മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പാലാഴി തീർത്തു: മാർ ജോസഫ് കല്ലറങ്ങാട്ട്
Friday, April 12, 2019 11:26 AM IST
പാലാ: മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പാലാഴി തീർത്ത കെ.എം. മാണി കേരള രാഷ്ട്രീയത്തിലെ മുഖ്യകാർമികനും പാലാക്കാരുടെ കാവൽക്കാരനുമായിരുന്നുവെന്ന് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. സംസ്കാര ശുശ്രൂഷയുടെ ഭാഗമായി ഭവനത്തിലെ പ്രാർഥനാ ശുശ്രൂഷയ്ക്കിടയിൽ അനുശോചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പാലായെക്കുറിച്ച് അദ്ദേഹം ലോകത്തിന്റെ പലഭാഗങ്ങളിലും ശ്രുതി മീട്ടി. നാട്ടുരുചിയും നാട്ടുചിരിയുമുള്ള പ്രഭാഷണങ്ങൾ നടത്തിയ കെ.എം. മാണി പാലാക്കാരെ ഒറ്റമുറിയിലിരുത്തി പഠിപ്പിച്ചു. അത്യപൂർവമായ സംസ്കാര ചടങ്ങിനാണു പാലാ സാക്ഷ്യം വഹിക്കുന്നതെന്നു പറഞ്ഞ ബിഷപ് അച്ഛൻ മരിച്ചുപോയ മക്കളുടെ ദുഃഖമാണ് പാലാക്കാർക്ക് എല്ലാവർക്കുമെന്നു പറഞ്ഞു. കാഴ്ചയുളള ഹൃദയത്തിന്റെ ഉടമയാണ് മാണിസാർ. മഹാത്മാക്കളുടെ ചിന്തകളും നാലു സുവിശേഷകന്മാരുടെയും പൗലോസിന്റെയും ചിന്തകളും ജനത്തിന് അദ്ദേഹം പകുത്തു നൽകി. അർഥമുള്ള രാഷ്ട്രീയ ആശയങ്ങളിലൂടെ ജനസമ്മതി ഏറ്റുവാങ്ങിയാണ് അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
ജീവിതത്തിലെ ഏതു നിർണായക ഘട്ടങ്ങളിലും അദ്ദേഹം രൂപത നേതൃത്വവുമായി ആലോചിച്ചിരുന്നതായും മാർ കല്ലറങ്ങാട്ട് അനുസ്മരിച്ചു.