ലോക പൈതൃകങ്ങളുടെ സംരക്ഷണം മാനവികതയുടെ പ്രകാശനം
Saturday, July 25, 2020 7:29 PM IST
ലോക പൈതൃക പദവിയുള്ള ഹാഗിയ സോഫിയ ഒരു മതവിഭാഗത്തിന്റെ മാത്രം ആരാധനാലയമാക്കി പ്രതിഷ്ഠിക്കാനുള്ള തുർക്കി ഭരണാധികാരികളുടെ നീക്കം വേദനയോടെയാണ് ചരിത്ര തനിമകൾ സംരക്ഷിക്കണമെന്നാഗ്രഹിക്കുന്ന സാംസ്കാരിക ലോകം ശ്രവിച്ചത്. തുർക്കിയിലെ അഡ്മിനിസ്ട്രേറ്റീവ് കോടതിയായ കൗണ്സിൽ ഓഫ് സ്റ്റേറ്റിന്റെ വിധി തീർപ്പെന്ന പേരിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ മതമൗലിക നിലപാട് ഈ ലോക പൈതൃകം ആരാധനാലയമാക്കുന്നതിലൂടെ പുറത്തുവന്നിരിക്കുകയാണ്. കടുത്ത യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ രാജ്യത്തിന് ഭാവാത്മകമായ ഫലങ്ങൾ ഉളവാക്കില്ലെന്ന് മാത്രമല്ല, വിപരീത സ്ഥിതിവിശേഷം ഉളവാക്കുകയും ചെയ്യും.
ക്രൈസ്തവ കത്തീഡ്രൽ
കോണ്സ്റ്റാന്റിനോപ്പിൾ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന കിഴക്കൻ റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമൻ ആണ് എ.ഡി. 537ൽ ഈ ക്രൈസ്തവ കത്തീഡ്രൽ പണി കഴിപ്പിച്ചത്. ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ആരാധനാലയമായിരുന്നു ഈ കത്തീഡ്രൽ. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള ഈ ബൈസന്റൈൻ ദേവാലയം വാസ്തുകലയുടെ ഒരു കമനീയ കലവറ തന്നെയാണ്. ഹാഗിയ സോഫിയ എന്ന പദത്തിന്റെ അർഥം "പരിശുദ്ധ ജ്ഞാനം' എന്നാണ്. മാനവികതയുടെ വിശ്വഗോപുരമായി ഉയർന്നുനിന്ന ഈ ലോകപൈതൃകത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് തുർക്കി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
1453-ൽ കോണ്സ്റ്റാന്റിനോപ്പിൾ കീഴടക്കിയ ഓട്ടോമാൻ തുർക്കികൾ ഈ കത്തീഡ്രലിനെ മുസ്ലിം ആരാധനാലയമാക്കി പ്രഖ്യാപിച്ചു. ഒരു ജനവിഭാഗത്തിന്റെ വിശ്വാസപൈതൃകത്തിന്റെ നേർക്കാഴ്ചയായ ഈ ദൈവാലയം അധികാരശക്തിയുപയോഗിച്ച് മാറ്റിമറിച്ചത് ഹൃദയഭേദകമായ അനുഭവമായിരുന്നു. മുസ്ലിം സമൂഹത്തിലെ തന്നെ ധിഷണാശാലികൾ ഇതിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. അതിന്റെയെല്ലാം അനന്തരഫലമായി തുർക്കി റിപ്പബ്ളിക്കിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റും ക്രാന്തദർശിയുമായിരുന്ന മുസ്തഫ കമാൽ അത്താതുർക്ക് 1935 - ൽ ഈ കത്തീഡ്രലിന്റെ ചരിത്രപ്രാധാന്യവും വാസ്തുകലാ മേന്മയുമെല്ലാം കണക്കിലെടുത്ത് മ്യൂസിയമായി പ്രഖ്യാപിച്ചു. ഇപ്രകാരം എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമായിരുന്ന ഹാഗിയ സോഫിയ ഒരു മതത്തിന്റെ ആരാധനാലയമായി ഏകപക്ഷീയമാംവിധം ഇപ്പോൾ പ്രഖ്യാപിക്കപ്പെടുന്പോൾ സാംസ്കാരിക ലോകം വേദനയോടും ആശങ്കയോടുംകൂടെ ഈ സംഭവവികാസങ്ങളെ നോക്കിക്കാണുകയാണ്. തുർക്കി പ്രസിഡന്റിന്റെ ഈ ദിശയിലുള്ള നീക്കത്തിൽ യുനസ്കോയും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്തോനേഷ്യൻ മാതൃക
ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായ ഇന്തോനേഷ്യ ഇക്കാര്യത്തിൽ നൽകുന്ന മാതൃക തുർക്കി ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാജ്യമായിരിക്കുന്പോഴും ഹിന്ദുമതം, ബുദ്ധമതം, ക്രിസ്തു മതം എന്നിവയുടെ പുരാതന ആരാധനാലയങ്ങളും സൗധങ്ങളും സംരക്ഷിക്കുന്നതിൽ ഇന്തോനേഷ്യ പുലർത്തുന്ന ആർജവം ലോകത്തിനു മുഴുവൻ ദിശാബോധം പകരുന്നതാണ്. തലസ്ഥാനമായ ജക്കാർത്തയിൽ തന്നെ ഗീതോപദേശത്തിന്റെ കൂറ്റൻ ശില്പം ഈ ശ്രേഷ്ഠസംസ്കാരത്തിന് അടിവരയിട്ടുകൊണ്ട് തലയുയർത്തി നിൽക്കുന്നു. ബോറോബുദൂർ, പ്രന്പനാൻ തുടങ്ങിയ ക്ഷേത്രങ്ങൾ അവയുടെ ആത്മീയ കാന്തി പടർത്തി ഈ മുസ്ലിം രാജ്യത്ത് പ്രശോഭിക്കുന്പോൾ അത് മാനവികതയുടെ ഉദാത്തമായ നേർക്കാഴ്ചയാകുന്നുവെന്ന് മാത്രമല്ല, മുസ്ലിം സംസ്കാരത്തെ ലോകത്തിനു മുൻപിൽ മഹത്തരമാക്കുകയും ചെയ്യുന്നു.
തുർക്കി ഭരണകൂടത്തിന്റെ കാഴ്ചയില്ലായ്മയും ഇന്തോനേഷ്യൻ ഭരണകൂടത്തിന്റെ നേർക്കാഴ്ചയും വിലയിരുത്തപ്പെടുന്പോൾ ഇന്തോനേഷ്യ എന്തുകൊണ്ട് മൗലികവാദങ്ങളും തീവ്രവാദങ്ങളും തങ്ങളുടെ പടിക്കുപുറത്തു നിർത്തിയിരിക്കുന്നു എന്നത് ശ്രേഷ്ഠമായ ഒരു മാനവിക ആചാരത്തിന്റെ വിശാലമായ കണ്ണികൾ കോർത്തിണക്കിക്കൊണ്ടാണെന്ന് നമുക്ക് ബോധ്യം വരും. ആത്മീയതയുടെയും വിശ്വാസത്തിന്റെയും വഴികളിൽ ആരും ആർക്കും പ്രതിബന്ധമാകാതിരിക്കുന്നതിലൂടെ മതാത്മകമൂല്യങ്ങളുടെ തനിമ കലർപ്പില്ലാതെ കാണാൻ ജനസഞ്ചയത്തിനിടയാക്കുകയും ചെയ്യുന്നു. ഇവിടെ വിശ്വസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളാണ് പകർന്നുകിട്ടുന്നത്.
സാംസ്കാരിക പൈതൃകങ്ങളും വിശ്വാസ സ്മാരകങ്ങളുമൊക്കെ സംരക്ഷിക്കുന്നതിൽ ആധുനിക ലോകത്തിന് ഒരു പുനർവായന തന്നെ ആവശ്യമാണെന്ന് ഹാഗിയ സോഫിയ സംഭവം നമ്മെ പഠിപ്പിക്കുന്നു. മാനവികതയുടെ വിശ്വസൗന്ദര്യം ഉൾക്കൊള്ളാൻ തക്കവിധം കാഴ്ച മതാധിഷ്ഠിതമായ ഒരു വ്യവസ്ഥിതിക്ക് അനിവാര്യമാണെന്നും അപ്രകാരമുള്ള കാഴ്ചയിലൂടെ മാത്രമേ മനുഷ്യജീവിതത്തിന്റെ അന്തഃസത്തയെ പ്രകാശിപ്പിക്കാനാവൂ എന്നും വ്യക്തമാണ്.
