ദന്തശുചീകരണം
Friday, May 22, 2020 2:47 PM IST
പല്ലു ക്ലീൻ ചെയ്യണം എന്നു ചിന്തിക്കുന്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് ഒരു ദന്തചികിൽസകനെയും ദന്ത ആശുപത്രിയുമാണ്. എന്നാൽ പല്ല് ക്ലീനിംഗിന്റെ അവസാന ഭാഗം മാത്രമായിരിക്കണം ദന്താശുപത്രിയിൽ ചെയ്യേണ്ടത്.
ആദ്യഭാഗം ദന്തശുചീകരണം സ്വന്തമായി ദിനവും ചെയ്യേണ്ടതാണ്.
1. ഹോം ഡെന്റൽ ക്ലീനിംഗ്
2. പ്രഫഷണൽ ഡെന്റൽ ക്ലീനിംഗ്
ഹോം ഡെന്റൽ ക്ലീനിംഗ്
ഹോം ഡെന്റൽ ക്ലീനിംഗ് ബ്രഷിംഗിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല. വിവിധ തരത്തിലുള്ള ബ്രഷുകൾ ഇന്ന് നമ്മുക്ക് ലഭ്യമാണ്. സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന ബ്രഷുകൾ മാത്രമല്ല, ദന്തചികിൽസകൻ നിർദ്ദേശിക്കുന്ന ബ്രഷുകൾ, ഉദാ: ഇന്റർഡെന്റൽ ബ്രഷ്, ഇന്റർ പ്രോക്സിമൽ ബ്രഷ്, ഡെന്റൽ ഫ്ളോസ്. ഇത്തരത്തിലുള്ള ബ്രഷുകൾ ആവശ്യമെങ്കിൽ ആവശ്യാനുസരണം നിർദേശിക്കുവാൻ ദന്തചികിൽസകനു സാധിക്കും. ആദ്യം സ്വന്തമായി അവലോകനം ചെയ്യേണ്ടത് ശരിയായ രീതിയിലാണോ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് എന്നാണ്. ഇതിന് ഒരു ഡോക്ടറുടെ സഹായം ആവശ്യമാണ്.
1.ഏതു രീതിയിലാണ് പല്ലു തേയ്ക്കേണ്ടത് എന്ന് മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചിട്ടുണ്ടോ? 2.പഠിപ്പിച്ചിട്ടുണ്ടെങ്കിൽ ആ രീതിയിലാണോ നമ്മൾ പല്ലു തേയ്ക്കുന്നത്?
3.മാതാപിതാക്കൾക്ക് പല്ലു തേയ്ക്കുന്ന രീതി ശരിയായി അറിയുമോ? ഈ ചോദ്യങ്ങൾക്ക് മറുപടി പൂർണമല്ലാത്തതിനാലാണ് പല്ലു തേക്കുന്ന രീതി ശരിയല്ലാതാക്കുന്നത്.
ഡെന്റൽ ഫ്ളോസ്
പല്ലു തേക്കുന്നതിന് ഒപ്പം പ്രാധാന്യം നൽകേണ്ട ഒരു കാര്യമാണ് ഫ്ളോസിംഗ്. ഫ്ളോസ് ഒരു നൂലാണ്. ഇത് പല്ലുകൾക്ക് ഇടയിൽ ഉള്ള സ്ഥലത്ത് കടത്തി ക്ലീൻ ചെയ്യേണ്ടതാണ്. പല തരത്തിലുള്ള ഫ്ളോസുകൾ ലഭ്യമാണ്. ഇത് ഡെന്റൽ പ്ലാക്ക് എന്ന രോഗാണുബാധിത പാടയെ പൂർണ്ണമായും നീക്കം ചെയ്യുന്നു.
