ദീർഘകാല നിക്ഷേപത്തിന് 4 ഓഹരികൾ
ദീർഘകാല  നിക്ഷേപത്തിന് 4 ഓഹരികൾ
Monday, October 14, 2019 3:21 PM IST
ആഗോള സാന്പത്തികാന്തരീക്ഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരി വിപണി വന്യമായ വ്യതിയാനത്തിലൂടെയാണ് കടന്നുപോകുന്നത്. ഓഹരിയെ കൈവിട്ടു റിയൽ ആസ്തികളിലേക്കു ചേക്കേറാൻ നിക്ഷേപകർ ഒരുങ്ങുകയാണ്. പല കേന്ദ്ര ബാങ്കുകളും ആഗോള സന്പദ്ഘടനയിലെ വളർച്ചാക്കുറവ് കണക്കിലെടുത്ത് പലിശ നിരക്ക് കുറയ്ക്കുകയോ കുറയ്ക്കാനുള്ള നീക്കത്തിലോ ആണ്. ഈ സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിൽ നിക്ഷേപത്തിനു തെരഞ്ഞെടുക്കാൻ നാല് ഓഹരികൾ നിർദ്ദേശിക്കുകയാണ്.

ഐടി മേഖലയിൽനിന്നുള്ള ഒരു മിഡ് കാപ് ( ന്യൂക്ലിയർ സോഫ്റ്റ് വേർ), ലാർജ് കാപ് ഐടി കന്പനിയായ എച്ച് സിഎൽ ടെക്നോളജീസ്, കണ്‍സ്യൂമർ ഇലക്ട്രിക് വിഭാഗത്തിലുള്ള ക്രോംപ്ടണ്‍ കണ്‍സ്യൂമർ, ഷിപ് ബിൽഡിംഗ് മേഖലയിൽ പ്രവർത്തിക്കുന്നതും പ്രതിരോധ മന്ത്രാലയത്തിന്‍റെ ഭരണ നിയന്ത്രണത്തിലുമുള്ള ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ് ആൻഡ് ഇലക്ട്രിക്കൽസ് എന്നീ കന്പനികളെയാണ് നിർദ്ദേശിക്കുന്നത്.

ദീർഘകാലത്തിൽ മികച്ച മൂലധന വളർച്ച ഇവയിൽനിന്നു പ്രതീക്ഷിക്കാവുന്നതാണ്. ഈ നാല് ഓഹരികളും മികച്ച വളർച്ചാസാധ്യതകളുള്ള മേഖലകളിൽനിന്നുള്ളതാണു താനും.

1. ന്യൂക്ലിയസ് സോഫ്റ്റ് വേർ
ഇപ്പോഴത്തെ വില 325 രൂപ
52 ആഴ്ചയിൽ
ഉയർന്ന വില 457 രൂപ
താഴ്ന്ന വില 285 രൂപ
വിപണി മൂല്യം 938 കോടി രൂപ
മുഖവില 10 രൂപ
ലാഭവീതം 90 ശതമാനം

കഴിഞ്ഞ 20 വർഷമായി ബാങ്കിംഗ്, ധനകാര്യ സേവന മേഖലയ്ക്ക് സോഫ്റ്റ് വേർ സൊലൂഷൻ നൽകുന്ന സ്മോൾ കാപ് ഐടി ഉത്പന്ന കന്പനിയാണ് ന്യൂക്ലിയസ് സോഫ്റ്റ് വേർ എക്സ്പോർട്സ് ലിമിറ്റഡ്. റീട്ടെയിൽ ബാങ്കിംഗ്, കോർപറേറ്റ് ബാങ്കിംഗ്, കാഷ് മാനേജ്മെന്‍റ്, ഇന്‍റർനെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് തുടങ്ങി എല്ലാ മേഖലകൾക്കും ആവശ്യമായ സൊലൂഷൻ കന്പനി പ്രദാനം ചെയ്യുന്നു.

