ഈ രോഗത്തിനും മരുന്നില്ല
Thursday, May 21, 2020 11:48 AM IST
തിരുവല്ലയിൽ ദിവ്യ എന്ന സന്യാസാർത്ഥിനി കിണറ്റിൽ വീണു മരണപ്പെട്ടു. ഞങ്ങളുടെ സഹോദരിയുടെ അസ്വാഭാവിക മരണത്തിൽ അതിയായ ഖേദമുണ്ട് .അതിലും വേദനാജനകമാണ് സന്യസ്തരോടും സഭയോടും പകപോക്കാനായി ഈ അവസരത്തെ വിനിയോഗിക്കുന്ന
നരഭോജികളുടെ വാക് പ്രയോഗങ്ങൾ.
ഒരു വ്യക്തി ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയുടെ സംസ്കാരത്തെ വിളിച്ചോതുന്നു. അതുകൊണ്ടുതന്നെ അതേ ഭാഷയിൽ മറുപടി പറയാൻ ഞങ്ങളുടെ സംസ്കാരം അനുവദിക്കുന്നില്ല . എങ്കിലും, പൊതു സമൂഹത്തിന്റെ മുൻപിലേക്ക് നിങ്ങൾ ചീന്തിയെറിഞ്ഞ് ആഘോഷിച്ചത് 40 ലക്ഷം സന്യസ്തരുടെ മാനാഭിമാനത്തിന്റെ അപ്പക്കഷണങ്ങൾ ആയതുകൊണ്ട്, നിങ്ങളോടൊപ്പം നിങ്ങളുടെ വാക്കുകേട്ട പൊതുസമൂഹത്തോടും ഞങ്ങളും ചിലത് പറഞ്ഞോട്ടെ ...!
ഞങ്ങൾ പറയുന്നത് നിങ്ങൾ ചെയ്യുമ്പോലെ മെനഞ്ഞെടുത്ത കഥകളല്ല. ജീവിത സാക്ഷ്യങ്ങളാണ് . കടത്തിണ്ണകളിലേയും കലിങ്കിലേയും ചർച്ചകൾ പോലെ കുടുംബത്തിന് ഭാരമായിട്ട് തള്ളിവിട്ടവരോ , ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങി ഇറങ്ങിപ്പുറപ്പെട്ടവരൊ അല്ല ഞങ്ങൾ. ജന്മംകൊണ്ട് ലഭിച്ച നൈർമല്യത്തെ കർമംകൊണ്ട് വളർത്തിയെടുത്തവരാണ് ഓരോ സന്യസ്തരും അതിനായി പ്രധാന പങ്കു വഹിച്ചവരാണ് ഞങ്ങളുടെ മാതാപിതാക്കൾ.
വിമർശകരുടെ മാതാപിതാക്കൾ മറ്റുള്ളവരുടെ ചോരകുടിക്കാൻ നിങ്ങളെ പഠിപ്പിച്ചപ്പോൾ , കരയുന്നവരുടെ കണ്ണീരൊപ്പാനും, വേദനയിൽ പങ്കു ചേരാനുമാണ് ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങൾക്ക് മാർഗ നിർദ്ദേശം നൽകിയത്. നിങ്ങളുടെ ജീവിത ലക്ഷ്യവും ഞങ്ങളുടെ ലക്ഷ്യവും രണ്ട് ധ്രുവങ്ങളിലാണ്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ജീവിതത്തെ നിങ്ങളുടെ ജീവിതത്തോട് തുലനം ചെയ്യാനും ആകില്ല.
മോഹനവാഗ്ദാനങ്ങൾ നൽകി ക്ഷണിക്കാൻ ഇത് സുഖജീവിതത്തിന്റെ സ്വപ്നക്കൂടാരമല്ല. ഓരോ സന്യാസാലയങ്ങൾക്കും അവരവരുടേതായ നിയമങ്ങളും ചട്ടക്കൂടുകളും ഉണ്ട്. ആ ചട്ടക്കൂടിൽ ഒതുങ്ങി ജീവിക്കാൻ ആകുമോ എന്ന് സ്വയം പരിശോധിക്കാനും, പരിശീലിക്കാനും സന്യാസാർത്ഥിനികൾക്ക് ദീർഘകാലം അനുവദിക്കുന്നുണ്ട്.
ഈ കാലമത്രയും പൂർണമായ സ്വാതന്ത്ര്യത്തോടെ മടങ്ങിപ്പോകാൻ ഏവർക്കും അവസരവും ഉണ്ട് . ഈ അവസരങ്ങളെ വിനിയോഗിക്കാതെ മോഹന സ്വപ്നങ്ങളുമായി കഴിഞ്ഞ വിരലിലെണ്ണാവുന്നവർ മാത്രമാണ് നിങ്ങൾക്ക് പ്രചോദനവും, ഞങ്ങൾക്ക് ശാപവും ആയി തീർന്നവർ. അവർ ഞങ്ങളുടെ ഗണത്തിൽ വരേണ്ടവരല്ല നിങ്ങളോടൊപ്പം ജീവിക്കേണ്ടവർ ആയിരുന്നു.