പല്ലുകൾക്കിടയിൽ കയറുന്ന നാരുകൾ, ഇറച്ചിയുടെ നാരുകൾ ഇവയെ എടുത്തു മാറ്റുവാൻ ഏറ്റവും ഫലപ്രദവും നിരുപദ്രവപരവുമായ മാർഗം ഫ്ളോസിംഗ് ആണ്. പല്ലുകളുടെ 30% ത്തോളം ഭാഗം അടുത്ത പല്ലുകളോട് ചേർന്നിരിക്കുന്നതാണ്. ഈ ഭാഗത്ത് ബ്രഷുകൾ എത്തുന്നില്ല. ഫ്ളോസും ബ്രഷും കൂടി ചേർത്താൽ സന്പൂർണ ഹോം ഡെന്റൽ ക്ലീനിങ്ങ് ആകുന്നു
ഡെന്റൽ ഫോസിനോടൊപ്പം ടൂത്ത് പിക്ക് ഉള്ള ഡിസ്പോസിബിൾ ഫ്ളോസുകൾ ലഭിക്കും. ഇത്തരത്തിലുള്ള ഫ്ളോസ്് ഒരു ഉപയോഗത്തിനുശേഷം കളയുന്നതിനുള്ളതാണ്.
ഇന്റർ ഡെന്റൽ ബ്രഷ്
ബോട്ടിൽ ബ്രഷിന്റെ ആകൃതിയിലുള്ള വളരെ ചെറിയ ബ്രഷാണിത്. ഇതിന്റെ അറ്റത്തുള്ള ചേർപ്പ് മാത്രം മാറ്റാവുന്നതാണ്. പല്ലുകൾക്കിടയിൽ വിടവുണ്ടെങ്കിൽ ഈ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യേണ്ടതാണ്. അമിതമായി ഭക്ഷണസാധനങ്ങൾ കയറുന്ന വിടവുകൾ ഉണ്ടെങ്കിൽ എല്ലാ ദിവസവും ബ്രഷിംഗിനോടൊപ്പം ഇന്റർ ഡെന്റൽ ബ്രഷ് ഉപയോഗിച്ച് ക്ലീൻ ചെയ്യണം. ഒരറ്റത്ത് ഒറ്റ ബ്രസിൽസ് കൂട്ടം മാത്രം ഉള്ള ബ്രഷുകളും പല്ലുകൾക്കിടയിലെ അഴുക്കുകൾ കളയുവാൻ ഉപയോഗിക്കാം.
ടംഗ് ക്ലീനിങ്ങ് (നാക്കു വടിക്കൽ)
ടംഗ് ക്ലീനിങ്ങ് ചെയ്യുന്നത് നാക്കിനിടയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകളെ നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ ടംഗ് ക്ലീനിങ്ങ് ചെയ്യുന്ന രീതി, ചെയ്യുന്ന ഉപകരണം.... ഇതിൽ ആണ് മാറ്റം വരുത്തേണ്ടത്. സ്റ്റെയിൻലെസ്സ് സ്റ്റീൽ, പ്ലാസ്റ്റിക്ക് പോലെ കട്ടിയുള്ള സാധനങ്ങൾ ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ടംഗ് ക്ലീനിങ്ങ് ഉപാധികൾ ഉപയോഗിക്കുന്നത് നാക്കിൽ മുറിവും തടിപ്പും ഉണ്ടാക്കും. ഉപയോഗിക്കുന്നെങ്കിൽ വളരെ കുറച്ചു ബലം മാത്രം കൊടുത്ത് ഉപയോഗിക്കാം. ഏറ്റവും ഉചിതമായത് ബ്രഷിന്റെ ബ്രസ്സിൽസ് ഉപയോഗിച്ച് നാക്കു ക്ലീൻ ചെയ്യുന്നതാണ്. നാക്കു ക്ലീൻ ചെയ്യുന്നത് വായ്നാറ്റം ഇല്ലാതാക്കുവാൻ സഹായിക്കും. മൃദുവായി ടംഗ് ക്ലീനിങ്ങ് ചെയ്താൽ അത് നാക്കിലെ രക്തയോട്ടം കൂട്ടുകയും, അഴുക്കുകൾ മാറുകയും രുചിമുകുളങ്ങൾ കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. അമിതമായി ബലം കൊടുത്താൽ ഇവയെല്ലാം തകരാറിൽ ആകുകയും ചെയ്യും.
വാട്ടർ പിക്ക്
ഇത ്ഒരു ദന്തശൂചീകരണ ഉപാധിയാണ്. കൂടുതൽ ശക്തിയിൽ ഒരു സ്ഥലത്തേക്ക് വെള്ളം ചീറ്റുന്നതു മൂലം അഴുക്കുകളും രോഗാണുക്കളും പല്ലുകൾക്കിടയിൽ നിന്നും മോണയിൽ നിന്നും നീക്കം ചെയ്യപ്പെടുന്നു. ഇത് മോണയെ മസാജ് ചെയ്യുന്നതിനാൽ രക്തയോട്ടം കൂടുകയും മോണയ്ക്ക് കൂടുതൽ ആരോഗ്യം ലഭിക്കുകയും ചെയ്യും.
