കർക്കടക ചികിത്സയും ആരോഗ്യവും
Monday, July 14, 2025 4:52 PM IST
"പ്രപഞ്ചത്തിൽ നിന്ന് വ്യത്യസ്തനല്ല വ്യക്തി. പ്രപഞ്ചത്തിലെ എല്ലാ പ്രകൃതി പ്രതിഭാസങ്ങളും വ്യക്തിയിൽ നിലനിൽക്കുന്നു. എല്ലാ പ്രതിഭാസങ്ങളെയും ഈ രീതിയിൽ മനസിലാക്കാൻ വിവേകശാലികൾ ആഗ്രഹിക്കുന്നു'. (ചരകസംഹിത- ശരീരസ്ഥാനം അദ്ധ്യായം 4, ശ്ലോകം 13)
വർഷകാലം വായുവും ജലവും അടങ്ങുന്ന അന്തരീക്ഷത്തെ മാത്രമല്ല ദുഷിപ്പിക്കുന്നതെന്നും മറിച്ച് മനുഷ്യരടക്കം സകല ജീവജാലങ്ങളുടേയും ശരീരത്തിനേയും മനസിനേയും കൂടി പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും മനസിലാക്കിയതിനാലാവാം നമ്മുടെ പൂർവികർ ഈ കാലത്ത് ആയുർവേദത്തിലൂന്നിയ ആരോഗ്യ രക്ഷാമാർഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്കിയത്.
കാലവർഷമെന്നാൽ കേരളത്തിനു ഭയമാണ്. മഴക്കെടുതിയുണ്ടാക്കുന്ന ബാഹ്യ സാഹചര്യങ്ങൾ കൊണ്ടു മാത്രമല്ല, കാലാവസ്ഥ മാറുമ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ആന്തരിക മാറ്റങ്ങൾ കൊണ്ടു രോഗപ്രതിരോധ ശേഷി കുറയുന്നതു മൂലമുള്ള വ്യാധികളും നമ്മളെ കൂടുതൽ സമ്മർദത്തിലാക്കുന്നു.
ആയുർവേദം ഔഷധത്തോടൊപ്പം പ്രാധാന്യം നൽകുന്നത് ജീവിത രീതിക്കാണ്. അതുപോലെ രോഗചികിത്സയിൽ നിദാന പരിവർജ്ജനം (രോഗകാരണങ്ങളെ കണ്ടെത്തി ഉപേക്ഷിക്കുക) എന്ന ഘടകത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു. അതുകൊണ്ടുതന്നെയാണ് ആയുർവേദ ചികിത്സാ ശാസ്ത്രം കാലാതിവർത്തിയായി നിലനില്ക്കുന്നതും.
വർഷകാലം പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. കുറച്ചു കാലം മുമ്പ് വരെ സമൂഹത്തെ രോഗാതുരമാക്കിയത് കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, ചിക്കുൻഗുനിയ, ഡെങ്കി മുതലായവയാണെങ്കിൽ ഇപ്പോൾ ഇവ കൂടാതെ കോവിഡ്, നിപ്പ മുതലായവയ കൂടി നമ്മുടെ രോഗാതുരതയുടെ ആക്കം കൂട്ടിയിരിക്കുകയാണ്.
യഥാർഥത്തിൽ കാലാവസ്ഥാ വ്യതിയാനം കർക്കടകചര്യയെന്ന ചിട്ടയെ കുറച്ചുകൂടി വ്യാപ്തിയോടെയും ഗൗരവത്തോടെയും സ്വീകരിക്കാൻ നമ്മളെ നിർബന്ധിതരാക്കുന്നു. അച്ചിട്ട പോലെയുള്ള ഇടവപ്പാതിയും തിരുവാതിര ഞാറ്റുവേലയും കർക്കടകത്തിലെ പതിനെട്ടാം പെരുക്കവുമൊക്കെ ആഗോളതാപനത്താൽ ഇനി അങ്ങനെ വരണമെന്നില്ല.
ഗ്രീഷ്മത്തിന്റെ ചൂടിൽ നിന്നും പെട്ടെന്നു തന്നെ വർഷത്തിന്റെ തണുപ്പിലേക്ക് പ്രവേശിക്കുമ്പോൾ രോഗങ്ങൾ പണ്ടത്തെക്കാൾ സജീവമായി നമ്മളിൽ പിടി മുറുക്കുന്നതായി കാണാം. മനുഷ്യരിലുള്ള സഹജമായ ബലം അല്ലെങ്കിൽ പ്രതിരോധ ശക്തി ഇക്കാലത്ത് കുറയുന്നതാണ് ഒരു കാരണം.
