ആ ചിരി മാഞ്ഞു, ഒത്തിരി മോഹങ്ങളും: പോയവര്‍ പോയില്ലേ, ജീവിച്ചിരിക്കുന്നവര്‍ക്ക് മാപ്പ്
Tuesday, August 12, 2025 2:46 PM IST
സ്ത്രീയും പുരുഷനും ഉള്ളകാലത്തോളം സ്ത്രീധനപീഡനവും മരണവും ആത്മഹത്യയും തുടരും. ഇതൊന്നും അവസാനിക്കാന്‍ പോകുന്നില്ല. എന്നാല്‍ പീഡനം ഏറ്റുവാങ്ങാതെ രക്ഷപ്പെടാനുള്ള മാര്‍ഗം ഇന്നുണ്ടായിട്ടും ആത്മഹത്യയിലേക്ക് നമ്മുടെ മക്കള്‍ ചാടി പുറപ്പെടുന്നുവെന്നതെന്തിനാണ്.
മാനസികമായി ഇരയാക്കപ്പെടുന്ന ഭാര്യയെ തളര്‍ത്തി ജീവിതത്തില്‍നിന്ന് ഒഴിവാക്കാനുള്ള കുരുക്കാണ് ഭര്ത്താക്കന്മാര് സൃഷ്ടിക്കുന്നത്. സ്വന്തം കുടുംബവും സമൂഹവും അല്ലെങ്കില്‍ സുഹൃത്തുക്കളോ കൂടെ നില്‍ക്കുമെന്ന ഉറച്ച ബോധ്യമാണ് ഇവര്‍ക്ക് വേണ്ടത്.
മകളെ വിവാഹം കഴിപ്പിച്ചുവിട്ടു കഴിഞ്ഞാല്‍ കടമ നിറവേറ്റി എന്ന ആശ്വാസത്തിലാണ് പലപ്പോഴും മാതാപിതാക്കള്‍. ചട്ടിയും കലവുമാണെങ്കില് തട്ടിയും മുട്ടിയിരിക്കുമെന്ന നിലപാട് മാറേണ്ടിയിരിക്കുന്നു.
രാജ്യത്തുടനീളം പ്രതിദിനം ഇരുപത്തിയൊന്ന് സ്ത്രീധന മരണങ്ങള് എങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പക്ഷേ ശിക്ഷാ നിരക്ക് 34.7 ശതമാനം മാത്രമാണ്. പീഡനവും പീഡനം സഹിക്കാന്‍ കഴിയാതെ മരണവും ഉണ്ടാവുമ്പോഴാണ് ഇവ പുറത്തെത്തുന്നത്. ഈ മരണങ്ങളില്‍ ഭൂരിഭാഗവും തൂങ്ങിമരിച്ചു, വിഷം കഴിച്ചു അല്ലെങ്കില്‍ തീകൊളുത്തി എന്നിങ്ങനെ തീരുന്നു.
ഉന്നത സ്വാധീനത്തിലുള്ള ഒത്തുതീര്‍പ്പുകളാണ് പലപ്പോഴും സ്ത്രീധന പീഡനകേസുകളിലെ തുടര്‍ നടപടികള്‍ മരവിപ്പിക്കുന്നത്. ഇതു കുറ്റ കൃത്യത്തില്‍ ഭാഗഭാക്കായവര്ക്കു നിയമത്തിനു പുറത്തു കടക്കാനുള്ള വഴിയും സ്ത്രീധന സമ്പദ്രായത്തിന് തന്നെ പരോക്ഷ പിന്തുണയോടെ നിലനില്‍ക്കാനുള്ള സാഹചര്യവും ഒരുക്കുന്നു.
പോയവര്‍ പോയില്ലെ. ജീവിച്ചിരിക്കുന്നവര്‍ക്ക് മാപ്പു നല്‍കാം എന്ന സമാധാനപ്പെടുത്തല്‍ തന്ത്രത്തില്‍ നിയമം മറയ്ക്കപ്പെടുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ ആവര്‍ത്തനങ്ങളില്‍ സാമൂഹിക-സാമ്പത്തിക ഘടകങ്ങളുടെ സങ്കീര്‍ണമായ ഇടപെടലും കാരണമായി നിലകൊള്ളുന്നു.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ലഭ്യമായ കണക്ക് പ്രകാരം 7,000 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുമ്പോള്‍ കഷ്ടിച്ച് 4,500 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നത്. പരാതികളില്‍ 67 ശതമാനത്തിലും ആറുമാസം വരെ വൈകിപ്പിച്ചാണ് പ്രഥമിക അന്വേഷണം എങ്കിലും നടന്നിട്ടുള്ളത്.
6,500 കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ നൂറ് എണ്ണത്തില്‍ മാത്രമാണ് ശിക്ഷ വിധിക്കപ്പെടുന്നത്. ചിലതു നീട്ടി വയ്ക്കപ്പെടുകയും ബാക്കി ഒത്തു തീര്പ്പിലോ ഭീഷണിയിലോ മടുപ്പിലോ വീണ് തീരുകയും അതുവഴി ഇരകള്‍ തകരുകയും ചെയ്യുന്നു.
2022 ല്‍ തെളിവുകളുടെ അഭാവം മൂലം 359 സ്ത്രീധന മരണങ്ങള് അവസാനിപ്പിച്ചതായി എന്‍സിആര്‍ബി ഡാറ്റ കാണിക്കുന്നു. 4,148 കൊലപാതക കേസുകള്‍ റിജിസ്റ്റര്‍ ചെയ്യപ്പെട്ടവയായി ഉണ്ടായപ്പോഴാണ് ഇത്.
