സബ്രീന ഫിലിപ്: മാറ്റം സ്വന്തം ജീവിതത്തിൽ നിന്നു തുടങ്ങുക
സബ്രീന ഫിലിപ്പിനെ കണ്ടാൽ ഒരു ഹോളിവുഡ് താരമാണെന്നേ ആരും പറയു. അതിസുന്ദരി. സൗന്ദര്യത്തോടൊപ്പം ബുദ്ധിയും ആവോളം കനിഞ്ഞനുഗ്രഹിച്ച പെണ്‍കുട്ടി. ഫിനാൻഷ്യൽ അനലിസ്റ്റായ അമ്മ. അക്കൗണ്ടന്‍റാണ് അച്ഛൻ. മകൾക്ക് ശരിയായ വിദ്യാഭ്യാസം നൽകിയാണ് അവർ വളർത്തിയത്.

അതിന്‍റെ ഫലമായി കോളേജിൽ പഠിക്കുന്പോൾത്തന്നെ സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന് അവൾ ഏറെ ആഗ്രഹിച്ചു. പണമുണ്ടാക്കുക. ലോകമെങ്ങും ചുറ്റുക. അതായിരുന്നു അവളുടെ വലിയ മോഹങ്ങളിലൊന്ന്.

സബ്രീന ഫിലിപ് ഡോട് കോം എന്ന സ്വന്തം വെബ്സൈറ്റിന്‍റെ മുഖപേജിൽ അവളെഴുതിയിട്ടുണ്ട്. "ചെറുപ്പത്തിൽ ഞാൻ കണ്ണടച്ചു കിടന്ന് എന്‍റെ ഭാവിജീവിതം സ്വപ്നം കാണുമായിരുന്നു എപ്പോഴും. ഞാൻ ഒരേയൊരു കാര്യം മാത്രമേ ആ സ്വപ്നചക്രവാളത്തിൽ കണ്ടിട്ടുള്ളു. സ്വാതന്ത്ര്യം. കാര്യങ്ങൾ എന്‍റേതായ രീതിയിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം.’’ എന്തൊരു ആർജവമുള്ള പ്രസ്താവന.

മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും

ചെറുപ്പം മുതൽക്കേ യാത്രകൾ സബ്രീനയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ജോലിചെയ്ത് സ്വന്തമായി നേടുന്ന പണംകൊണ്ട് ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ യാത്ര ചെയ്യണമെന്ന ആഗ്രഹം സഫലമാക്കുന്നതെങ്ങനെ എന്നാണ് അവൾ ആലോചിച്ചിരുന്നത്. യാത്ര പോവുക മാത്രമല്ല. മറ്റുള്ളവർക്കായി അതേക്കുറിച്ച് എഴുതാനും അവളാഗ്രഹിച്ചു.

