കേരളത്തില്‍ "മാലാഖമാര്‍' എത്തിയതെങ്ങനെയെന്ന് നാം മറക്കരുത്
Thursday, May 21, 2020 12:31 PM IST
തിരുവല്ല പാലിയേക്കര ബസേലിയന് കോണ്‍വെന്റിലെ സന്ന്യാസ അര്‍ത്ഥിനി ദിവ്യ പി. ജോണിന്റെ മൃതശരീരം മഠത്തിലെ കിണറ്റില്‍ കാണപ്പെട്ടത് ക്രൈസ്തവ സമൂഹത്തിന്റെ മനസ്സില്‍ അഗാധമായ ദു:ഖവും വേദനയും ഉളവാക്കിയ സംഭവമാണ്. എന്നാല്‍ തികച്ചും ദാരുണവും ദൗര്‍ഭാഗ്യകരവുമായ ആ സംഭവത്തിന്റെ പേരില്‍ നൂറ്റാണ്ടുകളായി നാം ജീവിക്കുന്ന ഈ സമൂഹത്തില്‍ സാന്ത്വനവും കരുണയും പകര്‍ന്നു നല്കിയ ഒരു വംശം അടച്ചാക്ഷേപിക്കപ്പെടുകയും വസ്ത്രാക്ഷേപം ചെയ്യപ്പെടുകയും ചെയ്യുന്നതിന് എന്തു ന്യായീകരണമാണുള്ളത്?.
അശ്ലീലവും അക്രമവും കലര്‍ന്ന ഭാഷയിലാണ് അവര്‍ അധിക്ഷേപിക്കപ്പെടുന്നത്. മഠങ്ങള്‍ അടച്ചുപൂട്ടണമെന്നും സന്യാസിനികളുടെ ജീവിതം അടിമ വ്യവസ്ഥിതിക്ക് തുല്യമാണെന്നുമൊക്കെ യാതൊരു മന:സാക്ഷിയുമില്ലാതെയാണ് എഴുതി പടര്‍ത്തുന്നത്. ബോധ്യങ്ങളും ഉള്‍ക്കാഴ്ചകളും ഇല്ലാത്തവരാണ് സന്യാസിനികള്‍ എന്നുവരെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ഈ സന്ദര്‍ഭത്തിലാണ് നാം ശരിക്കും കേരള സമൂഹത്തില്‍ ക്രൈസവ സന്യാസിനികള്‍ നല്കിയ സംഭാവനയെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആതുര ശുശ്രൂഷാ രംഗമാണ്. ഈ കോവിഡ് കാലത്ത് നാം ആത്മാഭിമാനം കൊള്ളുന്ന പ്രശസ്തമായ കേരള മോഡല്‍ ആരോഗ്യ പരിപാലനത്തിന് ഊടും പാവും നല്‍കിയത് ക്രൈസ്തവ സന്യാസിനികളായിരുന്നുവെന്നത് നാം മറക്കരുത്.
ഭാഗ്യസ്മരണാര്‍ഹനായ ബര്‍ണഡീന്‍ വല്ലാത്തറ അച്ചന് 'ആര്‍ച്ച്ബിഷപ്പ് ബെന്‍സിഗര്‍ - ഞാന്‍ കണ്ട വിശുദ്ധന്' എന്ന പുസ്തകത്തില്‍ ആ ചരിത്രം വിവരിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ കേന്ദ്രങ്ങള്‍ എന്ന് കേരള ചരിത്രത്തില്‍ എ. ശ്രീധരമേനോന് വിശേഷിപ്പിക്കുന്ന രണ്ടു സ്ഥലങ്ങളിലൊന്നായ കൊല്ലവുമായി ബന്ധപ്പെട്ടതാണ് ആ ചരിത്രം. വസൂരി തുടങ്ങി നിരവധി സാംക്രമിക രോഗങ്ങളാല്‍ അനേകര്‍ മരിക്കുകയും രോഗീശുശ്രൂഷ ഭയജന്യമാവുകയും ചെയ്ത കാലത്ത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന് തന്റെ പ്രജകളെ കരുതലോടെ ശുശ്രൂഷിക്കാന്‍ പോന്ന മികച്ച ആതുരശുശ്രൂഷകര്‍ ഉണ്ടായേ തീരൂ എന്ന ചിന്ത ശക്തമായി.
അതിനായി അദ്ദേഹം തന്റെ രാജ്യത്തും സമീപപ്രദേശങ്ങളിലുമായി അനേകരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അപ്പോഴാണ് അദ്ദേഹം തന്റെ സൗഹൃദവലയത്തിലെ പ്രമുഖാംഗമായ കൊല്ലം ആര്‍ച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗറിനെ ഓര്‍ക്കുന്നത്.
