ജോൺ പോൾ രണ്ടാമനെ നന്ദിയോടെ അനുസ്മരിക്കാം: ഫ്രാൻസിസ് മാർപാപ്പ
Monday, May 18, 2020 12:03 PM IST
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ സ്നേഹത്തോടെയും നന്ദിയോടെയും വേണം അനുസ്മരിക്കേണ്ടതെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ വത്തിക്കാനിലെ അപ്പസ്തോലിക് ലൈബ്രറിയിൽനിന്ന് വീഡിയോ ലിങ്കിലൂടെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ സമാധാനത്തിനായി ജോൺപോൾ രണ്ടാമൻ മധ്യസ്ഥത തുടരട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രാർഥിച്ചു.
ലോകം ഇന്ന് ജോൺ പോൾ രണ്ടാമന്റെ നൂറാം ജന്മദിനം ആചരിക്കുകയാണ്. പോളണ്ടിലെ വാഡോവിച്ചിൽ 1920 മേയ് 18നാണ് കരോൾ വോയ്റ്റീവ എന്ന ജോൺ പോൾ രണ്ടാമൻ ജനിച്ചത്. അമ്പത്തെട്ടാമത്തെ വയസിൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 2005 ഏപ്രിൽ രണ്ടിനു ദിവംഗതനായി. 2014 ഏപ്രിൽ 27നു വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.
ജോൺ പോൾ രണ്ടാമന്റെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന അൾത്താരയിൽ ഇന്നു രാവിലെ ഏഴിന് ഫ്രാൻസിസ് മാർപാപ്പ ദിവ്യബലി അർപ്പിക്കും. വേൾഡ്വിഷനിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
ജോൺപോൾ രണ്ടാമന്റെ ജീവിതത്തിന്റെ കേന്ദ്രം ക്രിസ്തീയ വിശ്വാസമായിരുന്നുവെന്ന് എമരിറ്റസ് മാർപാപ്പ ബെനഡിക്ട് പതിനാറാമൻ പോളണ്ടിലെ മെത്രാന്മാർക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ജോൺപോൾ രണ്ടാമന്റെ സന്ദേശങ്ങളിലും ഫ്രാൻസിസ് മാർപാപ്പയുടെ ഉദ്യമങ്ങളിലും അടങ്ങിയിരിക്കുന്ന അന്തരികസത്ത ഒന്നാണെന്നും ബെനഡിക്ട് പതിനാറാമൻ പറഞ്ഞു.