അവർ വേദനിക്കുന്നവരുടെ കണ്ണീരൊപ്പുകയല്ല കൂടപ്പിറപ്പുകളുടെ ചോരകുടിച്ച് തിമിർക്കുകയാണ് ചെയ്യുന്നത്. അവർ ഈ സമൂഹത്തിലെ ഇത്തിൾ കണ്ണിയാണ് നന്മ വൃക്ഷത്തിന്റെ ചോരയും നീരും വലിച്ചെടുത്ത് വിഷ കനി പുറപ്പെടുവിക്കുന്ന ഇത്തിൾ കണ്ണി. ഏതു സമൂഹത്തിലും ഇത്തരത്തിലുള്ള വൈറസുകൾ ഉണ്ടാകും.
കുടുംബജീവിതത്തിൽ മുലകുടി മാറാത്ത കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്ന അമ്മമാരില്ലെ? അവരെ ചാരി എല്ലാഅമ്മമാരെയും നിങ്ങൾ കുറ്റം പറയാത്തതെന്താണ് ?ഒറ്റ കാരണമേയുള്ളൂ .നിങ്ങളുടെ അമ്മയും ഭാര്യയും അതിൽ പെടും അതുകൊണ്ട് തന്നെ. സോഷ്യൽ മീഡിയ വഴി ഞങ്ങളെ പുലഭ്യം പറയുന്നവരോട് ....! നിങ്ങൾ സുഖ ജീവിതത്തിനായി ജന്മം നൽകിയ മാതാപിതാക്കളെ തെരുവിലേക്ക് വലിച്ചെറിഞ്ഞപ്പോൾ ഉറുമ്പരിച്ചും പുഴുവരിച്ചും കിടക്കുന്ന അവരെ ഭക്ഷണവും വിശ്രമവും നൽകി സംരക്ഷിച്ചത് ഞങ്ങളാണ് .
സദാചാരം പ്രസംഗിക്കുന്ന നിങ്ങൾ രാത്രിയുടെ മറവിൽ വേസ്റ്റ് ബിന്നിൽ വലിച്ചെറിഞ്ഞ നിങ്ങളുടെ മക്കളെ അവിടെ നിന്നെടുത്ത് അന്നവും അഭയവും നൽകി സംരക്ഷിക്കുന്നതും ജീവിത മാർഗം തെളിച്ച് കൊടുത്ത് കൈ പിടിച്ചുയർത്തുന്നതും ഞങ്ങളാണ്. ഞങ്ങളുടെ മാതാപിതാക്കളെ കുറ്റം പറഞ്ഞ നിങ്ങൾ സ്വന്തം മക്കളെ കുറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും.....!
ഹോസ്റ്റലുകളിൽ നിൽക്കുന്ന നിങ്ങളുടെ മകളുടെ നാവിൽ നിന്നും "ആ കന്യാസ്ത്രീ വാർഡൻ ഒന്നിനും സമ്മതിക്കില്ല " എന്ന് പലതവണ കേട്ടിട്ടുണ്ടാവും ഇല്ലെ ? എന്തിന് സമ്മതിക്കുന്നില്ല എന്നാണ് നിങ്ങൾ മനസ്സിലാക്കുന്നത് ? അത് മനസ്സിലാക്കിയാൽ വിത്തുഗുണം പത്തുഗുണം എന്ന പഴഞ്ചൊല്ലിൽ ചെന്നവസാനിക്കും.
നിങ്ങൾ അസഭ്യവർഷം നടത്തുമ്പോൾ നിങ്ങളുടെ മക്കൾ നിങ്ങളെപ്പോലെ ആകാതിരിക്കാൻ ഞങ്ങളെപ്പോലുള്ളവർ കൂടിയേതീരൂ. ഞങ്ങളുടെ മാതാപിതാക്കളെ കുറ്റം പറഞ്ഞ നിങ്ങൾ സ്വത്തുകൾ വിറ്റും വിദ്യാഭ്യാസ ലോൺ എടുത്തും മക്കളെ പഠിപ്പിക്കുന്നുണ്ടല്ലോ?. നല്ലത്. അവർ സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ നിങ്ങൾ അവർക്ക് ഒരു ഭാരമായി തീരും അന്ന് നിങ്ങളെ അവർ തെരുവിലേക്ക് വലിച്ചെറിയുമ്പോൾ അവശേഷിച്ച ജീവിതത്തിന് അഭയം നൽകാൻ ഞങ്ങൾ മാത്രമെ കാണൂ എന്ന തിരിച്ചറിവ് നിങ്ങൾക്കുണ്ടായാൽ നന്ന്.
