ബോള്‍ഡ് & ബ്യൂട്ടിഫുള്‍
നായിക എന്ന സേഫ് സോണില്‍ മാത്രം നില്‍ക്കാതെ കഥാപാത്രങ്ങളുടെ വൈവിധ്യത്താല്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് അനുശ്രീ. കോമഡി സീരിയസ് കഥാപാത്രങ്ങള്‍ ഒരുപോലെ വഴങ്ങുന്ന അനുശ്രീ കരിയറിന്റെ മികച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ സൂപ്പര്‍താരചിത്രങ്ങളിലും ലോ ബജറ്റ് ചിത്രങ്ങളിലും ഒരുപോലെ സജീവമാണ് ഈ കലാകാരി. പത്തനാപുരത്തെ ഒരു ഗ്രാമത്തില്‍ നിന്ന് ഇന്നു മലയാളത്തിന്റെ മുന്‍നിര നായികയായി വളര്‍ന്നു വന്ന അനുശ്രീ തന്റെ നിലപാടുകള്‍ തുറന്നു പറയുന്നു...

? നായിക എന്ന സേഫ് സോണില്‍ നിന്നും മാറിയുള്ള സഞ്ചാരമാണ് പലപ്പോഴും. തെരഞ്ഞെടുപ്പിലെ വൈവിധ്യം എങ്ങനെയാണ്
എപ്പോഴും നായികയാകണം എന്നു വാശിപിടിക്കുന്ന ആളല്ല ഞാന്‍. നിരവധി കഥാപാത്രങ്ങള്‍ എത്തുന്നതില്‍ നിന്നു പെര്‍ഫോം ചെയ്യാനുണ്ടെന്നു തോന്നുന്നതാണ് തെരഞ്ഞെടുക്കുന്നത്. സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ മറന്നുപോകുന്ന ഒരു കഥാപാത്രം ആയിപ്പോകരുതെന്നു ശ്രദ്ധിക്കാറുണ്ട്. എന്നെ തേടിവരുന്ന കഥാപാത്രത്തിനു കുറച്ചു പ്രത്യേകത തോന്നിയാല്‍ അതു ചെയ്യാന്‍ ശ്രമിക്കും. വൈവിധ്യമുള്ളതും എന്നാല്‍ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതുമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള ശ്രമമാണ് എപ്പോഴും. മുഴുനീള വേഷമായും അതിഥി വേഷമായും നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായുമൊക്കെ അങ്ങനെയാണ് എത്തുന്നത്.

പുതിയ ചിത്രം ഉള്‍ായുടെ വിശേഷങ്ങള്‍
പുരുഷന്മാരേക്കാള്‍ സ്ത്രീകളുടെ കഥ പറയുന്നൊരു ചിത്രമാണ് ഉള്‍ട്ടാ. പൊന്നാപുരം ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റ് പൗര്‍ണമിയാണ് എന്റെ കഥാപാത്രം. എല്ലാ കാര്യത്തിലും സ്ത്രീകള്‍ മുന്നില്‍ നില്‍ക്കുന്ന ഗ്രാമമാണ് ഇവിടെ. സ്ത്രീകള്‍ നിയമങ്ങള്‍ നടത്തുന്ന, അവര്‍ തീരുമാനമെടുക്കുന്ന പ്രദേശമാണ് കഥയില്‍ എത്തുന്നത്. എനിക്കൊപ്പം കെപിഎസി ലളിതച്ചേച്ചി, സുരഭി, പ്രയാഗ മാര്‍ട്ടിന്‍, മറിമായം മഞ്ജു, സേതുലക്ഷ്മി തുടങ്ങിയ ഒരുപാട് ഫീമെയില്‍ ആര്‍ട്ടിസ്റ്റുകളുണ്ട്. എന്നാല്‍ പുരുഷ കഥാപാത്രങ്ങളും കുറവല്ല, ഗോകുല്‍ സുരേഷ് ഗോപി, രമേഷ് പിഷാരടി, നിര്‍മല്‍ പാലാഴി തുടങ്ങിയ നിരവധിപേരുണ്ട്.

? പുതിയ താരങ്ങളും ഒപ്പം ചിത്രത്തിലെത്തുന്നുണ്ടല്ലോ
ഗോകുല്‍ സുരേഷിനൊപ്പം ആദ്യമായിട്ടാണ് ഒരു സിനിമ ചെയ്യുന്നത്. ഒരുപാട് നല്ല ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സുരേഷ് ഗോപി ചേട്ടന്റെ അടുത്ത തലമുറയിലെ ആളിനൊപ്പം വര്‍ക്കു ചെയ്യാന്‍ പറ്റിയതില്‍ വലിയ സന്തോഷമുണ്ട്. പണ്ടുമുതല്‍ വലിയ ആരാധനയോടെയാണ് സുരേഷ്‌ഗോപിച്ചേട്ടനെ കാണുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും മകനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. പ്രയാഗ മാര്‍ട്ടിനൊപ്പവും ആദ്യമായിാണ് അഭിനയിക്കുന്നത്.

