ജോണ്‍പോള്‍ പാപ്പയ്ക്കു ജന്മശതാബ്ദിയില്‍ കാവ്യാഞ്ജലിയൊരുക്കി ഡോ. മാത്യു
Monday, May 18, 2020 2:07 PM IST
വലിയവനായിടും
പൊന്‍ മകനെന്നുള്ള
വലിയൊരു സ്വപ്നം
സഫലമായിപ്രവചന തുല്യമാം
മതാവിന് വാക്കുകള്പ്രകടം
നിറവേറി അന്നു നൂനം...
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ ജന്മശതാബ്ദിയില്‍ അദ്ദേഹത്തിന്റെ പുണ്യജീവിതത്തെ കാവ്യഭാഷയില്‍ അടയാളപ്പെടുത്തി റിട്ടയേഡ് കോളജ് അധ്യാപകന്. കൊച്ചി എളമക്കര കുരിശുംമൂട്ടില്‍ പ്രഫ. കെ.എം. മാത്യുവാണ് പാപ്പയുടെ സവിശേഷമായ ജീവിതവും മഹത്തായ ദര്‍ശനങ്ങളും ആധാരമാക്കി കവിത തയാറാക്കിയത്.
2004ല്‍ പാപ്പയെക്കുറിച്ചു താന്‍ ഇംഗ്ലീഷില്‍ തയാറാക്കിയ കവിതയെ (സാല്‍വേ പാത്തര്‍ ഹോളി ഫാദര്‍) അടിസ്ഥാനമാക്കിയാണു ജന്മശതാബ്ദിയോടനുബന്ധിച്ചു മലയാളത്തില്‍ കാവ്യരചന നടത്തിയതെന്നു ഡോ. മാത്യു പറഞ്ഞു. മഞ്ജരി വൃത്തത്തില്‍ 236 വരികളുള്ളതാണു കവിത.
ജീവചരിത്രത്തിന്റെ കവിതാരൂപം എന്നതിനപ്പുറം, പാപ്പയുടെ ദര്‍ശനങ്ങളെയും അദ്ദേഹത്തിലൂടെ കത്തോലിക്കാ സഭയ്ക്കുണ്ടായ ഉണര്‍വും മഹത്വവുമെല്ലാം വരികളില്‍ ആവിഷ്കരിച്ചിട്ടുണ്ട്.
പാപ്പയുടെ കേരള സന്ദര്‍ശനവും ചാവറയച്ചന്റെയും അല്‍ഫോന്‍സാമ്മയുടെയും നാമകരണ നടപടികളിലുള്ള പങ്കാളിത്തവുമെല്ലാം കവിതയില്‍ വിഷയമാകുന്നു. ഇംഗ്ലീഷ് കവിത ദിവംഗതനായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ വഴി ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയ്ക്കു കൈമാറിയിരുന്നു. മറുപടിയായി പാപ്പ അയച്ച കത്ത് ഇന്നും മാത്യു നിധിപോലെ സൂക്ഷിക്കുന്നുണ്ട്.
ഡോ. കുര്യാസ് കുമ്പളക്കുഴിയുടെ അവതാരികയും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും ഫാ. എ. അടപ്പൂരിന്റെയും കുറിപ്പുകളുമായി പാപ്പയെക്കുറിച്ചുള്ള ഡോ. മാത്യുവിന്റെ മലയാള കവിത യാത്ര പബ്ലിക്കേഷന്‍സ് പുസ്തകമായി ഉടന്‍ പ്രസിദ്ധീകരിക്കും.
കോഴിക്കോട് ദേവഗിരി കോളജില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന ഡോ. മാത്യു ഫിഷറിസ് യൂണിവേഴ്സിറ്റി ഗവേണിംഗ് കൗണ്‍സില്‍ അംഗമായി സേവനം ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ന്യൂമാന്‍ അസോസിയേഷന് പ്രസിഡന്റായ ഇദ്ദേഹം ബിഷപ് തോമസ് ചക്യത്ത്, ഫാ. എ. അടപ്പൂര്, ദയാബായ് എന്നിവരുടെ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്കു തര്‍ജമ നടത്തിയിരുന്നു.
സിജോ പൈനാടത്ത്