കരുത്തുറ്റ ബാലൻസ് ഷീറ്റാണ് കന്പനിയുടെ ശക്തി. കന്പനിയുടെ കൈവശമുള്ള 523 കോടി രൂപ ഡെറ്റ് ഫണ്ട്, പിഎസ് യു ബോണ്ട്, എഫ്ഡി തുടങ്ങിയവയിൽ നിക്ഷേപിച്ചിരിക്കുകയാണ്. കന്പനിയുടെ വിപണി മൂല്യത്തിന്‍റെ മൂന്നിൽ രണ്ടോളം വരും ഈ കാഷ്.

കന്പനിയുടെ ഇടപാടുകാർ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ഓരോ രാജ്യത്തേയും നഷ്ടസാധ്യത വിപുലമായി വിതരണം ചെയ്തിരിക്കുകയാണ്. ആഗോളതലത്തിൽ ബാങ്കിംഗ് മേഖല ഐടിക്കുവേണ്ടി കൂടുതൽ തുക ചെലവഴിച്ചുവരികയാണ്. ഇതു കന്പനിക്കു ഗുണം ചെയ്യും. 2018 സാന്പത്തിക വർഷം മുതൽ കന്പനിയുടെ പ്രകടനം മെച്ചപ്പെട്ടു വരികയാണെന്നു മാത്രമല്ല, ഇടപാടുകാരുടെ പട്ടികയും വികസിച്ചുവരികയാണ്. നിരവധി ക്വാർട്ടറുകൾക്കുശേഷം കന്പനിയുടെ ഓർഡർബുക്ക് ഈ ജൂണിൽ 28 ശതമാനം വളർച്ച നേടിയിരിക്കുകയാണ്.

കരുത്തുറ്റ ഓർഡർ ബുക്കിന്‍റെ പശ്ചാത്തലത്തിൽ വരും ക്വാർട്ടറുകളിൽ കന്പനിയുടെ വരുമാനവും ലാഭവും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പുവർഷം കന്പനിയുടെ ഇപിഎസ് 27.6 രൂപയാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. കന്പനിയുടെ ഇപ്പോഴത്തെ കാഷ് സ്ഥിതി കണക്കിലെടുത്താൽ കന്പനി ബൈബാക്കിനോ ഉയർന്ന ഡിവിഡൻഡ് നൽകാനോയുള്ള സാധ്യതയേറെയാണ്. ഇപ്പോഴത്തെ വിലയിൽ വളരെ ആകർഷകമാണ് ഈ ഓഹരി.

2. എച്ച്സിഎൽ ടെക്നോളജീസ്
ഇപ്പോഴത്തെ വില 1084 രൂപ
52 ആഴ്ചയിൽ
ഉയർന്ന വില 1187 രൂപ
താഴ്ന്ന വില 920 രൂപ
വിപണി മൂല്യം 147050 കോടി രൂപ
മുഖവില 2 രൂപ
ലാഭവീതം 400 ശതമാനം

രാജ്യത്തെ ഏറ്റവും വലിയ നാലു സോഫ്റ്റ് വേർ കന്പനികളിലൊന്നായ എച്ച്സിഎൽ ടെക്നോളജീസ്, ഐടിമേഖലയിലെ മാറ്റത്തിനനുസരിച്ച് വൻ പരിവർത്തനത്തിലൂടെ കടന്നുപോവുകയാണ്. പാരന്പര്യ അടിസ്ഥാനസൗകര്യമാനേജ്മെന്‍റിൽനിന്ന്, ഡിജിറ്റൽ, അനലിറ്റിക്, ക്ലൗഡ്, ഇന്‍റ്ർനെറ്റ് ഓഫ് തിംഗ്സ്, ഓട്ടോമേഷൻ,ഐപി ക്രിയേഷൻ തുടങ്ങിയ നവോദയ സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കന്പനി.