? ചാനല്‍ ഷോയില്‍ തുടക്കം കുറിച്ച് ഇന്നു മലയാളത്തില്‍ മുന്‍ നിരനായികയായി നില്‍ക്കുമ്പോള്‍ എന്ത് തോന്നുന്നു
ഒത്തിരി സന്തോഷമാണ് മനസില്‍. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോ മുഖേനയാണ് ഞാന്‍ ഇവിടെയെത്തുന്നത്. ആ ഷോയില്‍ എത്താനും വിജയിക്കാനും സാധിച്ചതാണ് ജീവിതത്തെ മാറ്റിമറിച്ചത്. ഇന്നു സിനിമയിലേക്ക് എത്താന്‍ ചാനലുകളില്‍ വിവിധ പ്രോഗ്രാമുകളുണ്ട്. ഇത്തരം ഷോകളെക്കുറിച്ച് വിമര്‍ശനങ്ങള്‍ വരുമ്പോഴും എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ആ പാതയിലൂടെ വന്നയാളാണ്. അതുകൊണ്ടു തന്നെ വിമര്‍ശനത്തെക്കാള്‍ അതിന്റെ നല്ലവശം കാണാനാണ് എനിക്കിഷ്ടം.

? അതുകൊണ്ടാണോ ചാനല്‍ പ്രോഗ്രാമുകളില്‍ സജീവമായി കാണുന്നത്
എനിക്കു സമയം കിട്ടുമ്പോള്‍ ചാനല്‍ പ്രോഗ്രാമുകളില്‍ അതിഥിയായും ജഡ്ജായുമൊക്കെ പോകുന്നുണ്ട്. ഞാന്‍ അതില്‍കൂടി വന്നതിനാല്‍ പുതിയ ആള്‍ക്കാര്‍ക്ക് എന്തെങ്കിലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയുമെന്നു കരുതിയാണ് പോകുന്നത്. ഒരു സെലിബ്രിറ്റി എന്നല്ലാതെ എനിക്കറിയാത്ത ഒരു ആര്‍ട്ടിനെപ്പറ്റി പറയാന്‍ ജഡ്ജായി ഞാന്‍ പോകാറില്ല.

? സിനിമയ്ക്കകത്തും പുറത്തും
പല ചര്‍ച്ചകള്‍ ഉയരുന്ന കാലമാണിത്. നിലപാടുകളില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നത് എങ്ങനെ ഒരിക്കലും ആരെയും വിമര്‍ശിച്ചു ഞാന്‍ പറഞ്ഞിട്ടില്ല. ഒരു കാര്യത്തെക്കുറിച്ച് എന്റെ അഭിപ്രായം മാത്രമാണ് പറയാറുള്ളത്. അതു മറ്റൊരാള്‍ പറഞ്ഞതുകൊണ്ടല്ല, എനിക്ക് ഈ വിഷയത്തെക്കുറിച്ച് ഇതാണ് തോന്നിയിട്ടുള്ളത് എന്ന രീതിയിലാണ്. പക്ഷേ, അതിനു ഞാന്‍ കാണാത്ത അര്‍ഥങ്ങളൊക്കെ മറ്റുള്ളവര്‍ നല്‍കുന്നതും കാണേണ്ടിവന്നു. അതു പലപ്പോഴും സങ്കടമുണ്ടാക്കും. എന്തിനും അഭിപ്രായം പറയാന്‍ നില്‍ക്കാറില്ല. എങ്കിലും ചില കാര്യങ്ങള്‍ക്ക് എല്ലാ വശങ്ങളും നോക്കി അഭിപ്രായം പറയാന്‍ ശ്രമിക്കുന്നുണ്ട്. പറയുന്ന കാര്യത്തിലെ ഒന്നു രണ്ടു കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യുമ്പോള്‍ അതിനു മുമ്പും ശേഷവും പറഞ്ഞ കാര്യങ്ങള്‍ പ്രേക്ഷകര്‍ അറിയാതെ പോകുന്നുണ്ട്. എന്നാലും എനിക്കുണ്ടാകുന്ന ഫീല്‍ തുറന്നുപറയാന്‍ ശ്രമിക്കാറുണ്ട്.