വിനാശകരമായ അലയടികൾ
മനുഷ്യജീവിതത്തിലെ എല്ലാ കാഴ്ചകൾക്കും പിന്നിലുള്ള നിത്യസത്യത്തെ വെളിപ്പെടുത്താനുള്ള കർമയോഗത്തിൽ മതങ്ങൾക്കു വഹിക്കാനുള്ള ശ്രേഷ്ഠ സ്ഥാനം സങ്കുചിതവും നിക്ഷിപ്തവും വിഭാഗീയവുമായ നിലപാടുകളാൽ ഭാവാന്തരം വരുന്പോൾ അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന വിനാശകരമായ അലയടികൾ പേടിപ്പെടുത്തുന്നതാണ്. സത്യത്തിലും സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും എല്ലാ വിഭാഗങ്ങളും ഒന്നാകുന്പോഴാണ് മാനവികതയുടെ ചക്രവാളങ്ങൾ വികസിക്കുന്നത്.
കാലബോധം നഷ്ടപ്പെട്ടു പോകാതിരിക്കാൻ നമ്മെ സഹായിക്കുന്നതാണ് പൈതൃകങ്ങളും സ്മാരകങ്ങളും. കാലവും ഓർമകളും സാംസ്കാരിക ഈടുവയ്പുകളുമെല്ലാം കാലഹരണപ്പെട്ടതും ഏതെങ്കിലും വിഭാഗങ്ങൾക്ക് ഭീഷണിയുമാണെന്ന ചിന്ത നിഴലുകളെ ഭയപ്പെടുന്നത് പോലെയാണ്. സാംസ്കാരിക ബഹുസ്വരതയും വ്യത്യസ്ത മതവീക്ഷണങ്ങളും നമ്മുടെ പാരന്പര്യങ്ങളെയും പൈതൃകങ്ങളുടെയും കലവറകളിലേക്ക് മൂലധനം സ്വരൂപിപ്പിക്കുന്നതും നമ്മുടെ വീക്ഷണകോണുകളുടെ വികാസം ത്വരിതപ്പെടുത്തുന്നതുമാണ്. അസാധാരണമായ അവകാശത്തർക്കങ്ങളും സങ്കീർണമായ ഉടമസ്ഥാവകാശ വ്യവഹാരങ്ങളും വസ്തുനിഷ്ഠമല്ലാത്ത ഒത്തുതീർപ്പുകളുംമൂലം വീർപ്പുമുട്ടുന്ന അന്തരീക്ഷമാണ് സാമൂഹ്യവ്യവസ്ഥിതിയിൽ നാം അനുഭവിക്കുന്നത്.
മതപരമായ കാര്യങ്ങളിൽ ഇവയുടെ സ്വാധീനം വളരെ ശക്തമായി അനുഭവപ്പെടുന്നുവെന്നതും യാഥാർഥ്യമാണ്. വിട്ടുവീഴ്ചകൾക്കും സമവായത്തിലും സാധ്യമല്ലാത്തവിധം മനസ് ചുരുങ്ങുന്പോൾ വിധിതീർപ്പുകൾ അനന്തമായി നീളുകയും യാഥാർഥ്യബോധത്തോടെ പ്രശ്നങ്ങളെ സമീപിക്കുന്നതിന് പരിമിതികളാകുകയുമാണ്. മതമൗലികവാദങ്ങൾക്കും തീവ്രനിലപാടുകൾക്കും ഇടംലഭിക്കുന്നത് സങ്കുചിതമായ നിലപാടുകളുടെയും സമീപനങ്ങളുടെയും ഫലമാണ്.