പുതിയ സാങ്കേതികവിദ്യ ആർജിക്കുന്നതിന്‍റെ ഭാഗമായി കന്പനി ഈ മേഖലയിലെ നവീന കന്പനികളെ തുടർച്ചയായി വാങ്ങുകയാണ്. അടുത്ത കാലത്ത് കന്പനി 180 കോടി ഡോളറിന് ഐബിഎം സോഫ്റ്റ് വേർ പ്രോഡക്ട്സ് കന്പനി ഏറ്റെടുക്കുകയുണ്ടായി.2019 ജൂലൈയോടെ ഇതിന്‍റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. ലാർജ് കാപ് ഐടി കന്പനികളിൽ മികച്ച വളർച്ചയും വരുമാന സാധ്യതയുമുള്ള കന്പനികളിലൊന്നാണ് എച്ച്സിഎൽ ടെക്.
മോഡ് 1 ( കാതൽ ഐടി സേവനങ്ങൾ)-നെ അപേക്ഷിച്ച് മോഡ് 2 ( പുതുതലമുറ സേവനങ്ങളായ ഡിജിറ്റൽ, ഐഒടി, അനലിറ്റിക്സ്, ക്ലൗഡ്, സൈബർ സെക്യൂരിറ്റി തുടങ്ങിയവ), മോഡ് 3 (പ്രോഡക്ട്സ് ആൻഡ് പ്ലാറ്റ്ഫോംസ്) തുടങ്ങിയവ മികച്ച വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടപ്പുവർഷത്തിന്‍റെ ആദ്യക്വാർട്ടറിലെ പ്രവർത്തനഫലം സമ്മിശ്രമായിരുന്നു. മികച്ച വരുമാന വളർച്ച കാണിച്ചുവെങ്കിലും മാർജിൻ സമ്മർദ്ദത്തിലായിരുന്നു. പ്രധാനകാരണം ഐബിഎം പ്രോഡക്ട് ബിസിനസ് ഏറ്റെടുത്തതിനുവേണ്ടി വന്ന ചെലവാണ്. രണ്ടാം ക്വാർട്ടർ മുതൽ മാർജിൻ മെച്ചപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നടപ്പുവർഷം ഈബിഐടി മാർജിൻ 18.5-19.5 ശതമാനം റേഞ്ചിലായിരിക്കുമെന്നാണ് കന്പനിയുടെ വിലയിരുത്തൽ.

ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ സമകാലീന കന്പനികളെ അപേക്ഷിച്ച്, കഴിഞ്ഞ ആറു വർഷമായി എച്ച്സിഎൽ ടെക് വരുമാനം, ലാഭം എന്നിവയിൽ മെച്ചപ്പെട്ട വളർച്ച നേടുന്നുണ്ട്. എന്നാൽ കന്പനിയുടെ വാല്വേഷൻ ഇപ്പോഴും താഴെയാണ്. ഈ ഓഹരിയുടെ ആകർഷണീയതയും അതാണ്.


3. ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമർ ഇലക്ട്രിക്കൽ
ഇപ്പോഴത്തെ വില 231 രൂപ
52 ആഴ്ചയിൽ
ഉയർന്ന വില 253 രൂപ
താഴ്ന്ന വില 190 രൂപ
വിപണി മൂല്യം 14534 കോടി രൂപ
മുഖവില 2 രൂപ
ലാഭവീതം 100 ശതമാനം

ഇല്ക്ട്രിക്, ലൈറ്റിംഗ് മേഖലകളിൽ വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിർമിച്ചു പുറത്തിറക്കുന്നതും പ്രഫഷണലായി മാനേജ് ചെയ്യുന്നതുമായ കന്പനിയാണ് ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമർ ഇലക്ട്രിക്കൽ ലിമിറ്റഡ്. പ്രോക്ടർ ആൻഡ് ഗാംബിൾ മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശന്തനു ഖോസ്ല ( മാനേജിംഗ് ഡയറക്ടർ), റാകോൾഡ് തെർമോയിലെ മുൻ സിഇഒ മാത്യു ജോബ് ( സിഇഒ), പിഡിലൈറ്റ് ഇൻഡസ്ട്രീസിലെ മുൻ സിഎഫ്ഒ സന്ദീപ് ബാത്ര ( സിഎഫ്ഒ) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മാനേജ്മെന്‍റ് ടീമാണ് കന്പനിയെ മുന്നോട്ടു കൊണ്ടുപോകുന്നത്.