യാത്ര പോകണമെങ്കിൽ പണം കൈയിൽ വേണം. അതുകൊണ്ട് പണത്തിനായി, പഴയ വസ്ത്രങ്ങളും മറ്റും ഇ-ബേയിലൂടെ വിറ്റഴിക്കുന്നതിനെക്കുറിച്ചും ടെലിമാർക്കറ്റിംഗ് കന്പനിയിൽ ജോലി നോക്കുന്നതിനെക്കുറിച്ചുമൊക്കെ അവൾ കൂടെക്കൂടെ വിഷ്വലൈസ് ചെയ്യും. വിഷ്വലൈസ് ചെയ്യുന്ന കാര്യങ്ങൾ എന്നെങ്കിലുമൊരിക്കൽ സഫലമാകുമെന്ന് സബ്രീന ദൃഢമായി വിശ്വസിച്ചു. ബാങ്കിൽ സ്വന്തമായി പണമൊന്നുമില്ലാതിരുന്നപ്പോൾപ്പോലും ആറക്കം വാർഷികവരുമാനമുള്ള ഒരു സംരംഭകയായി തന്നെ അവൾ സ്വയം കാണാൻ തുടങ്ങിയിരുന്നു.
സ്വന്തം ബിസിനസിനെക്കുറിച്ചുള്ള ചിന്തയുടെ തുടക്കത്തിൽ സബ്രീനയ്ക്ക് രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല. യാത്രകളെക്കുറിച്ച് ബ്ളോഗുകൾ എഴുതാനാണ് അവൾ ആദ്യം ഇഷ്ടപ്പെട്ടത്. അതുകഴിഞ്ഞ് ഒരു കണ്‍സൾട്ടിംഗ് സംരംഭം. ബിസിനസ് ഭംഗയായി നടത്തിക്കൊണ്ടുപോകുന്നതിനുള്ള ലഘുവായ ഉപദേശങ്ങൾ നൽകുന്ന ഒരു കണ്‍സൾട്ടിംഗ് ഫേം. മറ്റുള്ളവർക്കു വേണ്ടിയുള്ള സേവനമായിട്ടേ അവൾ തന്‍റെ ഉദ്യമത്തെ കണ്ടുള്ളു. സ്വന്തം വെബ്സൈറ്റിൽ സബ്രീന എഴുതിയിട്ടുണ്ട്. എനിക്കറിയാം. ഈ ലോകത്തെ മാറ്റാനാണ് ഞാൻ പോകുന്നതെങ്കിൽ, അത് ആദ്യം തുടങ്ങേണ്ടത് എന്നിൽനിന്നാണ്.’’
അവൾ സ്വന്തം ജീവിതത്തിൽ നിന്നു തുടങ്ങി.

ബാലിയിൽ നിന്നു തുടക്കം

സബ്രീന ആദ്യം ബാലിയിലെത്തി. അന്നവൾക്ക് 21 വയസേയുള്ളു. കൈയിൽ 800 അമേരിക്കൻ ഡോളർ മാത്രം. ഫ്രീലാൻസ് റൈറ്റിംഗ് തുടങ്ങി. ആദ്യത്തെ മാസം തന്നെ 5000 ഡോളറുണ്ടാക്കാൻ അവൾക്കുകഴിഞ്ഞു. അതൊരു പ്രചോദനമായി.

അവിടെയിരുന്നുകൊണ്ട് സോഷ്യൽ മീഡിയ മാനേജ്മെന്‍റും കണ്‍സൾട്ടിംഗും നടത്തുന്ന ഓണ്‍ലൈൻ ബിസിനസ് ആരംഭിച്ചു. സ്വന്തം ലാപ് ടോപ്പിൽ നിന്ന്. സബ്രീന ഫിലിപ് ഇന്‍റർനാഷണൽ. ഇന്‍റർനാഷണൽ എന്ന വാക്കിന് പ്രത്യേക ഉൗന്നൽ കൊടുക്കണമെന്ന് അവൾ പറയും. കാരണം ലോകത്തെവിടെയുമുള്ള സംരംഭകർക്ക് ഉപദേശം നൽകാൻ ഇന്‍റർനെറ്റിൽ അവൾ എപ്പോഴും സന്നദ്ധയായുണ്ട്. ഇതിനിടെ ലൈവ് പ്രോഗ്രാമും നടത്തുന്നുണ്ട്. ഉദാഹരണത്തിന്, വരുന്ന നവംബർ 8,9,10 തീയതികളിൽ ഒർലാൻഡോയിലെ ഗേലോർഡ് പാംസ് റിസേർട്ട് ആൻഡ് കണ്‍വെൻഷൻ സെന്‍ററിൽ ദി ഇന്‍റർനാഷണൽ എൻട്രപ്രണർ വിത്ത് സബ്രീന ഫിലിപ് ലൈവ് എന്ന പ്രോഗ്രാം നടക്കുന്നുണ്ട്.