2017- 2022 വര്‍ഷങ്ങളില്‍ രാജ്യത്ത് നടന്ന 6,100 കൊലപാതക കേസുകളില്‍ സ്ത്രീധനം ആയിരുന്നു കാരണം. സ്ത്രീധനവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളില്‍ 80 ശതമാനവും ബിഹാര്‍, ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, രാജസ്ഥാന്, ഹരിയാന സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയും ഇതില്‍ മുന്നിട്ട് നില്ക്കുന്നു.
സ്ത്രീകള്‍ നേരിടുന്ന ശാരീരിക-മാനസിക പീഡനങ്ങളില്‍ ഏറിയ പങ്കും ഉണ്ടാക്കുന്നത് കുടുംബത്തില്‍ നിന്നും (ഡൊമസ്റ്റിക് വയലന്‍സ്) അതില്‍ തന്നെ ജീവിത പങ്കാളികളായ പുരുഷന്മാരില് നിന്നുമാണ്. 2022 ല്‍ രാജ്യത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ട് 13,479 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 6,450 മരണങ്ങള് ഉണ്ടായി.
ഇവയില്‍ 2,218 മരണങ്ങള് ഉത്തര്‍പ്രദേശിലാണ്. ബീഹാറും (1,057) മധ്യപ്രദേശും (518) പീഡനങ്ങളിലൂടെ ജീവനെടുത്തതില്‍ തൊട്ടുപിന്നിലുണ്ട്.ഇതേ കാലയളവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 442 സ്ത്രീധന മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ കര്‍ണാടക 167 കേസുകളുമായി മുന്നിലാണ്. തെലങ്കാന 137, തമിഴ്നാട് 29, കേരളം 11 എന്നിങ്ങനെയാണ് കണക്കുകള്‍.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2,776 സ്ത്രീധന പീഡന കേസുകള്‍ ഉണ്ടായി. ഇവയില്‍ 2,224 കേസുകളുമായി കര്‍ണാടകയാണ് മുന്നില്‍, ആന്ധ്രാപ്രദേശ് (298), തമിഴ്നാട് (220), കേരളം (28), തെലങ്കാന (6) എന്നിവയാണ് പിന്നാലെ. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ 359 സ്ത്രീധന മരണങ്ങള് അവസാനിപ്പിച്ചു.
ഈ കണക്കുകള്‍ എല്ലാം ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റജിസ്റ്റര്‍ പ്രകാരമുള്ളതാണ്. കുറ്റകൃത്യങ്ങളുടെ യഥാര്‍ഥ വിവരമല്ല, മറിച്ച് രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് ഇത്. സാമൂഹിക സംവിധാനങ്ങളും നിയമസഹായ സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടുന്ന സാഹചര്യത്തില്‍ മാത്രമാണ് കേസുകള്‍ പൊലീസ് സ്റ്റേഷനിലോ കോടതിയിലോ എത്തുന്നത്. അല്ലാതിടങ്ങളിലെ കണക്കുകളും നിലയും താരതമ്യം ചെയ്തെടുക്കുമ്പോള്‍ ഭീതിതമാവും.
എല്ലാ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളിലും ഈ പീഡനങ്ങള്‍ തുടരുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ 2018 ലെ കണക്കുകള്‍ പ്രകാരം മൂന്നില്‍ ഒരു സ്ത്രീ (30 ശതമാനം) പങ്കാളിയില്‍ നിന്നുള്ള ശാരീരിക മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.
സ്ത്രീ കൊലപാതകങ്ങളില്‍ 38 ശതമാനവും, സ്ത്രീകളുടെ ആത്മഹത്യകളില്‍ മൂന്നിലൊന്നിന് പിന്നിലും പങ്കാളിയുടെ പീഡനമാണെന്ന് കണക്കുകള്‍ പറയുന്നു. ശാരീരിക-ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ കണക്ക് ചില രാജ്യങ്ങളില്‍ 50 ശതമാനത്തിലും കൂടുതലാണ്.
ഇത്തരം സാഹചര്യത്തില്‍ ജീവിക്കുന്ന കുട്ടികളുടെ ആരോഗ്യവും മോശമാകും. ശാരീരിക വളര്‍ച്ച കുറവ്, പോഷകാഹാര കുറവ്, ശിശു മരണ നിരക്ക് തുടങ്ങിയവ ഇത്തരം സഹാചര്യത്തില്‍ വളരുന്ന കുട്ടികളില്‍ കൂടുതലാണ്. അതോടൊപ്പം കുട്ടിയുടെ മാനസിക വളര്‍ച്ചയെയും ബാധിക്കാം. അവരുടെ സാമൂഹിക ബോധത്തെ തന്നെ തെറ്റായ രീതിയില്‍ രൂപപ്പെടുത്തുന്നതിന് കാരണമാവാം.
ആത്മഹത്യ തെറ്റാണ്. ഭര്‍ത്താവ് സംശയരോഗിയും പീഡിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കളെയോ ബന്ധുക്കളെയോ അല്ലെങ്കില്‍ പോലീസിനെയോ വിളിക്കാന്‍ തയാറാകുക. സ്വന്തംജീവിതം തകര്ത്തുകളഞ്ഞിട്ടു പീഡകനെ വിജയിക്കാന്‍ അനുവദിക്കാതെയിരിക്കുക എന്നതാണ് മക്കളെ നിങ്ങള്‍ ചെയ്യേണ്ടത്.