പല്ലുകളിൽ കന്പിയിടുന്ന ചികിൽസ ചെയ്യുന്നവർക്ക് ഇത് വളരെ ഉപയോഗപ്രദമാണ്. ബ്രിഡ്ജിന്റെ അടിഭാഗം സ്വന്തമായി ക്ലീൻ ചെയ്യുന്നതിനും ഇംപ്ളാന്റ് ക്ലീനിംഗിനും വാട്ടർ പിക്സ് വളരെ നല്ലതാണ്. വാട്ടർ പിക്കിന്റെ അറ്റത്തുള്ള ട്യൂബ് മാറ്റിയിടാൻ പറ്റുന്നതാണ്. മൗത്ത് വാഷുകൾ ഇതിൽകൂടി ഉപയോഗിക്കാവുന്നതാണ്.
ഡഞ്ചർ ക്ലീനിംഗ്
പല്ലുസെറ്റ് വച്ചിട്ടുള്ളവർ എങ്ങനെ അതു ക്ലീൻ ചെയ്യണം എന്ന് അറിഞ്ഞിരിക്കണം പേഷ്യന്റിന് എടുത്തു മാറ്റുവാൻ സാധിക്കുന്ന മുഴുവനായുള്ളതോ, ഭാഗികമായുള്ളതോ ആയ പല്ലു സെറ്റ് എല്ലാ ദിവസവും രണ്ടുനേരം കഴുകി വൃത്തിയാക്കേണ്ടതാണ്. പല്ലുസെറ്റ് അടപ്പുള്ള ഒരു പാത്രത്തിൽ വെള്ളത്തിൽ ഇട്ടു വയ്ക്കണം. കൂടുതൽ അഴുക്കും കറയും ഉണ്ടാവാതിരിക്കുവാൻ ഡഞ്ചർ ക്ലീനിംഗ് ടാബ്ലെറ്റ്, സൊലൂഷ്യൻ എന്നിവ ഇട്ടു വയ്ക്കുന്ന വെള്ളത്തിൽ ഇടുക.
തിരികെ വായിൽ ഡെഞ്ചർ വയ്ക്കുന്പോൾ നന്നായി കഴുകുവാനും വളരെ സോഫ്റ്റായ ഡെഞ്ചർ ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുവാനും ഓർക്കുക. ഡെഞ്ചറിൽ ബ്രഷ് ഉപയോഗിക്കുന്പോൾ കൂടുതൽ ശക്തി കൊടുക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. ഈ തരത്തിലുള്ള ക്ലീനിംഗ് ഉപാധികൾ എല്ലാം തന്നെ ഉപയോഗിച്ചാലും വർഷത്തിൽ ഒരിക്കൽ ഒരു ദന്തഡോക്ടറെ കണ്ട് ചെത്തലുകൾ നീക്കം ചെയ്യുന്ന പ്രഫഷണൽ ക്ലീനിംഗ് നടത്തേണ്ടതാണ്.
പ്രഫഷണൽ ക്ലീനിംഗിൽ
മോണയിലും പല്ലുകളിലും ആ സമയത്ത് പറ്റിയിരിക്കുന്ന എല്ലാ അഴുക്കുകളും നീക്കം ചെയ്യുകയും തുടർന്ന് അഴുക്കു പിടിക്കാതിരിക്കാനുള്ള പോളിഷിംഗും, റൂട്ട് പേനിങ്ങും നടത്തുന്നു. അൾട്രാ സോണിക് ക്ലീനിംഗ് ചെയ്യുന്പോൾ എല്ലാ പല്ലുകളുടെയും എല്ലാ വശങ്ങളിലും ഇൻസ്ട്രമെന്റ് എത്തുകയും പോടുകൾ ഉണ്ടെങ്കിൽ അത് നിർണയിക്കുവാൻ ദന്തഡോക്ടറെ സഹായിക്കുകയും ചെയ്യുന്നു.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല) ഫോണ് 9447219903
[email protected]
www.dentalmulamoottil.com