പാര്‍ക്കിന്‍സൺസ് രോഗം: വീഴ്ചകൾക്കു സാധ്യതയേറുന്നു
Thursday, May 8, 2025 12:45 PM IST
ശരീരത്തിന്റെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ബേസൽ ഗാൻഗിയയും സബ്സ്റ്റാൻഷ്യ നൈഗ്രയും.
ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പിക്കുന്ന ഞരമ്പുകള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം.
രോഗലക്ഷണങ്ങള്‍ പേശികളുടെ ദൃഢത
എല്ലാ സന്ധികളും ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടും മൊത്തത്തില്‍ ഒരു കടുപ്പവും (stiffness) അനുഭവപ്പെടുകയും ചെയ്യും. ഇത് ഏതെങ്കിലും ഒരു വശത്തെ കൈകാലുകളില്‍ ആയിരിക്കും ആദ്യം വരുന്നത്.
കാലക്രമേണ എല്ലാ കൈകാലുകളെയും ബാധിക്കും. ഒടുവില്‍ കഴുത്തിലെയും നട്ടെലിലെയും പേശികളെ ബാധിക്കുമ്പോള്‍ കൂന് ഉണ്ടാകാം.
പ്രവര്‍ത്തികളില്‍ വേഗം കുറയുന്നു
പഴയ വേഗത്തിൽ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാകുക, നടത്തത്തിന്റെ വേഗം കുറയുക എന്നിവയൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
ഇത് ചിലപ്പോള്‍ കൂടെ ഉള്ളവരായിരിക്കും ആദ്യം ശ്രദ്ധിക്കുന്നത്. സംസാരത്തിലും ഈ വേഗക്കുറവ് കാലക്രമേണ പ്രകടമാകും.
ബാലന്‍സ് ഇല്ലായ്മ
പാര്ക്കിന്സണ് രോഗികളില്‍ വീഴ്ചകള്‍ സാധാരണമാണ്. കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോഴോ പെട്ടെന്ന് തിരിയുമ്പോഴോ നിരപ്പില്ലാത്ത തറയിലൂടെ നടക്കുമ്പോഴോ, പടികള്‍ ഇറങ്ങുമ്പോഴോ ഒക്കെ ബാലന്‍സ് തെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ മറ്റു ചില കാര്യങ്ങളിലും മാറ്റങ്ങള്‍ പ്രകടമാകാം.
* കൈയക്ഷരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് അതിലൊന്ന്. അക്ഷരങ്ങളുടെ വലുപ്പം എഴുതുമ്പോള്‍ കുറഞ്ഞുകുറഞ്ഞു വരികയും
പിന്നീട് തീരെ എഴുതാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകാം.
* മുഖത്തെ പേശികളുടെ ദൃഢത കാരണം മുഖത്ത് ഭാവമാറ്റങ്ങള്‍ കൊണ്ടുവരാന്‍ രോഗിക്ക് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ടുതന്നെ ദുഃഖമായാലും സന്തോഷമായാലും മുഖത്ത് ഒരേ ഭാവം ആയിരിക്കും.
* സാധാരണയായി നമ്മള് കൈകള്‍ വീശിയാണ് നടക്കുന്നത്. എന്നാല്‍ പാര്ക്കിന്സണ് രോഗികള്‍ നടക്കുമ്പോള്‍ കൈകള്‍ വീശാന്‍ സാധിക്കില്ല.
* സംസാരം വളരെ പതിഞ്ഞതും ഒരേ ടോണില്‍ ഉള്ളതുമായിരിക്കും.
* പാർക്കിൻസൺ ബാധിതരുടെ ആമാശയത്തിന്റെ ചലനങ്ങളും പതുക്കെ ആയതിനാല്‍ മലബന്ധം ഇത്തരം രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.
* ശരീരത്തിന്റെ മൊത്തത്തിലുള്ള വേദന, പ്രത്യേകിച്ചു തോളുകളുടെ വേദന കൂടുതലായിരിക്കും. ഉറക്കമില്ലായ്മയും ഇവരെ അലട്ടുന്ന ഒരു പ്രശ്നമാണ്.
* പാര്ക്കിന്സണ് രോഗികളില്‍ വിഷാദരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
വിവരങ്ങൾ: ഡോ. സുശാന്ത് എം. ജെ.
എംഡി, ഡിഎം, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.