പാപ്പയുടെ കൊച്ചി സന്ദര്‍ശന സ്മൃതികളുമായി എം.പി. ജോസഫ്
Monday, May 18, 2020 2:12 PM IST
കൊച്ചി: വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ നിമിഷങ്ങള്‍ അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തില് അഭിമാനത്തിന്റെ സ്മൃതികളെന്ന്, അന്ന് എറണാകുളം ജില്ലാ കളക്ടറായിരുന്നു എം.പി. ജോസഫ്. അന്നു കൊച്ചി മേയറുടെ ചുമതലയും നിര്‍വഹിച്ചിരുന്നതിനാല്‍ പാപ്പയെ സ്വീകരിക്കാനുള്ള നിയോഗം ഇദ്ദേഹത്തിനും ഉണ്ടായിരുന്നു.
1986 ഫെബ്രുവരി ഏഴ്, എട്ട് തീയതികളിലാണ് മാര്‍പാപ്പ കേരള സന്ദര്‍ശം നടത്തിയത്. കേരളത്തിലെത്തിയ ആദ്യ മാര്‍പാപ്പ എന്ന നിലയില്‍ അദ്ദേഹവുമായി അടുത്തിടപെടാനായത് അനുഗ്രഹമായി കാണുന്നുവെന്ന് എം.പി. ജോസഫ് പറയുന്നു. പാപ്പയെ സ്വീകരിക്കാനും അദ്ദേഹത്തെ നേരില്‍ക്കണ്ട് അനുഗ്രഹം നേടാനുമുള്ള അവസരം ലഭിച്ചു. കളക്ടര്‍ ചുമതലയ്ക്കു പുറമെ കോര്പറേഷന് കൗണ്‍സില്‍ പിരിച്ചുവിട്ടതിനെത്തുടര്‍ന്നു മേയര്‍ പദവി കൂടി നിര്‍വഹിക്കുമ്പോഴാണു പാപ്പയുടെ സന്ദര്‍ശനമെന്നതു തന്നെ സംബന്ധിച്ചു ഏറെ പ്രത്യേകതയുള്ളതാണ്.
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലുള്ള പഴയ വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍പാപ്പയെ വളരെ അടുത്തിടപെട്ടു സ്വീകരിക്കാന്‍ തനിക്കു സാധിച്ചത് അപൂര്‍വ അവസരമായി ഇന്നും മനസിലുണ്ട്. അന്നത്തെ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കേളന്തറ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ വച്ചു തന്നെ അദ്ദേഹം ഹസ്തദാനം നല്‍കുകയും തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. ചെറിയ പ്രായത്തില്‍ വലിയ പദവികളില്‍ എത്തിയതില്‍ പാപ്പ അഭിനന്ദനമറിയിച്ചു. കൊച്ചിയില്‍ നിന്നു കോട്ടയത്തേക്കും, തൃശൂരിലേക്കും പാപ്പ ഹെലികോപ്ടറില്‍ പോയപ്പോഴും യാത്രയയക്കാനുള്ള ചുമതലയും തനിക്കുണ്ടായിരുന്നു.
സന്ദര്‍ശനത്തിന്റെ ഭാഗമായി എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ എത്തിയപ്പോള്‍ തന്നോടൊപ്പമുണ്ടായിരുന്ന പത്നി സാലിയെയും മകന് പോളിനെയും മാര്‍പാപ്പ ശിരസില്‍ കൈവച്ച് അനുഗ്രഹിച്ചതായും ഓര്‍മകളില്‍ മായാതെയുണ്ടെന്ന് എം.പി. ജോസഫ് പറഞ്ഞു.