കോടമഞ്ഞിൽ പുതഞ്ഞ് പാലക്കയംതോട്
കോടമഞ്ഞിൽ പുതഞ്ഞ് പാലക്കയംതോട്
മൂന്നാറിനെയും ഊട്ടിയേയും വെല്ലുന്ന കോടമഞ്ഞ്, കുടകുമലനിരകളുടെ സാന്നിധ്യം, നോക്കെത്താദൂരത്തോളം പുൽമേടുകൾ, സമുദ്രനിരപ്പിൽനിന്നു 3500 അടി ഉയരം, അപൂർവങ്ങളായ സസ്യജീവജാലങ്ങൾ, നീരുറവകൾ എന്നിങ്ങനെ പോകുന്നു പാലക്കയംതട്ടിന്റെ വിശേഷണങ്ങൾ.

ഉത്തരമലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്ന പാലക്കയംതട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണിപ്പോൾ. കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ മണ്ടളം ടൗണിൽനിന്നു കേവലം നാലുകിലോമീറ്ററും കരുവഞ്ചാൽ ടൗണിൽനിന്നു തുരുമ്പി വഴി ഒൻപതുകിലോമീറ്ററും യാത്രചെയ്താൽ പാലക്കയംതട്ടിലെത്താം. റോഡുകൾ ടാർ ചെയ്ത് വികസിപ്പിച്ചതോടെ വാഹനങ്ങൾ ഇങ്ങോട്ടേക്ക് ഒഴുകുകയാണ്. വാഹനങ്ങൾ മലമുകളിൽ എത്തുന്നതിനാൽ സഞ്ചാരികൾക്ക് അൽപംപോലും നടക്കേണ്ടതില്ല. അതിനാൽ തന്നെ പാലക്കയംതട്ട് സഞ്ചാരികൾ ഇഷ്‌ടപ്പെടുന്നു. തട്ടിൽ എത്തിക്കഴിഞ്ഞാൽ മറ്റൊരു സ്‌ഥലത്ത് എത്തിയ പ്രതീതിയാണുള്ളത്.

കഴിഞ്ഞ ഒരു മാസത്തിനിടെ പാലക്കയംതട്ട് സന്ദർശിക്കാനെത്തിയത് പതിനായിരങ്ങളാണ്. ടൂറിസം മേഖലയിൽ ടൂറിസം ഡിപ്പാർട്ട്മെന്റ് പാലക്കയംതട്ടിന് വേണ്ട പരിഗണന നൽകുന്നില്ലെങ്കിലും സഞ്ചാരികളുടെ വർധിച്ചുവരുന്ന സാന്നിധ്യം പാലക്കയംതട്ടിനെ സംസ്‌ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കുകയാണ്. പ്രത്യേകതകൾ പലതുണ്ടെങ്കിലും സഞ്ചാരികൾക്ക് പ്രിയങ്കരം വന്നും പോയും നിൽക്കുന്ന ഇവിടത്തെ കോടമഞ്ഞും കുളിരണിയിക്കുന്ന കാലാവസ്‌ഥയും തന്നെ.

ഒരു കോടിയുടെ വികസന പ്രവർത്തനങ്ങളാണ് പാലക്കയംതട്ടിൽ നടന്നുവരുന്നത്. ആദ്യഘട്ടമായി നൂറോളം സൗരോർജവിളക്കുകളും ചാരുബഞ്ചും പാലക്കയംതട്ടിന് ചുറ്റും സുരക്ഷാവേലികളും സ്‌ഥാപിച്ചിട്ടുണ്ട്. കോടമഞ്ഞിൽ പുതഞ്ഞ് നിൽക്കുന്ന വിളക്കുകൾ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരങ്ങളായി മാറിയിരിക്കുന്നു. കൂടാതെ വീക്ഷണഗോപുരത്തിന്റെ നിർമാണവും നടന്നുവരുന്നു.


<ശാഴ െൃര=/ളലമേൗൃല/േീറമ്യബ2016മൗഴ27ാമ2.ഷുഴ മഹശഴി=ഹലളേ>

പാലക്കയംതട്ട് എന്ന പ്രദേശം 65 ഏക്കറോളം വരുന്ന റവന്യൂഭൂമിയാണ്. ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചതോടെ പാലക്കയംതട്ടിൽ വൻ കൈയേറ്റങ്ങളാണ് നടക്കുന്നത്. ചിലർ പ്രദേശത്ത് വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. സെന്റിന് ആയിരം രൂപപോലും വിലയില്ലാതെ കാട്കയറി കിടന്ന പ്രദേശത്ത് ഇപ്പോൾ കച്ചവടം നടക്കുന്നത് ലക്ഷങ്ങൾക്കാണ്. പാലക്കയംതട്ടിലേക്ക് കോട്ടയംതട്ട് അടിവാരത്തുനിന്നു മികച്ച സൗകര്യത്തോടുകൂടിയ ഒരു റോഡ് ഇല്ല. കഷ്‌ടിച്ച് ഒരു വാഹനം മാത്രം കടന്നുപോകാൻ തക്ക വീതിയിൽ ഒരു റോഡ് മാത്രമാണ് ഉള്ളത്. ഈ റോഡിലേക്ക് മണ്ണിടിച്ചിലും പതിവാണ്.

സഞ്ചാരികളുടെ തിരക്ക് ഏറിയതോടെ മണ്ടളം, നടുവിൽ, കുടിയാന്മല, കനകക്കുന്ന്, കോട്ടയംതട്ട് എന്നിവിടങ്ങളിലെ ഇരുപതിലധികം ടാക്സി ജീപ്പുകളാണ് പാലക്കയംതട്ടിലേക്ക് സർവീസ് നടത്തുന്നത്. വിനോദസഞ്ചാര വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ സ്‌ഥാപനത്തിന്റെയോ യാതൊരു നിയന്ത്രണവുമില്ലാതെ പാലക്കയംതട്ട് നാഥനില്ലാക്കളരിയായി മാറുകയാണ് എന്ന ആക്ഷേപവും നിലവിലുണ്ട്. ഏതുപ്രായക്കാർക്കും ഇഷ്‌ടപ്പെടുന്ന കേരളത്തിലെ എന്നുവേണ്ട ഇന്ത്യയിലെതന്നെ അതിമനോഹരമായ പാലക്കയംതട്ടിന്റെ വികസനവും അനുബന്ധ പ്രവർത്തനങ്ങളും ഉടനടി ഏകോപിപ്പിക്കപ്പെടേണ്ടതുണ്ട്. ഓരോ ദിവസം ചെല്ലുംതോറും രാത്രി വൈകിയും ആയിരങ്ങളാണ് ഇടതടവില്ലാതെ മലയിലേക്ക് എത്തുന്നത്. സൂര്യാസ്തമയം കണ്ട് മടങ്ങുന്നവരും നിരവധിയാണ്.