പരിമിതികളെ തോല്‍പ്പിച്ചവരുടെ കരവിരുതിനു വിദേശത്തും പ്രിയം
Saturday, September 27, 2025 5:44 PM IST
പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്സ്പെയറിലെ ഭിന്നശേഷിക്കാര്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക്.18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ നിര്‍മിച്ച വിവിധ ഉത്പന്നങ്ങളാണ് കടൽ കടക്കാനൊരുങ്ങുന്നത്.
ക്ലീനിംഗ് പ്രോഡക്ട്, പേപ്പര്‍ ബാഗ്, നോട്ട്ബുക്കുകള്‍, കരകൗശല വസ്തുക്കള്‍, സ്വാഭിമാന്‍ കിറ്റ്, കോര്‍പറേറ്റ് സമ്മാനങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയവയാണ് വിപണിയിലേക്കെത്തുന്നത്. ഈ വര്‍ഷമാരംഭിച്ച പേപ്പര്‍ ബാഗ് യൂണിറ്റിന്റെ ഉത്പന്നങ്ങള്‍ മസ്കറ്റിലെ ഹെല്‍വ ടൈലറിംഗ് യൂണിറ്റിലേക്ക് കയറ്റിയയച്ചിരുന്നു.
കാസര്‍ഗോഡ് ബേക്കലിലെ താജ് റിസോര്‍ട്ടിന് വേണ്ടിയും സാമ്പിള്‍ പേപ്പര്‍ ബാഗ് നിര്‍മിച്ചു നല്കി വരുന്നുണ്ട്. മസ്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രജോദന മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഉപയോഗിച്ചത് ഇവരുടെ ജൂട്ട് കൊണ്ട് നിര്‍മിച്ച മെമന്റോകളായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്പെയറിന്റെ ഉത്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കാനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഭിന്നശേഷിക്കാരുടെ പരിമിതികള്‍ മനസിലാക്കി അവരിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിലും തൊഴില്‍, സ്വാശ്രയത്വം, വ്യക്തിഗത വളര്‍ച്ച എന്നിവയിലേക്കുള്ള വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ 2019 ല്‍ രൂപം കൊടുത്ത ഇന്‍സ്പെയര്‍ എന്ന കൂട്ടായ്മയാണ് ലക്ഷ്യപ്രാപ്തിയിലേക്കെത്തിയത്.
തളിപ്പറമ്പ് കാഞ്ഞിരങ്ങാട് റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് രണ്ടുവര്‍ഷങ്ങളിലായി നെറ്റിപ്പട്ട നിര്‍മാണത്തിലും പേപ്പര്‍ ബാഗ് നിര്‍മാണത്തിലും പരിശീലനം നല്കി ഇവരെ സഹായിച്ചുവരുന്നത്. കൂടാതെ ശ്രീ രാഘവപുരം സഭായോഗത്തിന്റെ സാമൂഹിക സേവന വിഭാഗത്തിന്റെ സഹകരണത്തോടെ പ്രചോദിനി എന്ന പേരില്‍ നോട്ടുബുക്കുകളുടെ നിര്‍മാണം നടക്കുന്നു.
2023ല്‍ കാസര്‍ഗോഡ് അക്കര ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി യൂണീക് ടാലന്റ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ച് 40 ഓളം പഠിതാക്കള്‍ക്ക് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ സര്‍ട്ടിഫിക്കറ്റോടുകൂടി ഡാറ്റ എന്‍ട്രി കോഴ്സും പൂര്‍ത്തീകരിച്ചിരുന്നു.
ഭിന്നശേഷിക്കാരെ സ്വയംതൊഴിലിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഇന്‍സ്പെയറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ശൈലം വില്ലേജ് എന്ന പേരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ആരംഭിച്ചു. മിഷന് 90 കാമ്പയിനിലൂടെ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഇതിനകം വിവിധ അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇന്സ്പെയറിലൂടെ അംഗങ്ങളെ തേടിയെത്തിയിരുന്നു.
ഭിന്നശേഷിക്കാരുടെ ദേശീയതല മത്സരത്തില്‍ കേരളത്തിലെ ആദ്യ സ്വര്‍ണ മെഡലും വെള്ളിമെഡലും ഇന്സ്പെയറാണ് നേടിയത്. നിലവില്‍ എട്ടുപേരാണ് ഇവിടെ സ്ഥിരമായി ഉത്പന്ന നിര്‍മാണത്തിലുള്ളത്. ദൂരെ ദിക്കുകളില്‍ താമസിക്കുന്ന അഞ്ചുപേര്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനനുസരിച്ച് ജോലിക്കായി എത്തുന്നവരാണ്. മസ്കറ്റിലേക്ക് രണ്ടാംവട്ട ഓര്‍ഡറും ലഭിച്ചതോടെ ഉത്പന്നങ്ങള്‍ ഗുണമേന്മയില് മികച്ചതാണെന്ന് ബോധ്യപ്പെട്ടതായി ഇന്‍സ്പെയറിന്റെ സാരഥികള്‍ പറഞ്ഞു.
സി.എം. ഉണ്ണികൃഷ്ണനാണ് സ്ഥാപനത്തിന്റെ ഡയ റക്ടർ. പഴയങ്ങാടി വാദിഹുദയില്‍ ലൈബ്രേറിയനായി ജോലി ചെയ്തിരുന്ന ഇദ്ദേഹമിപ്പോള്‍ കാസര്‍ഗോഡ് ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ ലൈബ്രറേറിയനാണ്.
യുണീക് ടാലന്റ് വൊക്കേഷണല്‍ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന സിദ്ധാര്‍ഥ് വണ്ണാരത്ത്, ഇന്‍സ്പെയര്‍ പ്രോജക്ട് ഡയറക്ടര്‍ സെറീന ഭാനു, ശൈലം വില്ലേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പി.വി. ലതിക തുടങ്ങിയവര്‍ പിന്തുണയുമായി ഉണ്ണിക്കൃഷ്ണനൊപ്പമുണ്ട്.