മാറ്റി വരയ്ക്കാം ധനവര
മാറ്റി വരയ്ക്കാം ധനവര
ഒരു കാലത്തു സന്പാദ്യം, നിക്ഷേപം എന്നൊക്കെ കേട്ടാൽ മിക്ക സ്ത്രീകളും മുഖം തിരിക്കുകയായിരുന്നു പതിവ്. ആ തീരുമാനങ്ങൾ അച്ഛനോ ഭർത്താവിനോ സഹോദരനോ മകനോ ഒക്കെ വിട്ടുകൊടുക്കുകയായിരുന്നു പതിവ്. പക്ഷേ സ്ഥിതി മാറുകയാണ്. ശക്തമായ ധനകാര്യ തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് അവർ പതിയെ നടന്നെത്തുകയാണ്. വിദഗ്ധർ പറയുന്നതും സ്ത്രീകൾ പൊതുവേ മികച്ച ധനകാര്യ മാനേജർമാരാണെന്നാണ്. പക്ഷേ പല സാഹചര്യങ്ങളും അവരെ അത്തരത്തിൽ തീരുമാനം എടുക്കുന്നതിൽനിന്നു പിന്തിരിപ്പിച്ചു നിർത്തുകയായിരുന്നു.

എന്നാൽ ഇന്ന് പഠന സ്ഥലത്തുനിന്നുതന്നെ ജോലി ലഭിക്കുന്നതും ഇന്‍റേണ്‍ഷിപ്പ് സൗകര്യവുമെല്ലാം വരുമാനത്തിനു വഴിയൊരുക്കിയിരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ വരുമാനത്തിൽ തീരുമാനമെടുക്കുവാൻ കൂടുതൽ പേർ മുന്നോട്ടു വരുന്നുണ്ട്. ഓഫീസിൽ നിർണായക തീരുമാനമെടുക്കാമെങ്കിലാണോ സ്വന്തം വരുമാനത്തിന്‍റെ കാര്യ തീരുമാനിക്കാൻ പ്രയാസം! ഇത്തരത്തിൽ തീരുമാനമെടുക്കുന്ന സ്ത്രീകളുടെ ശതമാനം വർധിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ചെറിയ ശതമാനമേയുള്ളു. ഒരു പക്ഷേ, ഗൗരവമായി ഇതിനെ കാണത്താതുകൊണ്ടായിരിക്കാം.

പണം ഒരു ഉപാധിയാണ്

ജീവിതത്തിലെ പല ലക്ഷ്യങ്ങളും നേടുന്നതിനുള്ള ഉപാധിയാണ് പണം. ലഭ്യതയുടെ ഏറ്റക്കുറച്ചിലനുസരിച്ച് ലക്ഷ്യങ്ങൾ വ്യത്യസ്തപ്പെടുത്താം. പണം ചെലവഴിക്കാനാണ്. ലക്ഷ്യങ്ങൾക്കനുസരിച്ച് തരംതിരിച്ചു ചെലവഴിക്കുന്നതിലാണ് വിജയം കിടക്കുന്നത്.

* ചെലവുകൾ തരംതിരിക്കുക.
* മുൻഗണന അനുസരിച്ച് ചെലവുകളെ ചിട്ടപ്പെടുത്തുക
* ഏറ്റവും പ്രധാനപ്പെട്ടതിനാണ് മുൻഗണന. അടുത്തത് അത്യാവശ്യത്തിനാണ്.

ബജറ്റ് തയാറാക്കുക. വരുമാനത്തെ മൂന്നായി തിരിക്കാം.പകുതിയോളം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കാം. ഒരു 30 ശതമാനത്തോളം ലൈഫ് സ്റ്റൈൽ ആവശ്യത്തിന്. ഇരുപതു ശതമാനം നിശ്ചയമായും നിക്ഷേപം നടത്തുക. മാസാദ്യം ശന്പളം ലഭിക്കുന്പോൾതന്നെ ഈ 20 ശതമാനം നിക്ഷേപത്തിലേക്കു മാറ്റുക. അതിനായി ബാങ്ക് ഇസിഎസ് ഉപയോഗപ്പെടുത്തുക. കൂടുതൽ സന്പാദ്യം വേണമെങ്കിൽ ലൈഫ്സ്റ്റൈലിലും ദൈനംദിന ആവശ്യങ്ങളിലും മാറ്റം വരുത്തി ലാഭിക്കുകയും നിക്ഷേപം നടത്തുകയും ചെയ്യുക.
ഏതു തുക, എത്ര ചെറുതായാലും മിച്ചം പിടിച്ചാലതു അതു അത്ര ചെറുതല്ലെന്ന് ഓർമിക്കുക. നിങ്ങളുടെ സന്പാദ്യത്തിനു വളർച്ച നൽകാൻ കൂട്ടുപലിശ കൂടെയുണ്ടാകും.

