മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയാക്കാൻ അനുവാദം തേടി തമിഴ്നാട് സുപ്രീം കോടതിയിൽ
Friday, November 2, 2018 10:05 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ അനുവാദം തേടി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. അണക്കെട്ട് സുരക്ഷിതമാണെന്നും പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആശങ്ക ഉന്നയിച്ച് റസൽ ജോയി നൽകിയ ഹർജിയിന്മേൽ നൽകിയ മറുപടിയിലാണ് തമിഴ്നാട് ഈ ആവശ്യം ഉന്നയിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി നിലനിർത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം തള്ളി ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നടപടി.
മുല്ലപ്പരിയാറിലെ ജലനിരപ്പ് 142 അടി വരെയാക്കി ഉയർത്താൻ 2006ൽ സുപ്രീം കോടതി തങ്ങൾക്ക് അനുമതി നൽകിയിരുന്നതാണ്. അണക്കെട്ടിനെ ശക്തിപ്പെടുത്തുകയും വിദഗ്ധരുടെ സ്വതന്ത്ര സമിതി അക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തശേഷം 152 അടി വരെ ജലനിരപ്പാക്കാനും അനുമതി നൽകിയിരുന്നു. കേരളത്തിൽ പെരിയാറിലെ കല്ലാർ ഒഴികെ മറ്റെല്ലാം വലിയ ഗ്രാവിറ്റി അണക്കെട്ടുകളാണ്. ഇടുക്കി അണക്കെട്ട് കോണ്ക്രീറ്റ് ആർച്ച് ഡാമാണ്. ആർച്ച് ഡാമിനേക്കാൾ ബലമുള്ളതാണ് ഗ്രാവിറ്റി ഡാമുകളെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.