മികച്ച സാങ്കേതികവിദ്യയുടേയും എൻജിനീയറിംഗിന്‍റേയും പിന്തുണയോടെ പുതിയ പുതിയ ഉത്പന്നങ്ങൾ തുടർച്ചായി കന്പനി വിപണിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. കന്പനിയുടെ ഏറ്റവും പോസീറ്റീവായ വശവുമിതാണ്. ഇടപാടുകാരുടെ ഇടയിൽ പുതിയൊരു ബ്രാൻഡ് ഇമേജ് ഉണ്ടാക്കുവാൻ കന്പനിക്കു കഴിഞ്ഞിട്ടുണ്ട്. ഈടും വിശ്വാസ്യതയുമാണ് അതിനു വഴിയൊരുക്കിയത്.

മാർജിൻ മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ട് കന്പനി പ്രീമിയം കാറ്റഗറി വിഭാഗത്തിൽ, പ്രത്യേകിച്ച് ഫാൻ മേഖലയിൽ, പ്രത്യേക ശ്രദ്ധ നൽകി വരികയാണ്. അസംസ്കൃവസ്തുക്കളുടെ വില കുറഞ്ഞത് കന്പനിയുടെ മാർജിന് കരുത്തു പകരുന്നു. നടപ്പുവർഷവും അടുത്തവർഷവും കന്പനി വരുമാനത്തിലും ലാഭത്തിലും 15 ശതമാനം വളർച്ച നേടുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
വി- ഗാർഡ് പോലുള്ള സമകാലീന കന്പനികളുമായി താരതമ്യപ്പെടുത്തുന്പോൾ കന്പനിയുടെ ഓഹരി വലിയ ഡിസ്കൗണ്ടിലാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. നല്ലതുപോലെ മാനേജ് ചെയ്തുകൊണ്ടുപോകുന്ന കന്പനി, യുക്തിസഹമായ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ക്രോംപ്ടണ്‍ ഗ്രീവ്സ് കണ്‍സ്യൂമർ ഇലക്ട്രിക്കൽ പരിഗണിക്കാവുന്നതാണ്.

4. ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ്
ഇപ്പോഴത്തെ വില 138 രൂപ
52 ആഴ്ചയിൽ
ഉയർന്ന വില 142 രൂപ
താഴ്ന്ന വില 77 രൂപ
വിപണി മൂല്യം 1575 കോടി രൂപ
മുഖവില 10 രൂപ
ലാഭവീതം 69.5 ശതമാനം

മുഖ്യമായും ഇന്ത്യൻ നാവികസേന, തീരദേശ സേന എന്നിവയുടെ ഷിപ്ബിൽഡിംഗ് ആവശ്യങ്ങൾ നിറവേറ്റുന്ന കന്പനിയാണ് ഗാർഡൻ റീച്ച് ഷിപ്ബിൽഡേഴ്സ് ആൻഡ് ഇലക്ട്രിക്കൽ ലിമിറ്റഡ്. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഭരണ നിയന്ത്രണത്തിലാണ് കന്പനി പ്രവർത്തിക്കുന്നത്. കന്പനിയുടെ വരുമാനത്തിന്‍റെ നല്ലൊരു പങ്കും ഷിപ്പ് ബിൽഡിംഗിൽനിന്നാണ്. യുദ്ധക്കപ്പലുകളും മറ്റു കപ്പലുകളും നിർമിക്കുന്ന ശേഷിക്കു പുറമേ എൻജിൻ ഉത്പാദനം, മറ്റ് എൻജിനീയറിംഗ് പ്രവർത്തനങ്ങൾ എന്നിവയിലും കന്പനി ഏർപ്പെട്ടിരിക്കുന്നു. ഡക്ക് മെഷിനറി ഇനങ്ങൾ, പ്രീഫാബ്രിക്കേറ്റഡ് സ്റ്റീൽ ബ്രിഡജ്, മറൈൻ പന്പ് തുടങ്ങിയവയാണ് എൻജിനീയറിംഗ് ഡിവഷൻ നിർമിക്കുന്നത്.

