മുൾമകുടം
Tuesday, March 31, 2020 9:29 AM IST
മണ്ടനായ മന്നനെപ്പോലെ, അവഹേളനത്തിന്റെ അടയാളമായി ശിരസിൽ നിണകണങ്ങൾ നിറഞ്ഞ മുൾക്കിരീടവുമണിഞ്ഞ് അവൻ നിന്നു. രത്നമകുടം ധരിക്കേണ്ട രാജാധിരാജനായ അവന്റെ തലയിൽ അലങ്കാരമായുണ്ടായിരുന്നത് ഒരു കാരമുൾക്കിരീടം.
പരാജിതനുള്ള പാരിതോഷികം. നിത്യരക്ഷയുടെ അക്ഷയകിരീടം നമുക്കു നേടിത്തരാൻ നമ്മുടെ രക്ഷകൻ ശിരസിൽ സ്വയം ഏറ്റുവാങ്ങിയ മുൾച്ചക്രം. പാതവക്കിലെ പുല്ലുകളെയും, വയലിലെ ലില്ലികളെയും വരെ മലർമകുടം ചാർത്തി അലങ്കരിക്കുന്നവനു മനുഷ്യർ കൊടുത്തത് കൂർത്ത കണ്ടകങ്ങൾകൊണ്ടുണ്ടാക്കിയ കിരീടം.
നാടുവാഴിയുടെ കിരീടം അവന്റെ മഹത്വത്തിന്റെയും അധികാരത്തിന്റെയുമൊക്കെ പ്രതീകമാണ്. അതുകൊണ്ടുതന്നെ അതിന്റെ അഴകും ആകാരവും അതിശ്രേഷ്ഠമായിരിക്കണം. എന്നാൽ, മഹത്വപൂർണനും, സകലത്തിന്മേലും അധികാരമുള്ളവനുമായവനു ലോകം സമ്മാനിച്ചത് മുള്ളുകളാൽ മെനഞ്ഞ വികൃതവും കഠോരവുമായ ഒരു കിരീടമായിരുന്നു.
അവന്റെ തഴച്ചുവളർന്ന തലമുടിയിഴകൾക്കിടയിലൂടെ ആവുന്നത്ര ആഴത്തിൽ അവർ അതിനെ അമർത്തിയിറക്കി. തലയിലെ മുറിവുകൾക്കു താങ്ങാനാവുന്നതിനപ്പുറമായിരുന്നു അത്. നമ്മുടെ തലയിലും അണിയിക്കപ്പെട്ട ചില മുൾക്കിരീടങ്ങളുണ്ടാവാം.
സഹിക്കാവുന്നതിലധികമായി നമുക്കു സംഭവിച്ച സഹനങ്ങൾ; മറുമരുന്നില്ലാത്ത മാറാവ്യാധികൾ; അഭിമാനത്തിന്റെ അത്യുന്നതിയിൽനിന്ന് അപമാനത്തിന്റെ അടിവാരത്തേയ്ക്കു നമ്മുടെ കുടുംബത്തെ തള്ളിയിട്ട ചില അനിഷ്ടസംഭവങ്ങൾ; സങ്കല്പിക്കാനാവാത്ത സാന്പത്തികനഷ്ടം; കൊടിയ കടബാധ്യത എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ഒരു മുൾച്ചക്രം കണക്കെ നമ്മുടെ തലയിൽ തറഞ്ഞിരുന്നിട്ടുണ്ടാവും.
ഓർക്കണം, അവയുടെയോരോന്നിന്റെയും കാഠിന്യം കുറയ്ക്കാനായിരുന്നു അവൻ നമുക്കു മുന്പേ മുൾക്കിരീടമേന്തിയത്. ചിലരുടെയൊക്കെ തലയിൽ നാം തറച്ചുവച്ച മുൾക്കിരീടങ്ങളുണ്ടാവാം. മാതാപിതാക്കളുടെ ആഗ്രഹങ്ങളെയും അഭിപ്രായങ്ങളെയും മാനിക്കാതെ തന്നിഷ്ടം മാത്രം നോക്കിയെടുത്ത തീരുമാനങ്ങൾ, ചില ഫോണ് സംഭാഷണങ്ങളുടെയും സന്ദേശങ്ങളുടെയും പേരിൽ ജീവിതപങ്കാളിയുടെ വിശ്വസ്തതയെപ്പറ്റി പോറ്റിവളർത്തിയ അനാവശ്യസംശയങ്ങൾ, നമ്മുടെ നിലനില്പിനുവേണ്ടി മറ്റുള്ളവരുടെമേൽ അടിച്ചേല്പിച്ച ചില അകൃത്യങ്ങൾ തുടങ്ങി അരുതാത്ത പല മുൾക്കിരീടങ്ങളും അറിഞ്ഞോ അല്ലാതെയോ നാം അപരർക്കു നിർമിച്ചു നല്കിയിട്ടുണ്ടാവാം.
ഒഴിവാക്കാമായിരുന്ന അവയൊക്കെ എന്ന് ഇന്ന് തോന്നുന്നുണ്ടാവും അല്ലേ? അത്തരമൊരു വീണ്ടുവിചാരംതന്നെ വിശുദ്ധിയിലേക്കുള്ള വഴിയാണ്. അവയൊന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാം. മറ്റുള്ളവർ ഭയക്കുന്ന മുൾക്കിരീടമല്ല, തങ്ങളുടെ നൊന്പരങ്ങളിൽ ആരും ആശിക്കുന്ന മൃദുസ്പർശമാകാൻ നമ്മുടെ കൊച്ചുജീവിതങ്ങൾക്കു കഴിഞ്ഞെങ്കിലേ മഹത്വത്തിന്റെ മലർമകുടം ഒരുനാൾ നമുക്കും നല്കപ്പെടൂ.
മേലിൽ നമ്മുടെ സാമീപ്യം ഒരുത്തർക്കും മുൾമുനയുടെ അനുഭവം നല്കാതിരിക്കാൻ നമ്മുടെ ജീവിതശൈലിയെ വിശുദ്ധീകരിക്കുന്നതിനു നോന്പിന്റെ നാളുകൾ സഹായിക്കട്ടെ.