""ഏതു ജോലിയും ചെയ്യാൻ എനിക്കു പറ്റും’’ എന്ന ആത്മവിശ്വാസമായിരുന്നു ബാലിയിലെത്തുന്പോൾ സബ്രീനയുടെ ആകെയുള്ള കൈമുതൽ. പക്ഷേ ആദ്യത്തെ അനുഭവം വളരെ തിക്തമായിരുന്നു എന്ന് പിന്നീട് സബ്രീന പറയുന്നുണ്ട്. കാരണം ആദ്യത്തെ ക്ലയന്‍റ് അവർ നൽകിയ ഫീസ് തിരികെ ചോദിച്ചു. അവളുടെ അക്കൗണ്ടിൽ പണമില്ലാതായി. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തിയോടെ അവൾ വേഗം വീട്ടിൽ തിരികെയെത്തി. അമ്മയെ കണ്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയി. പക്ഷേ അവളുടെ മാതാപിതാക്കൾ അവളെ ആശ്വസിപ്പിച്ചു. ഒരാറുമാസം കൂടി പ്രവർത്തിച്ചു നോക്കാൻ അവർ ശക്തമായി പ്രചോദിപ്പിച്ചു.അനുഭവം ഗുരു

അങ്ങനെ സബ്രീന വീണ്ടും ബാലിയിലെത്തി. എന്തായാലും ആദ്യത്തെ അനുഭവം അവളുടെ കാഴ്ചപ്പാടിനെ ആകെ മാറ്റി മറിച്ചിരുന്നു. അവൾ ഒരു പാഠം പഠിച്ചു. എത്ര കഴിവുണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല.

അധ്യാപകരും സമൂഹവുമൊക്കെ ചില നേരം പെരുമാറുന്ന രീതിയും അനുഭവങ്ങളും കാണുന്പോൾ സ്വന്തം കഴിവിനെത്തന്നെ നമുക്ക് അവിശ്വസിക്കാനേ തോന്നൂ. എന്തായാലും മാതാപിതാക്കളുടെ പിന്തുണയയ്ക്കാണ് സബ്രീന പ്രാധാന്യം നൽകിയത്. അതുകൊണ്ട് സ്വന്തമായി ഒരു ബിസിനസ് എന്ന ആശയം അവൾ വീണ്ടും പൊടിതട്ടിയെടുത്തു. അങ്ങനെയാണ് ബാലി മാസ്റ്റർമൈൻഡ് എന്ന പ്രോഗ്രാം പിറക്കുന്നത്.

ഓണ്‍ലൈനിൽ ബിസിനസ് കോച്ചിംഗ് കൊടുക്കുന്ന സ്ഥാപനമാണ് സബ്രീനയുടേത്. ശരാശരി ഒരു ലക്ഷം ഡോളർ പ്രതിമാസവരുമാനമുണ്ട്. ഇതൊരു ചെറിയ കാര്യമല്ല. ഒരു ഇരുപത്തഞ്ചുകാരിക്ക് അഭിമാനിക്കാൻ ഏറെ വകയുണ്ട്.

""പണമല്ല മുഖ്യം. നമ്മുടെ പ്രവർത്തനം മൂലം മറ്റുള്ളവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ കഴിയുമോ എന്നതാണ് ചിന്തിക്കേണ്ടത്.’’ സബ്രീന ഒരിക്കൽ പറഞ്ഞു.
സോഷ്യൽ മീഡിയ മാനേജ്മെന്‍റിൽ സമർഥയായിരുന്നതുകൊണ്ട് വളരെ വേഗം ക്ലയന്‍റ്സിന്‍റെ എണ്ണം കൂടി.

ഫലമോ, നാലു മാസം കൊണ്ട് പ്രതിമാസവരുമാനം 20000 ഡോളറായി വർദ്ധിച്ചു. ക്രമേണ ബിസിനസ് കണ്‍സൾട്ടൻസിയും തുടങ്ങി. ധാരാളം ഉപയോക്താക്കളുണ്ട് സബ്രീനയുടെ വാക്കുകൾക്ക് കാതോർത്തുകൊണ്ട്. മാത്രമോ, ഫോർബ്സ് മാഗസിനിൽ സബ്രീനയെക്കുറിച്ചുള്ള ലേഖനം വന്നു കഴിഞ്ഞു. ഈ ചെറിയ പ്രായത്തിൽ ഇതൊക്കെ വലിയ നേട്ടങ്ങളാണ്.