ദുഷിച്ച അന്തരീക്ഷത്തിൽ പെരുകുന്ന രോഗാണുക്കൾ, കൊതുക് മുതലായവയുടെ ആക്രമണമാണ് മറ്റൊരു പ്രധാന കാരണം. ചുരുക്കത്തിൽ വെള്ളക്കെട്ട്, കൊതുകുകൾ പെരുകൽ തുടങ്ങിയവ തടയുന്നതിനുള്ള മഴക്കാലപൂർവ്വ ശുചീകരണം പോലെ നമ്മുടെ ശരീരത്തിലും ശുചീകരണം നടത്തേണ്ട സമയമാണ് വർഷകാലം.
ആഹാരത്തെ ഔഷധമായി കണ്ടിരുന്ന കാലം കൂടിയാണ് കർക്കിടക കാലം. പത്തിലയും ദശപുഷ്പവുമൊക്കെ ഔഷധമാക്കുന്ന കാലം. പഞ്ഞമാസത്തെ രോഗപ്രതിരോധത്തിനും ശരീരശക്തിയ്ക്കുമായി പ്രയോജനകരമാക്കി യായിരുന്നു ജീവിതചര്യ.
അവയിൽ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ പൂർവികർ അനുവർത്തിച്ചു പോന്നിരുന്ന ഔഷധകഞ്ഞിയുടെ സേവ. ദശമൂലവും ത്രികടുവും ശതകുപ്പയും ഉലുവയും ജീരകവും ചേർത്ത ഔഷധക്കഞ്ഞി സേവിക്കുന്നത് മൂലം ദേഹപോഷണവും ദഹനവും രോഗപ്രതിരോധ ശേഷിയും മാത്രമല്ല വർഷകാലത്ത് സജീവമാകുന്ന വാതകഫരോഗങ്ങളെ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു.
എല്ലാവർക്കും കഞ്ഞിക്ക് നവരയരി അനുയോജ്യമാകാത്തതിനാൽ നുറുക്കു ഗോതമ്പ്, ബാർളി, പൊടിയരി ഇവയിലേതെങ്കിലും പ്രയോജനപ്പെടുത്താവുന്നതാണ്. മറ്റൊരു പ്രയോഗമാണ് മുക്കുടി (മോരു കറി).
വർഷകാലത്ത് ദിവസവും ശീലിക്കുന്നത് ഉത്തമമാണ്. ജീരകം, അയമോദകം, കുരുമുളക്, പുളിയാരലില, കുടകപ്പാലത്തൊലി, തുടങ്ങിയ മരുന്നുകൾ അരച്ച് ചേർത്ത് മോരിൽ കാച്ചിയാണ് മുക്കുടി ഉണ്ടാക്കുന്നത്.
ഈ പറഞ്ഞവ എല്ലാം ഇല്ലെങ്കിൽ കൂടി നമ്മുടെ അടുക്കളയിൽ നിന്നും ലഭിക്കുന്ന ഇഞ്ചി, കറിവേപ്പില, ജീരകം, അയമോദകം, കുരുമുളക്, വെളുത്തുള്ളി, മുതലായവ ചേർത്തും മുക്കുടി പാകം ചെയ്യാവുന്നതാണ്.
വെറും വയറ്റിൽ ഇത് സേവിക്കുക വഴി ദഹന സംബന്ധമായ ഒട്ടനവധി രോഗങ്ങൾക്ക് പരിഹാരം ആവുകയും ചെയ്യുന്നു. വർഷകാലത്ത് നമ്മൾ വർജിക്കേണ്ടതായ ചില കാര്യങ്ങൾ കൂടിയുണ്ട്. തൈര്, തണുത്ത പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം, പകലുറക്കം, അമിതവ്യായാമം മുതലായവയാണ്.
യുക്തവും ഹിതവുമായ ആഹാര സേവയും ഔഷധസേവയും പോലെ പ്രധാനപ്പെട്ടതാണ് പഞ്ചകർമത്തോടൊപ്പമുള്ള ബാഹ്യചികിത്സകളായ ഉഴിച്ചിൽ, കിഴികൾ മുതലായവ. ശരീരശക്തിയും രോഗാവസ്ഥയും നോക്കി വൈദ്യനിർദേശമനുസരിച്ച് ഈ ക്രിയകൾ ചെയ്താൽ കാലങ്ങളോളം നിലനില്ക്കുന്ന ആരോഗ്യമാണ് ഫലം.
കർക്കടകമാസം ശുചിത്വത്തിന്റെ പ്രതീകം കൂടിയാണ്. ശുചിത്വമാണ് ഈ കാലഘട്ടത്തിന്റെ മുദ്രാവാക്യം. പ്രതിരോധമാണ് സന്ദേശം. ശുദ്ധിയോടെയും മികവോടെയും ഈ പ്രകൃതിയെയും പരിസ്ഥിതിയെയും അടുത്ത തലമുറയ്ക്ക് കൈമാറുകയെന്നത് കൂടിയാകട്ടെ നമ്മുടെ ലക്ഷ്യം.
ഡോ. ബി. ഹേമചന്ദ്രൻ
ചീഫ് മെഡിക്കൽ ഓഫീസർ
കോട്ടക്കൽ ആര്യവൈദ്യശാല കോട്ടയം ബ്രാഞ്ച്