അന്ന ഫോസ: നേടാൻ മനസിലുറപ്പിച്ചാൽ നേടാം
ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ ഭാഗത്തുള്ള എംപുമലംഗ പ്രൊവിൻസ്. (സുളുഭാഷയിൽ സൂര്യനുദിക്കുന്ന പ്രദേശം എന്നാണ് എംപുമലംഗയുടെ അർഥം). സ്വാസിലാൻഡും മൊസെംബിക്കുമാണ് തൊട്ടടുത്ത രാജ്യങ്ങൾ. കൃഷിയാണ് എംപുമലംഗയിലെ ജനങ്ങളുടെ പൊതുവേയുള്ള ഉപജീവനമാർഗം. പൊതുവേ വലിയ സ്വപ്നങ്ങളൊന്നുമില്ലാത്ത ജനങ്ങൾ.
അവിടെ ഒരു ചെറിയ ഗ്രാമത്തിലാണ് അന്ന ജനിച്ചത്. അന്ന ഫോസ. നിങ്ങൾക്കറിയാമോ, ഇന്നിപ്പോൾ എംപുമലംഗ പ്രൊവിൻസിലെ ഏറ്റവും വലിയ പന്നി ഫാം അന്നയുടെ പേരിലാണ്. ഡ്രീംലാൻഡ് പിഗെറി ആൻഡ് ആബറ്റേരിയർ. ദക്ഷിണാഫ്രിക്കയിലെ പ്രധാനപ്പെട്ട എല്ലാ പന്നിസംസ്കരണശാലകളിലേക്കും പന്നികളെ വിതരണ ചെയ്യുന്നത് അന്നയുടെ കന്പനിയാണ്. ഗൗട്ടംഗിലെ ഏറ്റവും വലിയ പിഗെറി അന്നയുടേതാണ്. പന്നി വളർത്തലിൽ അഭൂതപൂർവമായ വിജയത്തിന്‍റെ പേരിൽ ധാരാളം പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് അന്ന. എങ്ങനെയാണ് അന്ന ഈ നേട്ടങ്ങൾ കൈവരിച്ചത്? ""ഞാനാഗ്രഹിക്കുന്നതു പോലെയാണ് എന്‍റെ കാര്യങ്ങൾ പോകുന്നത്. അതായത് നാം ആഗ്രഹിക്കുന്നത് സഫലമാകണമെങ്കിൽ നാം തീരുമാനിച്ചാൽ മതി.’’ അന്ന ഈയിടെ ഒരു ഇന്‍റർവ്യൂവിൽ പറഞ്ഞു.

വാസ്തവം. നമ്മുടെ ഭാവി തീരുമാനിക്കുന്നത് നമ്മുടെ ചിന്തകളാണ്. എന്തായിരിക്കണമെന്ന് നാം ചിന്തിക്കുന്നുവോ അത് അങ്ങനെ തന്നെ സംഭവിക്കുന്നു.

ദരിദ്രമായ കുടുംബം

ആരെയും പ്രചോദിപ്പിക്കും അന്നയുടെ കഥ. തീരെ ദരിദ്രമായ കുടുബത്തിലാണ് അന്ന ജനിച്ചത്. മാതാപിതാക്കളുടെ നാലു കുട്ടികളിലൊരാൾ. രോഗിയായ പിതാവ്. വല്ലപ്പോഴും എന്തെങ്കിലും ചെറിയ ജോലിക്കു പോയാലായി. കാര്യമായ വരുമാനമൊന്നുമില്ല. അമ്മ എന്തെങ്കിലും ജോലി ചെയ്തുണ്ടാക്കുന്നതുകൊണ്ടു വേണം കുടുംബം കഴിഞ്ഞു പോകാൻ. ഇതിനിടെ അവളുടെ ചെറുപ്പത്തിൽത്തന്നെ പിതാവ് മരിച്ചു. അതോടെ വീട്ടിലെ ഉത്തരവാദിത്തങ്ങളുടെ ഒരു പങ്ക് മൂത്ത മകളായ അന്നയുടെ ചുമലിലായി. പാവം. തനിച്ചെന്തു ചെയ്യാൻ പറ്റും. എങ്കിലും വീട്ടിലെ പണികളൊക്കെ ചെയ്യാൻ അന്ന അമ്മയെ കാര്യമായി സഹായിച്ചു.

നഴ്സിംഗിനു പോകണമെന്നായിരുന്നു അന്നയുടെ ആഗ്രഹം. പക്ഷേ പഠിക്കാൻ പണമില്ലാത്തതിനാൽ ആ മോഹം ഉപേക്ഷിച്ചു. പകരം സ്വന്തമായി കൃഷി ചെയ്ത് വല്ലതും സന്പാദിക്കണമെന്ന് അവൾ തീരുമാനിച്ചു. അങ്ങനെ വീടിനു പിന്നിലുള്ള കുറേ സ്ഥലത്ത് കൃഷി ചെയ്യാൻ തുടങ്ങി.