"നന്മകൾ കാണാൻ നല്ല വീട്ടിൽ ജനിക്കണം' എന്നൊരു ചൊല്ലുണ്ട് നിങ്ങളിൽ എന്തെങ്കിലും നന്മ കണ്ടെത്താൻ ആർക്ക് എങ്കിലും കഴിയുമൊ?. കോൽകത്തയുടെ തെരുവോരങ്ങളിൽ പൊട്ടിയൊലിക്കുന്ന ശരീരവുമായി കിടന്ന ആയിരങ്ങളെ വിദേശ സന്യസ്തയായ തെരേസ പെറുക്കിയെടുത്ത് സംരക്ഷിച്ചു. അശരണരേയും ആലംമ്പ ഹീനരേയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.
അവരുടെ പുണ്യത്തിന് മുമ്പിൽ ലോകം മുഴുവൻ തൊഴുതു നിന്നു. അങ്ങനെ വിദേശിയായ തെരേസ ഭാരതത്തിന്റെ "മദർതെരേസ' ആയി സമാധാനത്തിനുള്ള നോബൽ സമ്മാനം വരെ നല്കി ആദരിച്ചു. പക്ഷേ കേരളത്തിലെ സദാചാരത്തിന്റെ ഉടമസ്ഥാവകാശം സ്വയം ഏറ്റെടുത്ത നപുംസകങ്ങൾ ആ നന്മകളെ കുഴിച്ചുമൂടാനും ആ പുണ്യാത്മാവിനെ പേര് വികലമാക്കാനും ശ്രമിച്ചില്ലേ ?.
എന്നിട്ടെന്തായി ? കേരളത്തിൽ നല്ലരീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന എത്രയെത്ര സ്ഥാപനങ്ങളെ നിങ്ങൾ നശിപ്പിച്ച് നാമാവശേഷമാക്കി?. ഇതിൽനിന്നെല്ലാം ഒരു കാര്യം നമുക്ക് മനസിലാക്കാം നന്മകളെ കാണാനൊ നന്മകൾ ചെയ്യാനൊ മനുഷ്യത്വം ഉള്ളവർ ആകാനൊ ഇവർക്കാകില്ല. ഇവർ ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തെയോ സ്ഥാപനത്തേയൊ വിമർശിക്കുന്നുണ്ടെങ്കിൽ ഉറപ്പായും അവിടെ നന്മ ഉള്ളതുകൊണ്ട് തന്നെയാണ് എന്ന് മനസ്സിലാക്കണം.
കേരളം വിദ്യാസമ്പന്നരുടെ നാടാണ്. ഭൂമി വട്ടം ചുറ്റുന്നത് കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നതെന്നും, അല്ലാതെ നായ്ക്കൾ ഓരിയിടുന്നത് കൊണ്ടല്ല എന്നും തിരിച്ചറിയാനുള്ള കഴിവ് സമൂഹത്തിനുണ്ട്. ആ സമൂഹമാണ് ഞങ്ങളുടെ നന്മകൾ കാണുന്നതും തിരിച്ചറിയുന്നതും ഞങ്ങളെ നിലനിർത്തുന്നതും.
ഞങ്ങൾ സന്യസ്തരുടെ ചാരിത്ര്യശുദ്ധിയെക്കുറിച്ച് ആവലാതി പെടാൻ നിങ്ങൾ ഞങ്ങളുടെ ആരാണെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾ വ്യക്തിപരമായി ഏറ്റെടുത്തിരിക്കുന്ന വാഗ്ദാനങ്ങൾ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത് അത് തികച്ചും വ്യക്തിപരവും ആണ്. ആയതിനാൽ ഞങ്ങളെ ഓർത്ത് നിങ്ങൾ വിഷമിക്കേണ്ടതില്ല നിങ്ങളെയും നിങ്ങളുടെ മക്കളേയുമോർത്ത് വിലപിക്കുക.
അവർ പൊങ്ങച്ച സംസ്കാരത്തിന്റെ കുത്തൊഴുക്കിൽ പെട്ട് പായുകയാണ് ആ പാച്ചിലിൽ അവരുടെ നന്മകൾ കെട്ടു പോകാതിരിക്കാൻ നിങ്ങൾ ജാഗ്രതയുള്ളവർ ആയിരിക്കുക. ഉന്നത വിദ്യാഭ്യാസം നൽകി വളർത്തുന്ന നിങ്ങളുടെ മക്കൾ വിദ്യാഭ്യാസം നേടി തിരികെ എത്തുമ്പോൾ മുമ്പെന്നപോലെ "ഡാഡി "എന്നോ "പപ്പാ "എന്നോ തന്നെ വിളിക്കണേ എന്ന് പ്രാർത്ഥിക്കുക.
അഥവാ അവർക്ക് ഉൾക്കൊള്ളാൻ കഴിയാതെ നിങ്ങളെ അവർ തെരുവിലേക്ക് ഇറക്കി വിട്ടാൽ ധൈര്യസമേതം ഇറങ്ങിപ്പോരൂ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ സന്നദ്ധരായി ഞങ്ങൾ സന്യസ്ഥരുണ്ട്. സന്തോഷകരമായ വിശ്രമ ജീവിതവും നല്ല മരണവും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു .
സി. ജിസ്മി. സെന്റ് മർത്താസ് കോൺഗ്രിയേഷൻ.പാലാകാട്, പാലാ