മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർധിപ്പിക്കുന്നു.
തവിട് അടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക.
ജങ്ക് ഫുഡ്,ഫാസ്ററ് ഫുഡ് എന്നിവ ഉപേക്ഷിക്കുക. പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം. സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്.
അനുബന്ധ പ്രശ്നങ്ങൾ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം. പ്രമേഹരോഗികളിൽ വിറ്റാമിൻ സി,ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.