ബാല്യത്തിൽ വീട്ടിലെ സാഹചര്യങ്ങൾ അന്നയുടെ സ്വഭാവത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. വിജയിക്കണമെന്നും സാന്പത്തികമായി മുന്നിലേക്കെത്തണമെന്നുമുള്ള ദൃഢനിശ്ചയം അങ്ങനെയുണ്ടായതാണ്. "തോൽക്കാൻ എനിക്കു മനസില്ല’ എന്ന വാശിയാണ് അന്നയുടെ വിജയരഹസ്യം.

കൃഷിയിലേക്ക് തിരിയുന്നു

കൃഷിയിലും വീട്ടുകാര്യങ്ങളിലും മുഴുകി ജീവിക്കുന്നതിനിടയിൽ കാലം കടന്നുപോയത് അന്ന അറിഞ്ഞില്ല. ഇതിനിടെ അവളുടെ വിവാഹം നടത്തുന്നതിനെക്കുറിച്ച് അമ്മ ചിന്തിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ട് വൈകാതെ സമീപത്തു തന്നെയുള്ള അദ്ധ്വാനശീലമുള്ള ഡേവിഡ് ഫോസ എന്ന യുവാവിനെ അവൾ വിവാഹം കഴിച്ചു. ഭർത്താവിനോട് അവൾക്ക് ഒരേയൊരു ഡിമാൻഡേ ഉണ്ടായിരുന്നുള്ളു. വിവാഹശേഷവും കൃഷിയും കാര്യങ്ങളും കൊണ്ടു നടക്കാൻ സഹായിക്കണം.

എന്തായാലും അന്നയുടെ കൃഷിയോടുള്ള താൽപര്യം കണ്ടറിഞ്ഞ് ഭർത്താവ് അവളെ പ്രോത്സാഹിപ്പിച്ചു. വിപണിയിൽ നല്ല വിൽപന നടത്തത്തക്കവിധം കൃഷി വിപുലപ്പെടുത്താൻ അന്ന തീരുമാനിച്ചു. ഭർത്താവ് അതിനോടു യോജിച്ചു. അങ്ങനെ കുറേ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി വിപുലമാക്കാൻ അവർ തയാറായി. 2003-ൽ ഭർത്താവിനോടൊപ്പം ചേർന്ന് അവൾ കാബേജ്, ബീറ്റ് റൂട്ട്, ചീര മുതലായവ വിപുലമായ തോതിൽ കൃഷി ചെയ്യാൻ തുടങ്ങി.
മണ്ണ് നല്ല ഫലപുഷ്ടിയുള്ളതായിരുന്നതിനാൽ നല്ല വിളവു കിട്ടി. വിളവെടുത്ത് അടുത്തുള്ള ചന്തയിലും കടകളിലും നൽകാൻ തുടങ്ങി.


അതൊരു തുടക്കമായിരുന്നു. വിപുലമായി കൃഷി തുടങ്ങിയതോടെ നാട്ടിലുള്ള ധാരാളം കർഷകരുമായി ബന്ധപ്പെടാനുള്ള അവസരം അവൾക്കു കിട്ടി. ആ പരിചയവും സൗഹൃദവും ഉപകാരപ്രദമായ വിധത്തിൽ അവൾ മുതലാക്കി. അങ്ങനെയാണ് അവൾ പന്നി വളർത്തലിലേക്ക് തിരിയുന്നത്.

പന്നി വളർത്തൽ തുടങ്ങുന്നു

2004-ലാണ്. സൂർബെകോമിൽ നടന്ന ഒരു അഗ്രികൾച്ചറൽ നെറ്റ് വർക്കിംഗ് ഇവന്‍റിൽ അന്നയും ഭർത്താവും പങ്കെടുത്തു. കൃഷിക്കാരായ ധാരാളം പേരുണ്ടായിരുന്നു അവിടെ. അവിടെവച്ച് തികച്ചും യാദൃച്ഛികമായി അവൾ മൊഹ്ലാബിയെ പരിചയപ്പെട്ടു. ദീർഘകാലമായി പന്നി വളർത്തലിൽ ഏർപ്പെട്ടിരിക്കുകയാണ് മൊഹ്ലാബി. പന്നി വളർത്തലിന്‍റെ എല്ലാ കാര്യങ്ങളും അവൾ അദ്ദേഹവുമായി ചർച്ച ചെയ്തു. ശ്രദ്ധിച്ചാൽ നല്ല ലാഭമുള്ള കൃഷിയാണ് പന്നി വളർത്തൽ എന്ന് അന്ന മനസിലാക്കി. അവളുടെ താൽപര്യത്തിൽ അദ്ദേഹത്തിന് സന്തോഷം തോന്നി. താൻ സഹായിക്കാമെന്ന് മൊഹ്ലാബി സമ്മതിച്ചു. തുടക്കത്തിൽ അദ്ദേഹം നാലു പന്നികളെ അവൾക്ക് നൽകി.


