അവസരങ്ങളെക്കുറിച്ച് ബോധവതികളാകൂ...
അവസരങ്ങളെക്കുറിച്ച്  ബോധവതികളാകൂ...
Friday, September 6, 2019 4:39 PM IST
വിദ്യാസന്പന്നരായ സ്ത്രീകൾ പോലും തങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് ബോധവതികളല്ലെന്ന് സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. മൃദുൽ ഈപ്പൻ പറഞ്ഞു. ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങൾ ആസൂത്രണ ബോർഡിന്‍റെ നയരൂപീകരണത്തെയടക്കം സ്വാധീനിക്കും.

വനിതാ സംരംഭങ്ങൾ സാന്പത്തിക പുരോഗതിക്കുള്ള സ്രോതസ്സ് മാത്രമല്ല, മറിച്ച് സ്ത്രീ ശാക്തീകരണത്തിനുള്ള സുപ്രധാന ചുവടു വയ്പ് കൂടിയാണെന്നും ഡോ. മൃദുൽ ഈപ്പൻ പറഞ്ഞു.

നൂതന കണ്ടുപിടുത്തങ്ങൾ മാത്രമല്ല സംരംഭം

നൂതനമായ കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കിയ സംരംഭങ്ങൾ മാത്രമേ വിജയിക്കൂവെന്ന തെറ്റായ ധാരണ പൊതുവെ സ്റ്റാർട്ടപ്പുകൾക്കിടയിലുണ്ട്. എന്നാൽ ഇതു മാത്രമല്ല അവസരങ്ങളെന്ന് കുറഞ്ഞ പക്ഷം വനിതാ സംരംഭകരെങ്കിലും തിരിച്ചറിയണമെന്ന് അവർ പറഞ്ഞു. ആവശ്യാധിഷ്ഠിത സംരംഭങ്ങളും അവസരാധിഷ്ഠിത സംരംഭങ്ങളുമുണ്ട്. ഇവയുടെ അനന്ത സാധ്യത വനിതാസംരംഭകർ ഉപയോഗപ്പെടുത്തണം. സ്ത്രീ സംരംഭകർക്കും ജോലിക്കാർക്കും യാത്ര, ഭക്ഷണം തുടങ്ങിയ അടിസ്ഥാനകാര്യങ്ങളിൽ സൗജന്യം അനുവദിക്കുന്നതിനെക്കുറിച്ചും ചിന്തിക്കണമെന്ന് അവർ പറഞ്ഞു.


വനിതാ സംരംഭകർക്കു വേണ്ടി എന്തു തരത്തിലുള്ള നയരൂപീകരണമാണ് നടത്തേണ്ടതെന്ന് സർക്കാരിനോട് പറയാനുള്ള അവസരമാണ് വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടിയെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ വനിതകൾ സ്തുത്യർഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് എല്ലാ സഹായവും മിഷന്‍റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വനിതാ സാങ്കേതിക സംരംഭക കൂട്ടായ്മയായ ഷീ ലവ്സ് ടെക്കിന്‍റെ സ്ഥാപക വെർജീനിയ ടാൻ വീഡിയോ കോണ്‍ഫറൻസ് വഴി സദസ്സിനെ സംബോധന ചെയ്തു. വനിത സംരംഭങ്ങളുടെ കൂട്ടായ്മകൾക്ക് സാന്പത്തിക മേഖലയിൽ ക്രിയാത്മകമായി ഇടപെടാൻ സാധിക്കുമെന്നും അവർ പറഞ്ഞു.