രാജ്യത്തെ ആദ്യ ബജറ്റ് പഠനകേന്ദ്രം കെ.എം. മാണിയുടെ പേരിൽ
Wednesday, April 10, 2019 11:51 AM IST
കൊച്ചി: ബജറ്റുകളിലൂടെ റിക്കാർഡ് സൃഷ്ടിച്ച കെ.എം. മാണിയുടെ പേരിലാണ് ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് പഠനകേന്ദ്രം. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലാണു (കുസാറ്റ്) കെ.എം. മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് എന്ന പേരിൽ ബജറ്റ് പഠനകേന്ദ്രം തുടങ്ങിയത്. ഇപ്പോൾ സെന്റർ ഫോർ ബജറ്റ് സ്റ്റഡീസ് എന്നാണ് അറിയപ്പെടുന്നത്.
ബജറ്റുകളുടെ പഠനത്തിനും ഗവേഷണത്തിനുമായി രാജ്യത്തു പ്രത്യേക പഠനകേന്ദ്രങ്ങളോ കോഴ്സുകളോ ഇല്ലാത്ത സാഹചര്യത്തിൽ കുസാറ്റിൽ അതിനു വഴിതുറന്നതും കെ.എം. മാണിതന്നെയാണ്. രാജ്യത്തിന്റെ സാന്പത്തിക ആസൂത്രണത്തിലും വികസന പദ്ധതികളിലും ബജറ്റുകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ഗൗരവമായ പഠനവും ഗവേഷണവുമായിരുന്നു സെന്ററിന്റെ സ്ഥാപക ലക്ഷ്യം.
കെ.എം. മാണിയുടെ താത്പര്യപ്രകാരം കുസാറ്റിലെ പ്രഫസറായ ഡോ. സാബു തോമസാണു സെന്ററിന്റെ രൂപരേഖ തയാറാക്കിയത്. 2012 മാർച്ചിലെ ബജറ്റിൽ അഞ്ചു കോടി രൂപ സെന്ററിനായി കെ.എം.മാണി വകയിരുത്തി. 2013 ഫെബ്രുവരി 17നു കെ.എം. മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിന്റെ ഉദ്ഘാടനം അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയാണു നിർവഹിച്ചത്.
ഡോ. എം. കെ. സുകുമാരൻനായരാണ് ഇപ്പോഴത്തെ സെന്റർ ഡയറക്ടർ. ഭരണമാറ്റം പഠനകേന്ദ്രത്തിന്റെ പേരിൽനിന്നു കെ.എം. മാണിയുടെ പേര് നീക്കം ചെയ്തതിലേക്കെത്തിയതും പിൽക്കാല ചരിത്രം.