അവരുടെ ഗാക് ഫ്രൂട്ട് തുന്പൂരിൽ മധുരപ്പാവൽ
Thursday, November 18, 2021 6:57 PM IST
തായ്ലൻഡുകാർ "ഹെവൻലി ഫ്രൂട്ട്' എന്നു വിളിക്കുന്ന ഗാക് ഫ്രൂട്ട് വേളൂക്കര പഞ്ചായത്തിലെ തുന്പൂരിലും വിളഞ്ഞു.
ഓസ്ട്രേലിയ, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിൽ സുലഭമായി കാണുന്ന ഈ പഴം കേരളത്തിൽ മധുരപ്പാവൽ എന്നാണ് അറിയപ്പെടുന്നത്. തുന്പൂരിലെ ആലയിൽ വീട്ടിൽ രാജേഷും കുടുംബവും നട്ടുവളർത്തിയ മധുരപ്പാവൽ വിളവെടുപ്പിനു പാകമായി.
ചുവന്ന നിറത്തിലാണു കായ്കൾ. പാഷൻ ഫ്രൂട്ട് പോലെ പടർന്നു പന്തലിക്കുകയും താഴോട്ട് കായ്കൾ തൂങ്ങിക്കിടക്കുകയും ചെയ്യും. ഇല മുതൽ വിത്തുവരെ ഉപയോഗിക്കാവുന്ന ഈ ചെടിക്ക് ഒട്ടേറെ ഔഷധഗുണങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു. പച്ചക്കറിയായും പഴമായും ഉപയോഗിക്കാം.
പന്തലിൽ പടർന്നു കയറിയ ചെടിയിൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ പഴം വിളഞ്ഞു കിടക്കുന്നതു മനോഹരമാണ്. വിയറ്റ്നാമിൽ ഉത്സവത്തിന് ഒഴിച്ചു കൂടാനാവാത്ത വിഭവമാണു ഗാക് പഴം.
വിദേശ രാജ്യങ്ങളിൽ ഇവയുടെ പഴത്തിന്റെ ജ്യൂസിനു വളരെ പ്രിയമാണ്. രാജേഷും ഭാര്യ സെനിതും മകൾ നീലിമയും കൂടിയാണു ചെടി സംരക്ഷിക്കുന്നത്. തുന്പൂർ റൂറൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസാണു സെനിത്.
മഞ്ഞപ്രയിലെ ജോജോയിൽ നിന്ന് എട്ടുമാസം മുന്‍പു ലഭിച്ച നാലു തൈകളിൽ രണ്ട് ആണ്‍ചെടിയും ഒരു പെണ്‍ചെടിയും നിലവിലുണ്ട്. ആണ്‍പൂക്കളും പെണ്‍പൂക്കളും വെവ്വേറെ ചെടികളിൽ ഉണ്ടാകുന്നതിനാൽ കൃഷിക്കാർ തന്നെ പരാഗണം നടത്തിയാണു കായ്കൾ പിടിപ്പിക്കുന്നത്.