ ഐടിആർ ഫയൽ ചെയ്തിട്ടില്ല എന്നാകും. നെറ്റ് ബാങ്കിംഗ്, ബാങ്ക് അക്കൗണ്ട് നന്പർ, ആധാർ നന്പർ, ഡീമാറ്റ് അക്കൗണ്ട് എന്നിവ ഉപയോഗിച്ചും ഇ-ഫയലിംഗ് ചെയ്യാം.