സ്വപ്നസാക്ഷാത്കാരത്തിലേക്ക്

അന്ന് ഭർത്താവിന്‍റെ ഹാർഡ് വെയർ ബിസിനസിൽ സജീവമായി പങ്കെടുക്കുകയായിരുന്നു അന്ന. മൊഹ്ലാബിയിൽ നിന്നു ലഭിച്ച പന്നികളെ വളർത്താൻ ദക്ഷിണ ജൊഹന്നാസ്ബർഗിലെ ഡി ഡ്യുവറിൽ അവൾ അൽപം സ്ഥലം വാങ്ങി. 2004-ലാണത്. അന്ന് പന്നി ഫാം തുടങ്ങാൻ അവൾ മുടക്കിയത് ആകെ 100 ഡോളറാണ്. 2005-ൽ ഡ്രീംലാൻഡ് പിഗെറി ആൻഡ് ആബറ്റേരിയർ എന്ന പേരിൽ സ്വന്തം സ്ഥാപനം അന്ന തുടങ്ങി. ആബേറ്റരിയർ എന്നു പറഞ്ഞാൽ അറവുശാല എന്നർഥം. വെരീനിഗിംഗ് മീറ്റ് പാക്കേഴ്സ് എന്ന സ്ഥാപനത്തിന് കൃത്യമായി പന്നിയിറച്ചി നൽകാനുള്ള കരാറുണ്ടാക്കാൻ അന്നയ്ക്ക് കഴിഞ്ഞു. ബിസിനസ്പരമായി അതൊരു നല്ല വഴിത്തിരിവായിരുന്നു.

ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ഡിപ്പാർട്ട്മെന്‍റ് സ്റ്റോർ ശൃംഖലയാണ് പിക് എൻ പേ. അവരുമായി അവൾക്ക് കരാറിലേർപ്പെടാൻ കഴിഞ്ഞു. 2008-ൽ അവളുടെ ബിസിനസ് കുറേക്കൂടി മെച്ചപ്പെട്ടു. 10 പന്നികളെ ഒരാഴ്ചയിൽ നൽകാനുള്ള പിക് എൻ പേ ഓർഡർ നൽകി. 2010 ആയപ്പോഴേക്കും ആ കരാർ പുതുക്കിയത്, ആഴ്ചതോറും 100 വീതം പന്നികളെ സപ്ലൈ ചെയ്യാനുള്ള ഓർഡറിനാണ്.

ഇന്നിപ്പോൾ പന്നികളെ വളർത്താൻ 150 ഹെക്ടാർ സ്ഥലം സർക്കാർ അവൾക്ക് അനുവദിച്ചിട്ടുണ്ട്. 4000-ലധികം പന്നികളുണ്ട് അന്നയുടെ ഫാമിൽ. അതുപോലെ ദിവസം 100 പന്നികളെ കശാപ്പു ചെയ്യനുള്ള ആധുനിക സൗകര്യങ്ങളുമുണ്ട് ആബറ്റേരിയറിന്.

ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ സെലിബ്രിറ്റി പിഗ് ഫാർമർ എന്നാണ് അന്നയെ വാഴ്ത്തുന്നത്. നിത്യപട്ടിണിയിൽ നിന്ന് ലോകമെന്പാടും ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് അന്ന ഫോസ ഉയർന്നു.

അംഗീകാരങ്ങൾ

കൃഷിയിൽ സജീവമായിരുന്ന കാലത്ത്, 2006-ൽ, കാർഷികമേഖലയിലെ സവിശേഷമായ പ്രകടനത്തിന് അവൾക്ക് യംഗ് ഫാർമർ അവാർഡ് ലഭിച്ചു. 2008-ൽ സ്റ്റാൻഡേർഡ് ബാങ്കിന്‍റെ ടോപ് വുമൻ ഇൻ അഗ്രിക്കൾച്ചർ അവാർഡും ലഭിച്ചു.

യുവജനങ്ങളെയാണ് അന്ന ഫോസ തന്‍റെ സ്ഥാപനത്തിൽ കൂടുതലായും ജോലിക്കെടുത്തിരിക്കുന്നത്. അതുപോലെ അഗ്രികൾച്ചറിൽ ബിരുദം നേടിയ കുട്ടികളെ പരിശീലനത്തിനായും അന്ന സ്ഥാപനത്തിൽ സ്വീകരിക്കുന്നുണ്ട്. അവർക്ക് ഉചിതമായ മെന്‍റർഷിപ് നൽകി അവരെ അടുത്ത കൃഷിയിൽ കുടുതൽ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്താൻ അന്ന ശ്രദ്ധിക്കുന്നു.

തീർച്ചയായും പ്രചോദനാത്മകമാണ് അന്ന ഫോസയുടെ സംരംഭകകഥ. ആർക്കും അനുകരിക്കാവുന്ന ജീവിതം.

ഡോ. രാജൻ പെരുന്ന