തീണ്ടലും തൊടീലും ചിന്ത കൂടാതെ എല്ലാവരെയും മനുഷ്യരായികണ്ട് ശുശ്രൂഷിക്കുന്ന ആതുര ശുശ്രൂഷകരെ തരണം എന്ന് രാജാവ് ആവശ്യപ്പെട്ടപ്പോള്‍ ആര്‍ച്ച് ബിഷപ്പ് മരിയ ബെന്‍സിഗര്‍ നേരെ പോയത് സ്വദേശമായ സ്വിറ്റ്സര്ലണ്ടിലേയ്ക്കായിരുന്നു. 1906ല്‍ സഹോദരനായ ഓസ്റ്റിനോടൊത്ത് ഹോളി ക്രോസ് സന്യാസ സമൂഹത്തിന്റെ സ്ഥാപക മദര്‍ ജനറലായിരുന്ന മദര്‍ പൗളാബക്കിന്റെ അടുത്തു ചെന്ന് കേരളത്തിലേയ്ക്ക് ശുശ്രൂഷ ചെയ്യാനും നഴ്സിംഗ് പഠിപ്പിക്കാനും പ്രാപ്തരായ പന്ത്രണ്ട് നഴ്സുമാരായ കന്യാസ്ത്രീകളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു.
നീണ്ട 21 ദിവസത്തെ യാത്രയ്ക്കു ശേഷം മദര്‍ പൗളാബക്കിന്റെ നേതൃത്വത്തില്‍ 1906 നവംബറില്‍ മഹത്തായ ദൗത്യവുമായി അവര്‍ കേരള മണ്ണില്‍ കാലുകുത്തി. തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയുടെ ഉള്ളില്‍ നഴ്സിംഗ് ക്വാര്‍ട്ടേഴ്സും ഒരു ദേവാലയവും ഒരുക്കിയാണ് മഹാരാജാവ് ആ സന്യാസ സമൂഹത്തെ സ്വീകരിച്ചത്. പിന്നീട് അങ്ങോട്ട് ആ സന്യാസിനികള്‍ ഈ നാടിനെ ആതുര ശുശ്രൂഷ എന്തെന്ന് പഠിപ്പിച്ചു.
ജാതിഭേദവും വര്ണ്ണവ്യത്യാസവുമില്ലാതെ എല്ലാ രോഗികളെയും മനുഷ്യരായി കാണാന്‍ പഠിപ്പിച്ചു. സാന്ത്വനവും കാരുണ്യവും സ്നേഹവും ചാലിച്ച അവരുടെ വാക്കുകളും സ്പര്‍ശനങ്ങളും ഔഷധങ്ങളേക്കാള്‍ സൗഖ്യദായകമാണെന്ന് രോഗികളായ മനുഷ്യര്‍ക്ക് തോന്നിത്തുടങ്ങി. നഴ്സുമാര്‍ മാലാഖമാരായി. ഓരോ നഴ്സിംഗ് ദിനത്തിലും ഓര്‍ക്കേണ്ട ഈ ചരിത്രം നിര്‍ഭാഗ്യവശാല്‍ നാം തുടരെ മറന്നു പൊയ്ക്കൊണ്ടേയിരിക്കുന്നു. നഴ്സുമാരെ 'സിസ്റ്റര്‍' എന്നു സംബോധന ചെയ്യുന്നതിന്റെ സാംഗത്യം എത്തിനില്‍ക്കുന്നത് സന്യാസിനികളിലാണെന്നതും നാം മറന്നുകൂടാ.
ജീവിതത്തില്‍ ഒരിക്കലെങ്കിലും കന്യാസ്ത്രീ ആയാലോ എന്നു ചിന്തിക്കാത്ത കത്തോലിക്കാ യുവതികള്‍ ചുരുക്കമായിരിക്കും എന്ന് സാറാ ജോസഫിനെപ്പോലുള്ള പ്രമുഖയായ എഴുത്തുകാരി ഒരിക്കല്‍ പറഞ്ഞത് സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും മാലാഖ തുല്യമായ ഈ മുഖങ്ങള്‍ കണ്ടിട്ടുതന്നെയാകണം. കടമ്മനിട്ട തന്റെ വിഖ്യാതമായ 'കുറത്തി' എന്ന കവിതയില്‍ 'നിങ്ങളോര്‍ക്കണം നിങ്ങളെങ്ങനെ നിങ്ങളായെന്ന്' ചോദിച്ചതുപോലെ ഇവിടുത്തെ ക്രൈസ്തവ സമൂഹം ഓര്‍ക്കണം, ജീവിത വളര്‍ച്ചയുടെ പാതയില്‍ ഒരു സന്യാസിനിയുടെയെങ്കിലും നിസ്വാര്‍ത്ഥമായ സേവനം പറ്റാതെ കടന്നു പോരാന്‍ കഴിഞ്ഞിട്ടില്ലെന്ന്.
ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റത്തിനു ശേഷം, കേരള സമ്പദ്ഘടനയെയും കുടുംബഭദ്രതയെയും വിപുലമായി സ്വാധീനിച്ച 1960കളില്‍ തുടങ്ങിയ യൂറോപ്യന്‍ നാടുകളിലേയ്ക്കുള്ള നഴ്സുമാരുടെ കുടിയേറ്റത്തിന് മുന്‍നിരയില്‍ 'ഉപകാരമില്ലാത്ത ജീവിതങ്ങള്‍' എന്നു വരെ ആക്ഷേപിക്കപ്പെട്ട സന്യാസിനികളാണ് ഉണ്ടായിരുന്നത് എന്ന് നാം മറക്കരുത്. ആദ്യ കുടിയേറ്റം ജര്‍മ്മനിയിലേക്കായിരുന്നു. സന്യാസിനികളുടെ നേതൃത്വത്തില്‍ യൂറോപ്പില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള കത്തോലിക്കാ യുവതികളെ അവര്‍ക്കു പോകേണ്ട രാജ്യത്തെ ഭാഷയും സാസ്കാരിക പ്രത്യേകതകളും ഭക്ഷണ രീതികളുമെല്ലാം മാസങ്ങളോളം പഠിപ്പിച്ചിട്ടാണ് അവിടങ്ങളിലേയ്ക്ക് അയച്ചിരുന്നത്.
പിന്നീട് സാമ്പത്തികമായി മെച്ചപ്പെട്ട അവര്‍ തങ്ങളുടെ കുടുംബാംഗങ്ങളെയും അവിടങ്ങളിലേയ്ക്ക് കൊണ്ടുപോയി. വൈദ്യശാസ്ത്രത്തിന്റെ ഭാഗമായ നഴ്സിംഗ് സ്ത്രീ വിമോചനത്തിന്റെ ആയുധമായി മാറിയ ഈ നിശബ്ദവിപ്ലവത്തിന്റെ മുന്നണി പോരാളികൾ സന്യാസിനികളായിരുന്നുവെന്ന് നാം മറന്നുകൂടാ.
ഡോ. പ്രവീണ കോടോത്ത്, ഡോ. ടീന കുര്യാക്കോസ് ജേക്കബ് എന്നിവരുടെ ഗവേഷണ പ്രബന്ധ പ്രകാരം 1960കളില്‍ തന്നെ ജര്‍മ്മനിയില്‍ കേരളത്തില്‍ നിന്നുള്ള ആറായിരത്തോളം നഴ്സുമാര്‍ ഉണ്ടായിരുന്നത്രേ. അവരില്‍ ഭൂരിഭാഗവും കത്തോലിക്കാ യുവതികളായിരുന്നു! പ്രശസ്തനായ എഴുത്തുകാരന് സക്കറിയാ ഒരിക്കല്‍ ഇതിനെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്: 'ഗ്രാമീണ യുവതികളായിരുന്ന മലയാളി നഴ്സുമാര്‍ ജര്‍മ്മനിയിലേക്ക് നയിച്ച കുടിയേറ്റം ഇദംപ്രഥമമായ ഒന്നാണ്.
സ്ത്രീകള്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച അത്തരമൊരു കുടിയേറ്റം മറ്റൊരിടത്തും രേഖപ്പെടുത്തിയിട്ടുള്ളതായി അറിവില്ല.' സമൂലമായ സാമൂഹിക പരിവര്‍ത്തനത്തിനു പോലും ഇടയാക്കിയ ഇത്തരം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കിയ സന്യസ്ത സമൂഹങ്ങളുടെ സേവനത്തെ വല്ലപ്പോഴും സംഭവിക്കുന്ന വീഴ്ചകളുടെ പേരില്‍ ഇകഴ്ത്തി കാണിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണ്.
