ഞാന്‍ അപര്‍ണ ദാസ്....
Saturday, December 14, 2019 3:18 PM IST
'മലയാളത്തിന്റെ പുതിയ നായികമാര്‍ക്കിടയിലെ ശ്രദ്ധേയ മുഖമാണ് അപര്‍ണ ദാസിന്റേത്. സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ഞാന്‍ പ്രകാശനിലൂടെയാണ് അപര്‍ണയുടെ വെള്ളി ത്തിരയിലേക്കുള്ള കടന്നു വരവ്. പിന്നീട് ഈ കലാകാരിയെ പ്രേക്ഷകര്‍ കണ്ടത് വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരത്തിലാണ്. നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയുടെ മനോഹാരിതയുമായി പ്രേക്ഷക ഇഷ്ടം നേടാന്‍ ഈ നെന്മാറക്കാരിക്കു സാധിച്ചിട്ടുണ്ട്. സിനിമയില്‍ സ്വപ്‌ന തുല്യമായ തുടക്കം ലഭിച്ച അപര്‍ണയുടെ മനോഹര വിശേഷങ്ങളിലൂടെ...
സിനിമയിലേക്കുള്ള കടന്നുവരവ്
മുമ്പ് ടിക്‌ടോക് വീഡിയോകള്‍ ഞാന്‍ ചെയ്യുമായിരുന്നു. പല പേജുകള്‍ വഴി ഷെയര്‍ ചെയ്തപ്പോള്‍ അതു കണ്ടിട്ടാണ് സത്യന്‍ അന്തിക്കാട് സാറിന്റെ മകന്‍ അഖില്‍ എന്നോട് സിനിമാഭിനയത്തെക്കുറിച്ച് തിരക്കിയത്. തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ ഒരു ഓഡീഷന്‍ വീഡിയോ അയച്ചുകൊടുത്തു. അങ്ങനെയാണ് സത്യന്‍ സാറിന്റെ ഞാന്‍ പ്രകാശനിലേക്ക് എത്തുന്നത്. മനോഹരത്തിലെ നായിക വേഷത്തിലേക്കും സത്യന്‍ സാറിന്റെ മകനാണ് റെഫര്‍ ചെയ്തത്. വളരെ ആകസ്മികമായിരുന്നു സിനിമയിലേക്കുള്ള കടന്നു വരവ് തന്നെ.
മനോഹരത്തിലെ നായിക
രണ്ടാമത്തെ ചിത്രത്തില്‍ നായികയായി പ്രമോഷന്‍ കിട്ടുമെന്നു ഞാന്‍പോലും കരുതിയതല്ല. മനോഹരത്തില്‍ ആദ്യം എന്നെ കാസ്റ്റ് ചെയ്യുന്നത് ഒരു ക്യാരക്ടര്‍ റോളിലേക്കായിരുന്നു. പിന്നീട് ഓഡീഷന്‍ കഴിഞ്ഞപ്പോഴാണ് മറ്റൊരു നല്ല റോളുണ്ടെന്നു പറയുന്നത്. ഓഡീഷനൊക്കെ കഴിഞ്ഞപ്പോള്‍ 'അപര്‍ണയ്ക്കു നമ്മള്‍ കരുതിയ വേഷം ഈ ചിത്രത്തിലില്ല, പിന്നെയുള്ളത് ചിത്രത്തില്‍ നായികാ വേഷമാണ്. അതു ചെയ്യാമല്ലോ?' എന്നു സംവിധായകന്‍ അന്‍വര്‍ സാദിഖ് ചോദിച്ചു. നായികാ കഥാപാത്രമാണെന്നുകേട്ടപ്പോള്‍ ആദ്യം എനിക്കു വിശ്വസിക്കാന്‍ പറ്റിയില്ല.
മനോഹരന്റെ ശ്രീജ
മനോഹരത്തില്‍ ഒരു നാട്ടിന്‍പുറത്തുകാരി പാവം കുട്ടിയായ ശ്രീജ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അവിടെ വലിയ പിന്തുണയായത് മനോഹരനായി എത്തിയ വിനീതേട്ടനാണ്. വിനീതേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. നമ്മളെ കംഫര്‍ട്ടബിളാക്കുന്ന ആളാണ് വിനീതേട്ടന്‍. ഒരു പാവം മനുഷ്യനായതുകൊണ്ട് എല്ലാത്തിനു നമുക്ക് സപ്പോര്‍ട്ട് തരും. അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ ദൂരെ മോണിറ്ററിനു മുന്നിലായിരിക്കും. അപ്പോള്‍ എനിക്കെന്തെങ്കിലും സംശയം വന്നാല്‍ ഞാന്‍ പെട്ടന്നു ചോദിക്കുന്നത് വിനീതേട്ടനോടാണ്.
