ചരിത്രങ്ങൾ പലത് കുറിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം അതിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു വ്യക്തിക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവും ബഹുമാനവുമാണ് യുഎഇ എന്ന മുസ്‌ലിം രാജ്യം റോമിന്‍റെ തലവന് നൽകിയതും.

ചരിത്രപരമായ സന്ദർശനവും മതാന്തര സമ്മേളനങ്ങളും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളും ഉൾപ്പെടെ പല കാര്യങ്ങളും രണ്ട് ദിവസത്തിനുള്ളിൽ ലോക ശ്രദ്ധയിൽ പതിഞ്ഞു. ഇതിനെല്ലാം ഇടയിൽ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷനെന്ന നിലയിൽ വലിയൊരു മാതൃകയും ഫ്രാൻസിസ് മാർപാപ്പ ലോകത്തിന് കാണിച്ചു കൊടുക്കുകയുണ്ടായി.

വലിയ ഇടയന്, യുഎഇ നൽകിയ വന്പിച്ച സ്വീകരണത്തിനിടയിൽ പാപ്പാ പ്രകടിപ്പിച്ച എളിമ ലോകമാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു. ആഢംബരത്തിന്‍റെ പര്യായമായ അബുദാബിയിലെ പ്രസിഡൻഷ്യൻ കൊട്ടാരത്തിലേയ്ക്ക് തിങ്കളാഴ്ച നടത്തിയ യാത്രയിൽ പാപ്പാ ഉപയോഗിച്ച വാഹനമാണ് ശ്രദ്ധേയമായത്.

അകന്പടി വാഹ്നങ്ങളേക്കാൾ വിലയും വലിപ്പവും വളരെയധികം കുറഞ്ഞ, ചെറുകാറുകളിൽ പ്രധാനിയായ കിയാ സോളാണ് പാപ്പാ ഉപയോഗിച്ചത്. കൊറിയൻ വാഹന നിർമാതാക്കളായ സോൾ പുറത്തിറക്കുന്ന കിയയുടെ പരസ്യത്തിൽ പോലും എടുത്ത് പറയുന്നത്, "ചീപ്പസ്റ്റ്' എന്ന വാക്കാണ്.


അത്മായരോടും സമർപ്പിതരോടും വൈദികരോടും, നിരന്തരം ജീവിതലാളിത്യം ആവശ്യപ്പെടുന്ന ഫ്രാൻസിസ് പാപ്പാ, ഇതിനു മുന്പും ഈ കുഞ്ഞൻ വാഹനത്തെ യാത്രയ്ക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. 2014-ൽ ഉത്തര കൊറിയ സന്ദർശിച്ചപ്പോഴും 2015-ൽ ഉഗാണ്ട സന്ദർശിച്ചപ്പോഴും പേപ്പൽ വാഹനമായത് കിയ ആയിരുന്നു.

നാല് ആളുകൾക്ക് യാത്ര ചെയ്യാവുന്ന ഹാച്ച്ബാക്ക് മോഡലായ കിയയ്ക്ക് യുഎഇ മാർക്കറ്റിൽ വില 50,000 ദിർഹം മുതലാണ്. ഇറ്റാലിയൻ വാഹന നിർമാതാവ് സമ്മാനിച്ച ലംബോർഗിനി ലേലത്തിൽ വിറ്റ് തുക സേവനപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചും ഫ്രാൻസിസ് മാർപാപ്പ മാതൃക കാണിച്ചിട്ടുണ്ട്.