ആപ്പുകള്‍ പറയും ബ്യൂട്ടി ടിപ്‌സ്
ആപ്പുകള്‍ പറയും ബ്യൂട്ടി ടിപ്‌സ്
സൗന്ദര്യം വര്‍ധിപ്പിക്കാനുളള നുറുങ്ങുവിദ്യകള്‍ തേടി ഇന്റര്‍നെറ്റില്‍ പരതിനടക്കുന്നവര്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയയിലും മറ്റും കാണുന്ന ടിപ്‌സ് പരീക്ഷിച്ചു പണികിട്ടിയവരും ഏറെയുണ്ട്. ബ്യൂട്ടി ടിപ്‌സ് പങ്കുവയ്ക്കുന്ന ചില ആപ്പുകള്‍ പരിചയപ്പെടാം.

യൂടൂബ്

സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള നിരവധി ടിപ്പുകള്‍ യൂട്യൂബില്‍ ലഭ്യമാണ്. ആവശ്യമുള്ള എല്ലാ ബ്യൂട്ടി ട്യൂട്ടോറിയലുകളും കണ്ടെത്താനുള്ള മികച്ച സ്ഥലമാണിത്. സ്വദേശത്തും വിദേശത്തുമായി പല സൗന്ദര്യവര്‍ധകവസ്തുക്കളും പരിചയപ്പെടുത്തുന്നവര്‍ ഏറെയാണ്. നാടന്‍ രീതികളും പല ക്രീമുകളും ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നും ഇവര്‍ പരിചയപ്പെടുത്തിത്തരും. നിമിഷനേരംകൊണ്ട് സിനിമാതാരത്തിന്റെ മുഖസാദൃശ്യമുണ്ടാക്കാനുള്ള വിദ്യകള്‍വരെ പല വ്‌ളോഗര്‍മാരും യൂടൂബില്‍ അവതരിപ്പിക്കാറുണ്ട്.

മേക്കപ്പ് ജീനിയസ്

ഒരു സൗന്ദര്യ അപ്ലിക്കേഷനില്‍ നിന്ന് പ്രതീക്ഷിക്കുന്നതെല്ലാം നല്‍കാന്‍ കഴിവുള്ള ആപ്പാണ് മേക്കപ്പ് ജീനിയസ്. യുഎസ് കമ്പനിയാണ് ആപ് നിര്‍മിച്ചിരിക്കുന്നത്. ഒരു മേക്കപ്പ് മിററായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. പുതിയ ഷേഡുകളും സ്റ്റൈലുകളും പരീക്ഷിക്കാന്‍ മേക്കപ്പ് ജീനിയസ് സഹായിക്കുന്നു.

മേക്കപ്പ്

സൗന്ദര്യവര്‍ധക സിമുലേഷന്‍, ഹെയര്‍ സ്റ്റൈല്‍ ട്രൈഓണ്‍, ഷേഡ് മാച്ചിംഗ്, വിവിധ മേക്ക് ഓവര്‍ ഇഫക്റ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേക്കപ്പ് സിമുലേഷന്‍ ആപ്ലിക്കേഷനാണ് മേക്കപ്പ്. മോഡിഫേസ് കമ്പനിയാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോയായിും വീഡിയോയായിട്ടും നിരവധി ട്യൂട്ടോറിയലുകള്‍ മേക്കപ്പില്‍ ഉള്‍പ്പെടുത്തിയിുണ്ട്.


ബ്യൂട്ടിലിഷ്

ഏറ്റവും പുതിയ സൗന്ദര്യ രൂപങ്ങളും ട്രെന്‍ഡുകളും കണ്ടെത്തുക, അവശ്യ മേക്കപ്പ് ടിപ്പുകള്‍ മനസിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ആപ്പാണ് ബ്യൂട്ടിലിഷ്. ഇത് വെറുമൊരു ആപ്പല്ല. ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പുകൂടിയാണ്. പുതിയ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ബ്യൂട്ടിലിഷിലുണ്ട്.

സെലിബ്രിറ്റി മേക്കപ്പ് ലുക്ക്‌സ്

മികച്ച മേക്കപ്പ് ട്യൂട്ടോറിയല്‍ ആപ്പാണ് സെലിബ്രിറ്റി മേക്കപ്പ് ലുക്ക്‌സ്. ഒരു സിനിമാതാരത്തെപ്പോലെ ആകാന്‍ നിങ്ങളെ സഹായിക്കുന്ന നിര്‍ദേശങ്ങള്‍ ആപ്പില്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്. യുവതീ യുവാക്കളെ ലക്ഷ്യമിട്ടാണ് ആപ് പുറത്തിറക്കിയിരി ക്കുന്നത്.

ബ്യൂട്ടി ല്യൂസിയസ്

മുടിയും മേക്കപ്പും മുതല്‍ റൂം ടൂറുകളും മേക്കപ്പ് ശേഖരണങ്ങളും വരെയുള്ള വീഡിയോകളും ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആപ്പാണ് ബ്യൂട്ടി ല്യൂസിയസ്. ഹെയര്‍, മേക്കപ്പ്, ബ്യൂട്ടി, ഫാഷന്‍ എന്നിവയുടെ ആപ്ലിക്കേഷനാണിത്.

How to Do Your Own Makeup

ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ള അപ്ലിക്കേഷനാണ് ഹൗ ടു ഡു യുവര്‍ ഓണ്‍ മേക്കപ്പ്. മേക്കപ്പിനെക്കുറിച്ചു നിങ്ങള്‍ അറിയാന്‍ ആഗ്രഹിച്ചതെല്ലാം ഒരിടത്ത് എന്നു വേണമെങ്കില്‍ ഈ ആപ്പിനെക്കുറിച്ചു വിശേഷിപ്പിക്കാം. നിങ്ങളുടെ മുഖത്തിന്റെ ആകൃതി അനുസരിച്ച് മേക്കപ്പ് എങ്ങനെ ഉപയോഗിക്കാമെന്ന് ആപ്പ് പഠിപ്പിച്ചു തരും.

സോനു തോമസ്