മിഥ്യാധാരണകളെ മാറ്റൂ, അറിയൂ ആർത്രൈറ്റിസിനെ
ഡോ. ആബിദ അലിയാർ
എല്ലാവർഷവും ഒക്‌ടോബർ 12ന് ലോക ആർത്രൈറ്റിസ് ദിനം അഥവാ ആഗോള ആർത്രൈറ്റിസ് ബോധവൽകരണ ദിനമായി ആചരിക്കുന്നു. ഏകദേശം ഇരുന്നൂറോളം റുമാറ്റിക് ആൻഡ് മസ്കുലോസ്‌കെലിറ്റൽ രോഗങ്ങളെപ്പറ്റിയുള്ള അവബോധം ജനങ്ങളിലേക്കെത്തിക്കുകയാണ് ലോക ആർത്രൈറ്റിസ് ദിനത്തിന്‍റെ ലക്ഷ്യം. ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം ഇന്‍റർനാഷണൽ (എആർഐ) ആണ് 1996 ൽ ലോക ആർത്രൈറ്റിസ് ദിനം ആദ്യമായി ആചരിക്കുന്നത്.

ഇന്ത്യയിൽ ഏകദേശം 6 കോടി ജനങ്ങൾ വാതരോഗങ്ങളാൽ കഷ്ടപ്പെടുന്നവരാണ്. ശാരീരികമായും മാനസികമായും സാമൂഹികമായും സാമ്പത്തികമായും ഇത് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. അതിനോടൊപ്പം ഇന്ത്യയിൽ സ്ഥലകാല ഭേദമന്യേ നിലനിൽക്കുന്ന ഒരു മിഥ്യാധാരണയാണ് ആർത്രൈറ്റിസിന് ചികിത്സയില്ല എന്നത്. അതിനാൽ തന്നെ ജീവിതകാലം മുഴുവനും വേദന സഹിച്ച് ജീവിക്കാൻ വിധിക്കപ്പെടുകയാണ് പലരും.

അതുകൊണ്ട് ഈ വർഷത്തെ ലോക സന്ധിരോഗദിനത്തിലെ ഇന്ത്യൻ പ്രമേയം തന്നെ ആർത്രൈറ്റിസിന് ചികിത്സയുണ്ട്‌ എന്നതാണ്.

സന്ധിവീക്കം അഥവാ ആർത്രൈറ്റിസ് എന്നത് ഒരു രോഗമല്ല, ഏതാണ്ട് നൂറിലധികം വ്യത്യസ്തരോഗങ്ങൾ ഇതിന് കാരണമാവും. സന്ധികളിലുണ്ടാവുന്ന വേദന, ചുവപ്പ്, സ്റ്റിഫ്‌നെസ്സ് എന്നിവയാണ് അതിൽ പ്രധാനമായും കാണപ്പെടുന്നത്. അവ കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ സന്ധികളുടെ വൈകല്യങ്ങളിലേക്കും അതുമൂലം ദൈനംദിന കാര്യങ്ങൾക്ക് പോലും പരസഹായം ആവശ്യമായി വന്നേക്കാം.

ഇതുകൂടാതെ ഈ രോഗങ്ങളിൽ പലതും സന്ധികളെ മാത്രമല്ല മറ്റു അവയവങ്ങളെയും ബാധിച്ചേക്കാം.

പലതരത്തിലുള്ള രോഗങ്ങൾ സന്ധിവീക്കത്തിന് കാരണമായേക്കാം, അതിൽ പ്രധാനപ്പെട്ട ചിലത് ഇവയാണ്.

1. കണക്ടീവ് റ്റിഷ്യു ഡിസീസസ് എന്ന വിഭാഗത്തിലുള്ള റൂമാറ്റോയ്ഡ് ആർത്രൈറ്റിസ്, എസ്എൽഇ, ഷോഗ്രന്‍സ് സിൻഡ്രം -കൈകളിലെയും കാലുകളിലെയും സന്ധികളെ ബാധിക്കുന്നതോടപ്പം, പനി, സ്കിൻ റാഷ്, കണ്ണും വായും ഉണങ്ങൾ, ത്വക്ക് കട്ടിയുള്ളതാവൽ എന്നിവയും കാണാവുന്നതാണ്.


2. സ്പോണ്ടിലോആർത്രൈറ്റിസ് വിഭാഗത്തിൽപ്പെടുന്ന - ആന്‍കൈലോസിങ് സ്‌പോണ്‍ഡിലൈറ്റിസ്, സോറിയാട്ടിക് ആർത്രൈറ്റിസ്, റിയാക്ടീവ് ആർത്രൈറ്റിസ്, എൻ്റെറോപതിക് ആർത്രൈറ്റിസ് - നടുവേദന, സോറിയാസിസ്, വിട്ടുമാറാത്ത വയറ്റിളക്കം എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ .

3. ഒസ്റ്റിയോ ആർത്രൈറ്റിസ് - പ്രധാനമായും പ്രായമായവരിൽ കണ്ടുവരുന്നു, കാൽമുട്ടിലെ, കൈകളിലെ സന്ധികളെ ബാധിക്കുന്നത്.

4. ഗൗട്ടി ആർത്രൈറ്റിസ് -ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് വരുന്ന അമിത യൂറിക് ആസിഡ് മൂലമുണ്ടാകുന്നത് .

5. ഇൻഫെക്ടീവ് ആർത്രൈറ്റിസ് - ചിക്കൻഗുനിയ പോലുള്ള വൈറസ്, ബാക്റ്റീരിയ തുടങ്ങിയവ മൂലമുണ്ടാകുന്നത്

റുമറ്റോളിസ്റ്റുകലാണ് ഈ അസുഖങ്ങളെ ചികിത്സിക്കുന്ന സ്പെഷ്യലിസ്റ്റികൾ. അവരുടെ അഭാവം ഈ രോഗങ്ങളുടെ ചികിത്സ വൈകുന്നതിന് കാരണമാവാറുണ്ട്.

ഇവയ്ക്കെല്ലാം തന്നെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. കഴിഞ്ഞ ദശകങ്ങളിൽ നടന്ന റിസർച്ച് ആൻഡ് ടെവേലോപ്മെന്‍റ്സിന്‍റെ ഫലമായി -ഡിഎംഎആർഡിഎസ്, ബയോളജിക്കൽ, ചെറിയ മോളിക്യൂൾസ് പോലുള്ള വിവിധ തരത്തിലുള്ള മരുന്നുകൾ ഈ രോഗങ്ങളെ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നുണ്ട്.

ഡോ. ആബിദ അലിയാർ
അസ്സോസിയേറ്റ് കൺസൽട്ടന്‍റ് റുമറ്റോളജി & ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം
കിംസ്ഹെൽത്ത്