അഭിനയ പരിചയം
തീവണ്ടിയിലെ 'ജീവാംശമായി താനെ' എന്ന പാട്ടിന്റെ കവര്‍ യൂടൂബില്‍ ചെയ്തതാണ് മുമ്പ് അഭിനയിച്ചുള്ള എക്‌സ്പീരിയന്‍സ്. ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്നൊരുക്കിയതായിരുന്നു അത്. യൂടൂബില്‍ രണ്ടു ദശലക്ഷത്തിലധികം വ്യൂവേഴ്‌സ് നേടി. ആ വീഡിയോ ചെയ്യുന്ന സമയത്താണ് ഞാന്‍ പ്രകാശനിലേക്കു വിളിക്കുന്നത്. ഞാന്‍ പ്രകാശന്‍ ഉറപ്പായതിനു ശേഷമാണ് ആ വീഡിയോ റിലീസാകുന്നതും. അതിനു മുമ്പ് ടിക്‌ടോക് വീഡിയോസ് കുറച്ച് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഡാന്‍സ് കളിച്ചതൊക്കെയാണ് ആകെയുള്ള പരിചയം.

ആദ്യ സിനിമ
സത്യന്‍ അന്തിക്കാട് സാറിന്റെ പടമാണ്, ഫഹദ് ഫാസിലാണ് നായകന്‍ തുടങ്ങിയ ഏറെ ടെന്‍ഷനോടെയാണ് ഞാന്‍ പ്രകാശനിലേക്ക് എത്തുന്നത്. പക്ഷേ, അവിടെച്ചെന്നു കഴിഞ്ഞപ്പോള്‍ വളരെ കൂളായി. ടെന്‍ഷനൊക്കെ മാറ്റി ആ സിനിമ സെറ്റ് നുടെ വീട് പോലെ ആക്കി മാറ്റി സത്യന്‍ സാറ്. രണ്ടു മൂന്നു ദിവസം മുമ്പ് തന്നെ എന്നെ സെറ്റില്‍ കൊണ്ടു പോയി എല്ലാവരുമായി നന്നായി പരിചയപ്പെടുത്തി കംഫര്‍ട്ടബിളാക്കിയിട്ടാണ് എന്റെ പോര്‍ഷന്‍ ഷൂട്ട് ചെയ്യുന്നത്. അതുകൊണ്ടു തന്നെ കോണ്‍ഫിഡന്‍സോടെ ചെയ്യാന്‍ സാധിച്ചു.
ഫഹദ് ഫാസിലിനൊപ്പം
ആദ്യ ചിത്രം, വലിയൊരു നടനൊപ്പം അഭിനയിക്കുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ, ഫഹദുമായി കണ്ടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അതൊക്കെ മാറി. പിന്നീട് എന്നെ കളിയാക്കാനൊക്കെ അദ്ദേഹവും ഉണ്ടായിരുന്നു. ചിത്രത്തില്‍ എനിക്കു ഫഹദിനൊപ്പം കുറച്ചു സീനുകള്‍ മാത്രമാണുള്ളത്. അതുകൊണ്ടു തന്നെ ഒരുപാട് സംസാരിക്കാനുള്ള അവസരം ഇല്ലായിരുന്നു. എങ്കിലും പരിചയപ്പെടാനും സൗഹൃദം ഉണ്ടാക്കാനും സാധിച്ചു.
കുടുംബം
അമ്മയും അച്ഛനും അനിയനും ചേരുന്നതാണ് എന്റെ കുടുംബം. നെന്മാറയാണ് ഞങ്ങളുടെ സ്വദേശം. എങ്കിലും ഞങ്ങള്‍ എല്ലാവരും മസ്‌കറ്റിലാണ്. അവിടെ ഒരു പ്രൈവറ്റ് കമ്പനിയില്‍ അക്കൗണ്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്കു ചെയ്യുകയാണ് ഞാന്‍. ഒപ്പം എംബിഎ പഠിക്കുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്നും ബിബിഎ പഠനം കഴിഞ്ഞപ്പോള്‍ മസ്‌കറ്റില്‍ പോയി. ഉടന്‍ തന്നെ ജോലിക്കും കയറി. ഇപ്പോള്‍ രണ്ടു മാസത്തെ ലീവെടുത്താണ് സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നത്.
ലിജിന്‍ കെ. ഈപ്പന്‍