സബ്രീനയുടെ ഉപദേശങ്ങൾ

* പഠനം ഒരിക്കലും നിർത്തരുത്. ബുക്കു വായിക്കുകയോ യൂട്യൂബിലെ ട്യൂട്ടോറിയലുകൾ കാണുകയോ ചെയ്താൽ മതി.
* പരിശ്രമം ഉപേക്ഷിക്കാതിരിക്കുക. കുറേനാൾ പ്രവർത്തിച്ചശേഷം പരിശ്രമം ഉപേക്ഷിക്കുന്പോൾ, ചിലപ്പോൾ അത് വിജയത്തിന് തൊട്ടരികത്തു നിന്നാകാം.
* ബിസിനസ് ഒരിക്കലും ഒരു ഹോബിയല്ല. അതിനാൽ ബിസിനസിന് എല്ലായ്പോഴും നിയമപരമായ പരിരക്ഷ കിട്ടാനുള്ളതെല്ലാം ചെയ്യണം.
* ആളുകളുമായി ബന്ധപ്പെടാൻ സോഷ്യൽ മീഡിയയോളം നല്ല മറ്റൊരു മാധ്യമമില്ല. വിശ്വാസം ഉണ്ടാക്കിയെടുക്കുക. അതൊരിക്കലും മാഞ്ഞു പോകില്ല.
* എന്തു ചെയ്യുന്പോഴും അത് നിങ്ങളുടേതായ രീതിയിൽ ചെയ്യാൻ ശ്രമിക്കണം. അതിനോളം സന്തോഷം നൽകുന്ന മറ്റൊരു കാര്യമില്ല.

ഓസ്ട്രേലിയയിലെ ഒരു ചെറിയ ടൗണിൽ നിന്നുള്ള പോളാണ് സബ്രീനയുടെ ബോയ്ഫ്രണ്ട്. പോൾ തോംസണ്‍. ഓസ്ട്രേലിയയിലെ ഇന്നസ്ഫെയിലാണ് പോളിന്‍റെ സ്വദേശം. ബാലിയിലെ ഒരു കഫെയിൽ വച്ചാണ് സബ്രീന പോളിനെ കണ്ടുമുട്ടിയത്. പോളും ഓണ്‍ലൈൻ ബിസിനസുകാരനാണ്. ആദ്യം ഇരുവരും ഒന്നു ചേർന്നു ബിസിനസ് ചെയ്തെങ്കിലും അത് ശരിയാകില്ലെന്നു തോന്നി ഇപ്പോൾ പോൾ തന്‍റെ ബിസിനസ് സ്വന്തമായി നടത്തുകയാണ്.
""വലുതായി ചിന്തിക്കൂ. അതിബൃഹത്തായ നിലയിൽ ലോകവ്യാപകമായ ഫലമുളവാക്കാൻ കഴിയും.’’ സബ്രീന പറയുന്നു. എത്ര പ്രചോദനാത്മകമായ വാക്കുകൾ!

പണത്തെക്കാൾ വലിയ പ്രചോദനം വേണം

ബിസിനസ് എന്തുമായിക്കൊള്ളട്ടെ പണത്തെക്കാൾ വലിയ ഒരു പ്രചോദനം ബിസിനസിലുണ്ടായിരിക്കണം’ എന്ന പക്ഷക്കാരിയാണ് സബ്രീന. ഉദാഹരണത്തിന്, നാം ലക്ഷ്യമിടുന്നത് ഒരു ലക്ഷം ഡോളറാണെന്നു വയ്ക്കുക. അത്രയും നേടിക്കഴിയുന്നതോടെ അതിന്‍റെ ത്രിൽ തീരുകയാണ്. അതു കഴിയുന്നതോടെ നിങ്ങളെ വല്ലാത്ത ആലസ്യം ബാധിക്കും. അതുകൊണ്ടാണ് ഞാനെപ്പോഴും പുതുമയ്ക്കുവേണ്ടി പ്രവർത്തിക്കുന്നത്. എന്‍റെ ജോലിയിൽ ഞാൻ അതീവ തീക്ഷണതയോടും അഭിനിവേശത്തോടെയുമാണ് പ്രവർത്തിക്കുന്നത്. അതാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.’’ സബ്രീന ഈയിടെ ഒരു ഇന്‍റർവ്യൂവിൽ പറഞ്ഞു.

ഡോ. രാജൻ പെരുന്ന