കുട്ടികളുടെ മനസറിഞ്ഞു പെരുമാറാം
Wednesday, August 5, 2020 3:03 PM IST
കോവിഡ് കാലത്ത് കുട്ടികളുടെ മാനസികാരോഗ്യം -2
തിരിച്ചറിയാം ലക്ഷണങ്ങൾ
കുട്ടികൾ ആത്മഹത്യയെക്കുറിച്ചു സംസാരിക്കുക, ഒന്നിലും താൽപര്യമില്ലാതെ ഇരിക്കുക, ഉറക്കക്കുറവ്, ചിലപ്പോൾ അമിതമായ ഉറക്കം, സങ്കടഭാവം, പഠനത്തിലും അതുപോലെ കൂട്ടുകൂടുന്നതിലുമുള്ള താൽപര്യക്കുറവ്, മുറിയിൽ തന്നെ ഇരിക്കൽ, മരണത്തെക്കുറിച്ചുള്ള സംസാരം തുടങ്ങിയ പ്രവണതകൾ ആത്മഹത്യാചിന്തകളുടെ മുന്നറിയിപ്പാകാം. ഇത്തരം ലക്ഷണങ്ങൾ കുട്ടികൾ കാണിക്കുന്നുണ്ടെങ്കിൽ അത് വളരെ കരുതലോടെ പരിഗണിക്കേണ്ടതുണ്ട്.
കുട്ടിയോടൊത്തു കൂടുതൽ സമയം കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള സാഹചര്യം ഒരുക്കുകയെന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അവരോടൊത്തു കളിക്കാനും ആവശ്യമെങ്കിൽ പഠന പഠനേതര പ്രവൃത്തികളിൽ സഹായിക്കാനും കുട്ടിയോടോത്തു കൂടുതൽ സമയം ചെലവഴിക്കാനും ശ്രദ്ധിക്കുക.
കൂട്ടുകാരോടു സംസാരിക്കാൻ പറയാം
കുട്ടികൾ മാനസിക സമ്മർദം അനുഭവിക്കുന്പോൾ അവരോടു സഹാനുഭൂതിയോടെ സംസാരിക്കുക. അവരെ സുഹൃത്തുക്കളോടു സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക. ഈ അസ്വാഭാവിക കാലഘട്ടത്തിൽ കഴിവതും ഓണ്ലൈൻ വീഡിയോ കോളുകളും മറ്റും അതിന് ഉപയോഗിക്കാം. അടിസ്ഥാനപരമായി അവർ എല്ലാവരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
പറയാനുള്ളതു മുഴുവൻ കേൾക്കാം
അവർ പറയുന്ന ബുദ്ധിമുട്ടുകൾ തികച്ചും സ്വകാര്യമായിരിക്കുമെന്നും മറ്റൊരാളോട് കുട്ടിയുടെ സമ്മതമില്ലാതെ പറയില്ലെന്നും ഉറപ്പു നൽകണം. വിമർശനാത്മകമായി ഉപദേശം കൊടുക്കാതെ കുട്ടിക്ക് പറയാനുള്ളതു മുഴുവൻ ക്ഷമയോടെ കേൾക്കുക. എപ്പോഴും പ്രതീക്ഷ കൊടുത്തു മാത്രം കുട്ടിയോടു സംസാരിക്കുക.
അടിച്ചേൽപ്പിക്കരുത് ആശയങ്ങൾ
നമ്മുടെ ആശയങ്ങൾ കുട്ടിയിൽ അടിച്ചേൽപ്പിക്കാതിരിക്കുക. ഞാൻ ചെറുപ്പത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നെന്നും അതു പരിഹരിച്ച രീതി ഇന്നതാണെന്നുംമറ്റും ആവർത്തിച്ച് പറയാതിരിക്കുക. കാരണം, അതു ചിലപ്പോൾ തന്നെക്കൊണ്ട് അങ്ങനെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയില്ലല്ലോ എന്ന തരത്തിൽ കൂടുതൽ കുറ്റബോധത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും കുട്ടിയെ എത്തിക്കാം.
പഠനം കുട്ടി പ്ലാൻ ചെയ്യട്ടെ
ഈ അസ്വാഭാവിക കാലഘട്ടത്തിൽ ചിട്ടയോടെയുള്ള പഠന പ്രവർത്തനങ്ങൾ വീട്ടിൽത്തന്നെ ശീലിച്ചു തുടങ്ങേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസവും എങ്ങനെ ആയിരിക്കണമെന്ന് കുട്ടിയെകൊണ്ടു തന്നെ പ്ലാൻ ചെയ്യിക്കുക. അതു പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയുമാകാം. അതിനു കുട്ടിക്ക് കഴിയുന്നില്ലെങ്കിൽ വിമർശിക്കാതെ ടൈം ടേബിൾ പുനഃ ക്രമീകരിക്കണം.
ഇതു നമ്മൾ നേരിടും
മനസിനു സന്തോഷം കിട്ടുന്ന പ്രവൃത്തികൾ ചെയ്യാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കാം. ചില വിനോദങ്ങൾ, സ്റ്റാന്പ് ശേഖരണം, ചിത്രകല, സംഗീതം, എഴുത്ത്, പുസ്തക വായന തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനു പ്രോത്സാഹിപ്പിക്കുക. കോവിഡുമായി ബന്ധപ്പെട്ട അശുഭ വാർത്തകൾ ചർച്ച ചെയ്യുന്നതിനു പകരം ഇതു നമ്മൾ നേരിടുമെന്ന രീതിയിൽ കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതും പ്രധാനമാണ്.
വിവരങ്ങൾക്കു കടപ്പാട്:
സുജിത് ബാബു
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അസിസ്റ്റന്റ് പ്രഫസർ, മനഃശാസ്ത്രവിഭാഗം, കേരള സർവകലാശാല, തിരുവനന്തപുരം.