തച്ചുടയ്ക്കപ്പെട്ട മാനവികത
ലോക പൈതൃകമായ ഹാഗിയ സോഫിയയുടെമേൽ തുർക്കി ഭരണകൂടം ഏൽപ്പിച്ച ആഘാതം മാനവികതയുടെ സംസ്കാരത്തിന് ഏൽപ്പിക്കപ്പെട്ട മുറിവാണ്. എഡി 537 ൽ പണികഴിക്കപ്പെട്ട ഈ ക്രൈസ്തവ ദൈവാലയം 1453 വരെ ബൈസന്റൈൻ ക്രൈസ്തവ വിശ്വാസ ജീവിതത്തിന്റെ കേന്ദ്രമായിരുന്നു. 1453 - ൽ മാത്രമാണ് തുർക്കികൾ കോണ്സ്റ്റാന്റിനോപ്പിൾ കീഴടക്കിയത്.അന്ന് ബലപ്രയോഗത്തിലൂടെ ഈ കത്തീഡ്രൽ മോസ്ക് ആക്കുകയായിരുന്നു. ഈ തെറ്റ് 1935 - ൽ തുർക്കി ഭരണകൂടം തിരുത്തി പൊതു പൈതൃകമാക്കി. ഇത് ഇന്ന് ലോക പൈതൃകപട്ടികയിലുമാണ്. വീണ്ടും ഹാഗിയ സോഫിയ മോസ്ക് ആക്കുന്പോൾ ചരിത്രവും പാരന്പര്യവും മാനവികതയും തച്ചുടക്കപ്പെട്ടിരിക്കുന്നു.
ചരിത്രപരമായ സത്യവും സൗന്ദര്യവും വിശുദ്ധ കലയും സമന്വയിപ്പിച്ചിരിക്കുന്ന ഹാഗിയാ സോഫിയയ്ക്ക് ചരമഗീതമെഴുതുന്ന തുർക്കി ഭരണകൂടം മാനവികതയുടെ ഉദാത്തദർശനങ്ങൾക്കു കളങ്കം ചാർത്തുക മാത്രമല്ല, ലോക പൈതൃക പദവിയുള്ള ഒരു സ്മാരകത്തിന്റെ സാംസ്കാരിക ഉടമസ്ഥാവകാശത്തെ കവർന്നിരിക്കുകയു മാണ്. സ്രഷ്ടാവായ ദൈവം നൽകിയ കഴിവിൽനിന്നും മനുഷ്യന്റെതന്നെ പരിശ്രമത്തിൽനിന്നും ഉരുത്തിരിയുന്ന ശില്പകല, ദർശനത്തിനോ ശ്രവണത്തിനോ ഉതകുന്ന ഭാഷയിൽ യാഥാർഥ്യത്തിന്റെ സത്യത്തെ രൂപപ്പെടുത്താൻ വേണ്ടി അറിവും വൈദഗ്ധ്യവുംതമ്മിൽ ഒന്നിപ്പിക്കുന്ന പ്രായോഗിക ജ്ഞാനത്തിന്റെ ഒരു രൂപമാണ്.
ഉണ്മകളുടെ സത്യത്താലും അവയോടുള്ള സ്നേഹത്താലും പ്രചോദിപ്പിക്കപ്പെടുന്നിടത്തോളം ഹാഗിയാ സോഫിയയും സൃഷ്ടിയിലുള്ള ദൈവത്തിന്റെ പ്രവർത്തനത്തോട് ഒരുതരത്തിൽ സാദൃശ്യം വഹിക്കുന്നു. ഈ മഹത്തായ പൈതൃകത്തെ സംരക്ഷിക്കുകവഴി ഒരേ ദിശയിൽ നീങ്ങുന്ന വിശ്വാസസംഹിതകളെ കൂടുതൽ വെളിപ്പെടുത്തുകയാണ് മനുഷ്യകുലം ചെയ്യുന്നത്. തുർക്കി ഭരണകൂടം ഒരിക്കൽക്കൂടി തെറ്റ് തിരുത്തി ഹാഗിയാ സോഫിയയെ ലോകപൈതൃകമായി നിലനിർത്തും എന്ന് പ്രത്യാശിക്കാം.
ബിഷപ് ജേക്കബ് മുരിക്കൻ