കന്പനിക്ക് കൊൽക്കത്തയിലും പ്രാന്തപ്രദേശങ്ങളിലുമായി മൂന്നു ഷിപ്പ് ബിൽഡിംഗ് സൗകര്യങ്ങളാണുള്ളത്. രാജാബാഗൻ ഡോക്ക്യാഡിലെ മെയിൻ വർക്ക് യൂണിറ്റിലാണ് കപ്പലുകൾ നിർമിക്കുന്നത്. എഫ്ഒജെ യൂണിറ്റിൽ കപ്പലുകളുടെ അറ്റകുറ്റപ്പണികളാണ് നടത്തുന്നത്. കന്പനിയുടെ എൻജിനീയറിംഗ് യൂണിറ്റ് 61 പാർക്കിലും തരാത്തലയിലുമാണ് സ്ഥിതി ചെയ്യുന്നത്. റാഞ്ചിയിലാണ് എൻജിൻ യൂണിറ്റ്.

കന്പനിക്ക് ഇപ്പോൾ 27955 കോടി രൂപയുടെ ശക്തമായ ഓർഡർ കൈവശമുണ്ട്. ഇതിൽ 99 ശതമാനവും കപ്പൽ നിർമാണത്തിനുവേണ്ടിയുള്ളതാണ്. ഇന്ത്യൻ നേവിക്കുവേണ്ടി നിർമിക്കുന്ന മൂന്നു യുദ്ധക്കപ്പലും ഇതിലുൾപ്പെടുന്നു. ഇവയുടെ മൂല്യം ഏതാണ്ട് 19500 കോടി രൂപയോളം വരും. ഇവ നിർമിക്കുന്നതിനുള്ള കാലാവധി ഏതാണ്ട് 80 മാസമാണ്. അതുകൊണ്ടുതന്നെ ഈ ഓർഡറുകളുടെ ബില്ലിംഗ് മൂന്ന്- അഞ്ച് വർഷത്തിലായിരിക്കും സംഭവിക്കുക. ഈ പദ്ധതി നടത്തിപ്പ് കാലയളവ് കണക്കിലെടുത്താൽ കന്പനിയുടെ വിറ്റുവരവ് 2021-22 ധനകാര്യവർഷത്തിൽ ഇപ്പോഴത്തെ 140 കോടി രൂപയിൽനിന്ന് 4500 കോടി രൂപയായി ഉയരും. ഏതാണ്ട് മൂന്നിരട്ടി. നടപ്പുവർഷവും അടുത്ത വർഷവും നേരിയ ഉയർച്ചയോ വിറ്റുവരവിലും അറ്റാദായത്തിലും പ്രതീക്ഷിക്കുന്നുള്ളു.

കന്പനി മികച്ച ലാഭവീതമാണ് നൽകി വരുന്നത്. കഴിഞ്ഞവർഷത്തെ ഡിവിഡൻഡ് യീൽഡ് 5.7 ശതമാനമായിരുന്നു. ഇന്ത്യൻ നേവിക്കും തീരദേശ സേനയ്ക്കും കപ്പലുകളും മറ്റും വാങ്ങുന്നതിനായി 15000 കോടി രൂപയുടെ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ ( ആർഎഫ്പി)ആണ് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്. ഗാർഡൻ റീച്ചിനും ഇതിൽ കുറേ ഓർഡറുകൾ കിട്ടാനുള്ള സാധ്യതയേറെയാണ്. മത്സര ടെണ്ടറിലൂടെയാണ് ഓർഡറുകൾ നൽകുന്നത്. ഇപ്പോഴത്തെ ശക്തമായ ഓർഡർ ബുക്കും മികച്ച ഡിവിഡൻഡ് യീൽഡും കൂടുതൽ ഓർഡർ കിട്ടാനുള്ള സാധ്യതയും ഗാർഡൻ റീച്ചിനെ ഇപ്പോഴത്തെ വിപണിയിൽ ആകർഷകമാക്കുന്നു.

വി. രാജേന്ദ്രൻ
മാനേജിംഗ് ഡയറക്ടർ
കാപ്സ്റ്റോക്ക് സെക്യൂരിറ്റീസ്