* അടിയന്തരാവശ്യങ്ങളെ നേരിടാനായി ഒരു ഫണ്ടു തയാറാക്കി വയ്ക്കണം. രണ്ടോ മൂന്നോ വർഷംകൊണ്ട് , കുറഞ്ഞത് ഒരു വർഷത്തെ ആവശ്യത്തിനുള്ള പണം സ്വരൂപിക്കുക. സേവിംഗ്സ് ബാങ്കിലോ ലിക്വിഡ് ഫണ്ടുകളിലോ ഇതു നിക്ഷേപിക്കുക.

ആസൂത്രണം, സന്പാദ്യം, നിക്ഷേപം

ഭാവിക്കു വേണ്ടി ആസൂത്രണം നടത്തുക. നിക്ഷേപം വഴി നേടേണ്ട വ്യക്തമായ ധനകാര്യ ലക്ഷ്യങ്ങൾ തയാറാക്കുക. റിട്ടയർമെന്‍റ്, വിദ്യാഭ്യാസം, വിവാഹം, വിദേശത്തു വിനോദയാത്ര, വീട്, കാർ, സംരംഭം തുടങ്ങി ലക്ഷ്യങ്ങൾ എഴുതി തയാറാക്കുക. അതു നേടുന്നതിനുള്ള കാലയളവും ഏകദേശം കണക്കാക്കുക.സന്പാദ്യം ഭാവിക്കുവേണ്ടിയാണ്. അതു എത്രയും നേരത്തെ തുടങ്ങുന്നവോ അത്രയും നല്ലത്. ധനകാര്യ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പുകളിലൊന്നാണ് സന്പാദ്യം. കഴിയുന്നത്ര സന്പാദിക്കുകയെന്നു പറഞ്ഞാൽ തങ്ങളുടെ ദൈനംദിന സന്തോഷങ്ങളും ആവശ്യങ്ങളും ഉപേക്ഷിച്ചുകൊണ്ടാവണമെന്നല്ല അർത്ഥമാക്കുന്നത്. അത്യാവശ്യമില്ലാത്ത ചെലവുകൾ ഉപേക്ഷിക്കാം. അല്ലെങ്കിൽ നീട്ടി വയ്ക്കാം.


അടുത്തതാണ് നിക്ഷേപതന്ത്രം. ധനകാര്യ ലക്ഷ്യങ്ങൾക്കടിസ്ഥാനമാക്കി തങ്ങളുടെ സന്പാദ്യം നിക്ഷേപിക്കുകയാണ് ഇവിടെ ചെയ്യുന്നത്. റിസ്ക് എടുക്കാനുള്ള ശേഷി, റിട്ടേണ്‍ പ്രതീക്ഷ, നിക്ഷേപ കാലാവധി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നിക്ഷേപത്തിനുള്ള ആസ്തി തെരഞ്ഞെടുക്കുന്നു. ബാങ്ക് ഡിപ്പോസിറ്റ്, കടപ്പത്രങ്ങൾ, ഓഹരി, മ്യൂച്വൽ ഫണ്ട്, സ്വർണം, ഭൂമി, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾ, വീട്,കാലാരൂപങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ആസ്തികൾ നിക്ഷേപത്തിനു ലഭ്യമാണ്.

ഉദാരണത്തിന്, റിട്ടയർമെന്‍റ്. ഇതിനായി ദീർഘകാല നിക്ഷേപങ്ങളിൽ ( പിപിഎഫ്, എൻപിഎസ്, ഇൻഷുറൻസ്, ബാലൻസ്ഡ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ) നിക്ഷേപം നടത്തുക.
പിപിഎഫിന് റിസ്ക് കുറവ്. റിട്ടേണ്‍ ഇടത്തരമാണ്. ഓഹരി ഫണ്ടുകൾ കൂടുതലാണ്. പക്ഷേ ദീർഘകാലത്തിൽ റിട്ടേണ്‍ വളരെ ഉയർന്നതാണ്. ഓഹരി ഫണ്ടുകളിൽതന്നെ വൈവിധ്യമാർന്ന ഫണ്ടുകൾ ലഭ്യമാണ്. കാലയളവ് അനുസരിച്ച് നിക്ഷേപം ലൈഫ്, ഹെൽത്ത് ഇൻഷ്വറൻസ് അപ്രതീക്ഷിത സംഭവങ്ങൾക്കെതിരേ ഇൻഷ്വറൻസ് പോളിസികൾ ( ലൈഫും ആരോഗ്യവും) എടുക്കുക. വരുമാനമുള്ള സ്ത്രീകൾ ലൈഫ് ഇൻഷുറൻസ് എടുത്തിരിക്കണം. തങ്ങളുടെ അഭാവത്തിൽ ഇപ്പോൾ ലഭിക്കുന്ന വരുമാനം ലഭ്യമാക്കുന്ന കവേറേജ് ഉണ്ടായിരിക്കണം. ടേം ഇൻഷ്വറൻസ് വഴി ചെറിയ തുകയിൽ ഈ കവറേജ് നേടുവാൻ സാധിക്കും.