? മീ ടു കാമ്പയിന്റെ കാലഘമാണല്ലോ ഇപ്പോള്‍. ഈ മുന്നേറ്റത്തോടുള്ള സമീപനം
എല്ലാ കാര്യത്തിനും നെഗറ്റീവും പോസിറ്റീവും ഉള്ളപോലെ എന്തു പുതിയ കാര്യം വന്നാലും അതിന് ഇരുവശങ്ങളുമുണ്ട്. അതങ്ങനെ മുന്നോട്ടു പോകും. പിന്നെ എന്തു മാറ്റമുണ്ടായാലും അതിനെ പോസിറ്റീവായി കണ്ട് മുന്നോുപോകണം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

? വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയില്‍ മമ്മൂട്ടിക്കൊപ്പമുള്ള കോമ്പിനേഷന്‍ എങ്ങനെ ഓര്‍ക്കുന്നു
സംവിധായകന്‍ വൈശാഖിന്റെ പുലിമുരുകനില്‍ മുമ്പ് ലാലേട്ടനൊപ്പം എന്നെ കാസ്റ്റ് ചെയ്തതാണ്. പക്ഷേ, ഒരു സര്‍ജറിയൊക്കെ കഴിഞ്ഞ് എന്റെ ഹെല്‍ത്ത് ഓക്കെ അല്ലാതിരിക്കുന്ന സമയമായിരുന്നു അപ്പോള്‍. ഒരു ഫൈറ്റ് സീക്വന്‍സ് വേണമെന്നു പറഞ്ഞപ്പോള്‍ അതു ചെയ്യാന്‍ പറ്റാത്ത സാഹചര്യം. പക്ഷേ, തിയറ്ററില്‍ വന്നപ്പോള്‍ ആ ഫൈറ്റ് സിനിമയില്‍ ഉണ്ടായിരുന്നില്ല. അതു കണ്ടപ്പോള്‍ വലിയ വിഷമം തോന്നിയിരുന്നു. കാരണം സംവിധായകന്‍ വൈശാഖേന്റെ മേക്കിംഗ് എന്നു പറയുമ്പോള്‍ അതു വ്യത്യസ്തമാണ്. ആ സങ്കടം മാറുന്നത് മധുരരാജയില്‍ വൈശാഖേട്ടന്റെ സംവിധാനത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചപ്പോഴാണ്. മധുരരാജയുടെ ലൊക്കേഷനിലാണ് ഞാനും മമ്മൂക്കയും ആദ്യമായി സംസാരിക്കുന്നത്. അതിനു മുമ്പ് മമ്മൂക്ക വളരെ ചൂടനെന്നൊക്കെയാണ് പലരും പറഞ്ഞ് കേിട്ടുള്ളത്. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇത്രയും തമാശ പറയുകയും നമുക്ക് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്ന ആളിനെക്കുറിച്ചാണല്ലോ മറ്റുള്ളവര്‍ ഇങ്ങനെ പറയുന്നതെന്ന് കരുതിപ്പോയി.

? അന്യ ഭാഷകളില്‍ സിനിമ ചെയ്തു തുടങ്ങേണ്ട സമയമായോ
കുറേനാള്‍ മുമ്പൊക്കെ അന്യഭാഷകളില്‍ നിന്നും അവസരം വന്നിരുന്നു. പക്ഷേ, അപ്പോഴൊക്കെ ഒന്നും നോക്കാതെ നോ പറഞ്ഞിേട്ടയുള്ളു. ഇനി മറ്റു ഭാഷകളിലെ സിനിമകളും ചെയ്യാം എന്നൊരു ധൈര്യമുണ്ട്. നല്ലൊരു ടീം വരികയാണെങ്കില്‍ ഇനി ചെയ്യണം. മലയാളത്തില്‍ ലാല്‍ജോസ് സാറിന്റെ ഡയമണ്ട് നെക്‌ലേസിലൂടെ മികച്ച തുടക്കമാണ് എനിക്കു കിട്ടിയത്. അതായിരുന്നു എന്റെ ഭാഗ്യവും. മറ്റെവിടെ പോയാലും അത്തരമൊരു മികച്ച തുടക്കമാകണം എന്നാണ് ആഗ്രഹിക്കുന്നത്.

? കോമഡി ട്രാക്കിലുള്ള കഥാപാത്രങ്ങളിലും തിളങ്ങാനാവുന്നത്
അതില്‍ വലിയ സന്തോഷമാണുള്ളത്. കോമഡി വര്‍ക്കൗട്ട് ചെയ്യാന്‍ വലിയ പാടാണെന്നു പലരും പറയാറുണ്ട്. അപ്പോള്‍ ഒരു കോമഡി കഥാപാത്രമോ, അത്തരത്തിലുള്ള ഒരു നാടന്‍ കഥാപാത്രമോ വരുമ്പോള്‍ എന്നെ പരിഗണിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.

പുതിയ ചിത്രങ്ങള്‍
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്ന പ്രതി പൂവന്‍ കോഴിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം. ചന്ദ്രേട്ടാ എവിടെയാ എന്ന ചിത്രത്തിനു ശേഷം ദിലീപേനൊപ്പം വീണ്ടും അഭിനയിക്കുന്ന മൈ സാന്റയാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഫണ്‍ മൂഡിലുള്ള ചിത്രമാണ് അത്.

ലിജിന്‍ കെ ഈപ്പന്‍