സന്ധിവേദനയ്ക്കു പിന്നിലെ വാസ്തവം ഇതാണ്...
Thursday, June 30, 2022 4:48 PM IST
വേദനയും നീർക്കെട്ടും ഉണ്ടാകുന്നതിനുള്ള കാരണങ്ങളെ അടിസ്ഥാനമാക്കി സന്ധിവാതരോഗങ്ങളെ പലതായി തരംതിരിച്ചിട്ടുണ്ട്. അതിലൊന്നാണ് ഗൗട്ട്. രക്തത്തിൽ യൂറിക് ആസിഡ് നില ഉയരുന്നതിന്റെ ഫലമായി ഉണ്ടാകുന്നതാണ് ഗൗട്ട്.
അക്യൂട്ട് ആർത്രൈറ്റിസ്
ഹീമോഫീലിയ രോഗം ഉള്ളവരിൽ സന്ധികളിൽ വികലമായി രക്തം കട്ട പിടിക്കുന്നതു കാരണവും മറ്റുള്ളവരിൽ ആഘാതം, അണുബാധ എന്നിവ മൂലവും ഉണ്ടാകുന്നതിനെ 'അക്യൂട്ട് ആർത്രൈറ്റിസ്'എന്നും പറയുന്നു.
ഇതിനെല്ലാം പുറമേ ക്ഷയരോഗവും വാതപ്പനിയും ഓസ്റ്റിയോ പൊറോസിസും ഫൈബ്രോമയാൽജിയായും സന്ധികളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.
സന്ധികളെക്കുറിച്ച് ചില കാര്യങ്ങൾ
സന്ധികളിൽ ഉണ്ടാകുന്ന വേദനയെ കുറിച്ച് അറിയാൻ ശ്രമിക്കുമ്പോൾ ആദ്യം മനസിലാക്കേണ്ടത് സന്ധിവാത രോഗങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ഉള്ള സന്ധികളെ കുറിച്ചാണ്.
സ്ഥിരമായി ഉറപ്പിച്ചിട്ടുള്ള സന്ധികളിൽ
സ്ഥിരമായി ഉറപ്പിച്ചിട്ടുള്ള സന്ധികളിൽ ചലനം ആവശ്യം ഇല്ലാത്തതിനാൽ അവയിൽ രോഗം ഉണ്ടാകാറില്ല. ചലിക്കുന്ന സന്ധികളിൽ മാത്രമാണ് വേദന ഉണ്ടാകാറുള്ളത്. തലയോട്ടിയിലെ സന്ധികൾ സ്ഥിരമായി ഉറപ്പിച്ചിരിക്കുന്നവയാണ്.
തരുണാസ്ഥികൾ
ചലനം ആവശ്യമായ സന്ധികളിൽ ചലനം സുഖകരമാക്കുന്നതിനും അസ്ഥികൾ തമ്മിൽ കൂട്ടിയുരുമ്മി തേയ്മാനം സംഭവിക്കാതിരിക്കുന്നതിനും തരുണാസ്ഥികൾ സഹായിക്കുന്നു. വെള്ള നിറവും ഇലാസ്റ്റിക്കിന്റെ പ്രവർത്തനവും ഉള്ള സംവിധാനമാണ് തരുണാസ്ഥികൾ.
അസ്ഥികൾക്ക് സ്ഥാനഭ്രംശം സംഭവിക്കാത്തത്
ഇതിനു പുറമേ പേശികളും പേശികളെയും അസ്ഥികളേയും ബന്ധിപ്പിക്കുന്ന സംയോജക നാരുകളും (ടെൻഡൻസ്) കോശങ്ങളും ചുറ്റുമുള്ളത് കൊണ്ട് സന്ധികളിലെ അസ്ഥികൾക്ക് സ്ഥാനഭ്രംശം സംഭവിക്കാതെ സ്വസ്ഥമായി ഇരിക്കുന്നു.
സന്ധികളിൽ അസ്ഥികളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന ഒരു പാടയുണ്ട്. ഇതിന് സൈനോവിയൽ ആവരണം എന്നാണ് പറയുന്നത്. ഈ പാടയിൽ നിന്ന് സ്രവിക്കുന്ന സൈനോവിയൽ ഫ്ളൂയിഡ് എന്ന സ്രവം സന്ധികളിൽ ചലനങ്ങൾ വേണ്ടി വരുമ്പോൾ സുരക്ഷിതത്വം പ്രദാനം ചെയ്യുന്നു.
ചുമലിൽ വേദന
കോശങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അനുഭവപ്പെടുന്ന വേദനയ്ക്ക് ഏറ്റവും യോജിച്ച ഉദാഹരണമാണ് ചലിപ്പിക്കാൻ പ്രയാസം അനുഭവപ്പെടുന്ന ചുമലുകൾ. ചുമലിലെ പേശികളിലും സ്നായുക്കളിലും ഉണ്ടാകുന്ന പരിക്കുകൾ കാരണമോ അല്ലാതെയോ നീർക്കെട്ട് വരുമ്പോൾ സന്ധി ചലിപ്പിക്കാൻ വരാതെ കഴിയാതെയാകുന്പോഴാണ് ചുമലിൽ വേദന ഉണ്ടാകുന്നത്.
യഥാർഥത്തിൽ സന്ധിയിൽ അല്ല പ്രശ്നം. വേദനയ്ക്ക് കാരണമാകുന്നത് അവിടത്തെ കോശങ്ങളുടെ നാശമാണ്. ഈ അവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സ ഉണ്ട്. ചികിത്സയിൽ വ്യായാമം ഒരു പ്രധാന ഘടകമാണ്. (തുടരും)
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393