ഫോർമൽ ജോലിയില്ലാത്ത വീട്ടമ്മയാണെങ്കിലും ലൈഫ് കവറേജ് ഉണ്ടായിരിക്കണം. വീട്ടിലെ ജോലിയുടെ മൂല്യം ശന്പളം പോലെതന്നെ വിലയുള്ളതാണ്. ഒരു പക്ഷേ അതിനേക്കാളേറെ. അതിനു കവറേജ് നൽകുക. പ്രീമിയം ഭർത്താവ് നൽകട്ടെ. ഇത്തരത്തിൽ നൽകുന്ന പ്രീമിയത്തിന് നികുതിയിളവു കിട്ടുകയും ചെയ്യും.

വരുമാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും മികച്ച ആരോഗ്യ ഇൻഷ്വറൻസിൽ നിക്ഷേപം നടത്തിയിരിക്കണം. ആരോഗ്യ സംരക്ഷണത്തിന് ഇത് ഏറ്റവും ആവശ്യമാണ്. ഫാമിലി ഫ്ളോട്ടറോ വ്യക്തിഗത ആരോഗ്യപോളിസിയോ ആകാമിത്.

കടം ഇല്ലാതാക്കാം

കടം വാങ്ങുന്നത് ചെലവേറിയ ഏർപ്പാടാണ്. ഭാവി വരുമാനം ഈടുവച്ചാണ് കടമെടുക്കുന്നത്. കടം കൂടുന്നത് അനുസരിച്ച് ഭാവിയിൽ വരുമാന ഞെരുക്കമുണ്ടാകാനുള്ള സാധ്യതയുംവർധിക്കുന്നു.

സന്പാദ്യവും നിക്ഷേപവും ആരംഭിക്കുംമുന്പേ കടങ്ങൾ ഒഴിവാക്കാം. പ്രത്യേകിച്ചും ചീത്തകടങ്ങൾ. ചീത്തക്കടമെന്നാൽ തേയ്മാനമുണ്ടാകുന്ന ആസ്തികൾക്കായി എടുക്കുന്ന വായ്പ. ഉദാഹരണത്തിന് കാർ, വീട്ടു പകരണങ്ങൾ, കംപ്യൂട്ടർ മൊബൈൽ തുടങ്ങിയ മൂല്യം കുറയുന്ന വസ്തുക്കൾ നേടാനായി എടുക്കുന്നവ. തിരിച്ചടവു താമസിച്ചാൽ അല്ലെങ്കിൽ ഗഡു മുടക്കിയാൽ അതു കടക്കെണിയിലേക്കു പതിയെ എത്തിക്കും.

നല്ല കടവുമുണ്ട്. മൂലധന വളർച്ചയുള്ള ആസ്തികൾ വാങ്ങാൻ ( ഉദാഹരണത്തിന് വീടും സ്ഥലവും) കടമെടുക്കുന്നതിനെ നല്ല കടമെന്നു പറയുന്നു. ഇതും കഴിയുമെങ്കിൽ വീട്ടിയതിനുശേഷം സന്പാദ്യവും നിക്ഷേപവും നടത്തുന്നതാണ് ഉചിതമായിട്ടുള്ളത്.
കടമെടുത്തു ചെലവു ചെയ്യുന്നതിനു മുന്പ് നന്നായി ആലോചിക്കുക.
വിവേകത്തോടെ സന്പാദിക്കാം, നിക്ഷേപിക്കാം, കടം വാങ്ങാം, ചെലവു ചെയ്യാം. സന്പന്നയാകാം. സന്പത്ത് നാവിനു ശബ്ദം നൽകുന്നുവെന്ന കാര്യം മറക്കാതിരിക്കുക!