സ്റ്റൈലാകാൻ ബെൽറ്റ്
ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായ ബെൽറ്റിൽ സ്ത്രീകളും കൈവച്ചു തുടങ്ങിയിരിക്കുന്നു. മുമ്പൊക്കെ പാന്റ്സിനൊപ്പമാണ് ബെൽറ്റ് ധരിച്ചിരുന്നതെങ്കിൽ ഇപ്പോൾ കുർത്തിക്കും ടീഷർട്ടിനും എന്തിനേറെ പറയുന്നു സാരിക്കൊപ്പം വരെ ബെൽറ്റ് ധരിക്കാൻ നമ്മുടെ ഗാൽസ് ഒരുക്കമാണ്.
നേരിയ നൂലുകളും മാലകളും ചേർത്തുണ്ടാക്കിയ ബെൽറ്റുകളാണ് ലേറ്റസ്റ്റ് ട്രെൻഡ്. ഇവയുടെ ബക്കിളുകൾ വലുതായിരിക്കും. ബക്കിളിൽ പൂച്ച, കരടി, കടുവ, പൂക്കൾ, ഹൃദയചിഹ്നം എന്നിവയൊക്കെ മുദ്രണം ചെയ്തിരിക്കും. പ്രിന്റ്ഡ് ബെൽറ്റാണ് മറ്റൊരു വെറൈറ്റി ഐറ്റം. പ്രിന്റഡ് ബെൽറ്റിൽ ആനിമൽ പ്രിന്റിനാണ് ഡിമാൻഡ്.

സാരിക്കൊപ്പം ധരിക്കാൻ ലെപ്പേഡ് പ്രിന്റ് ബെൽറ്റാണ് സൂപ്പർ. പാർട്ടി വെയറായി സിൽവർ, ഇനാമൽ കോട്ട്, സ്കിന്നി ബെൽറ്റുകളാണ് സ്ത്രീകൾ സിലക്ട് ചെയ്യുന്നത്. വയർ ബെൽറ്റുകളിലെ പുതുമുഖം പല ലെയറുകളിലെ കറുത്ത ചരടുകൾ ചുറ്റിയതുപോലെ തോന്നിക്കുന്ന ബ്ലാക്ക് ബെൽറ്റാണ്.

സ്കർട്ടിനും ടോപ്പിനുമൊപ്പം അണിയുന്ന ബെൽറ്റുകൾക്കു കടുംവർണത്തിലുള്ള കല്ലുകളോ മുത്തുകളോ മിറർ വർക്കോ ചെയ്തിട്ടുണ്ടാകും. ഇതിൽ നിറയെ എംബ്രോയ്ഡറി ഉണ്ടാകും. ഫൈബർ മോഡൽ ബെൽറ്റുകൾക്ക് 250 രൂപ വില വരും. ജീൻസ് മെറ്റീരിയലിൽ നിർമിച്ച ബെൽറ്റ് വാങ്ങണമെങ്കിൽ 210 രൂപ മുടക്കേണ്ടി വരും.

ബെൽറ്റ് തെരഞ്ഞെടുക്കുമ്പോൾ പല കാര്യങ്ങളും പെൺകുട്ടികൾ നോക്കാറുണ്ട്. എല്ലാ വസ്ത്രത്തിനും ധരിക്കാൻ പാകത്തിലുള്ള ബെൽറ്റിനോടാണ് പലർക്കും പ്രിയം. മഞ്ഞ, ചുവപ്പ്, നീല, പിങ്ക്, ഓറഞ്ച്, വയലറ്റ് നിറങ്ങൾക്കാണ് ആരാധകർ ഏറെയും. ലെതർ, തുണി, ചണം, പനമ്പ്, സിന്തറ്റിക് റെക്സിൻ മെറ്റീരിയലുകളിലാണ് ബെൽറ്റ് നിർമിക്കുന്നത്. 200 മുതൽ 600 രൂപ വരെയാണ് ബെൽറ്റുകളുടെ വില.

<യ> എസ്.എം