ചൂഷിത മാര്‍ഗങ്ങളോട് പടപൊരുതി അധസ്ഥിതരെയും അക്ഷരാഭ്യാസമില്ലാത്തവരെയും സമൂഹത്തിന്റെ മുന്‍പന്തിയിലേയ്ക്ക് കൈപിടിച്ചുയര്ത്തുന്നതിനിടയില് ശത്രു കരങ്ങളാല്‍ ഹിംസിക്കപ്പെട്ട വാഴ്ത്തപ്പെട്ട റാണി മരിയയെപ്പോലുള്ള എത്രയോ സന്യാസിനികളുടെ രക്തം വീണു കുതിര്‍ന്ന മണ്ണാണിത് എന്ന സത്യം എങ്ങനെയാണ് നമുക്ക് മറക്കാന്‍ കഴിയുന്നത്? കഴിവും ഉള്‍ക്കാഴ്ചയും കുറഞ്ഞവരാണ് സന്യാസിനികള്‍ എന്നു പറയുന്നതില്‍ എന്തു യുക്തിയാണുള്ളത്?.
എത്രയോ കലാപ്രതിഭകളായ സന്യാസിനിമാരുണ്ട്, ചിത്രകാരികളുണ്ട്, നിയമ ബിരുദധാരികളുണ്ട്, അധ്യാപകരുണ്ട്, ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മികച്ച സംഗീതജ്ഞരുമുണ്ട്! പൂര്‍ണ്ണമായും സ്ത്രീ സമൂഹത്തിന്റെ തീരുമാനത്തിലും നിയന്ത്രണത്തിലും നേതൃത്വത്തിലുമുള്ള എത്ര സംവിധാനങ്ങളാണ് സന്യസ്തരുടെ കീഴിലുള്ളത്. ഇതിനെയല്ലേ നാം സ്ത്രീ ശാക്തീകരണം എന്നു വിളിക്കുന്നത്?.
സന്യാസിനികള്‍ തന്നെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന എത്രയോ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍, സാമൂഹിക സേവന സംവിധാനങ്ങള്‍ എന്നിവയാണ് നമ്മുടെ നാട്ടിലുള്ളത്! പിന്നെയെങ്ങനെയാണ് അവര്‍ സ്വാതന്ത്രമില്ലാത്തവരെന്ന് പറയാനാകുന്നത്.
ഒരു ആത്മഹത്യയും നമുക്ക് ന്യായീകരിക്കാനാവില്ല. 'ആത്മഹത്യാ മുനമ്പില്‍ കേരളം' എന്ന പുസ്തകത്തില്‍ സിബി മാത്യൂസ് ഐപിഎസ്. ചൂണ്ടിക്കാണിക്കുന്നതുപോലെ ആത്മഹത്യ ചെയ്യുന്നതില്‍ ഭൂരിഭാഗവും സാധുക്കളും ദുര്‍ബലരുമായ മനുഷ്യരാണ്. ശരിയായ സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ മിക്ക ആത്മഹത്യകളും നമുക്ക് തടയാമായിരുന്നു.
നമ്മുടെ സംവിധാനങ്ങള്‍ പരാജയപ്പെട്ടുകൂടാ. സങ്കടങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും സ്നേഹവും ക്ഷമയും കാരുണ്യവും കൊണ്ട് പരിഹാരം നല്കിയ ക്രിസ്തുവാണ് മാര്‍ഗ്ഗദര്‍ശി. എല്ലാം വലിച്ചെറിഞ്ഞുപോയ ധൂര്‍ത്ത പുത്രനും മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസിനും ഹൃദയത്തില്‍ സ്ഥാനം നല്കിയ മിശിഹായുടെ സുവിശേഷത്തിന്റെ പാരമ്പര്യത്തില്‍ തണലേകുന്ന വൃക്ഷം പോലെ പടര്‍ന്നു പന്തലിച്ച സമൂഹമാണ് ഇവിടുത്ത സന്യാസിനീ സമൂഹം.
അങ്ങനെയാണ് സുവിശേഷത്തിന്റെ അന്തസത്ത നമ്മുടെ ആകാശങ്ങളില്‍ മാറ്റൊലിയായി നിറഞ്ഞു നിന്നത്. " അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനം വലിയൊരു പ്രകാശം കണ്ടു. മരണത്തിന്റെ നിഴലിലും താഴ്വരയിലും കഴിഞ്ഞിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു.' ആ വലിയ പ്രകാശം നാം കെടുത്തിക്കൂടാ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വന്നതിനേക്കാള്‍ കൂടുതല്‍ സങ്കടപ്പെട്ട് ആരും നമ്മുടെ ഭവനങ്ങളുടെ വാതില്‍പ്പടി കടന്നു പൊയിക്കൂടാ.
കന്യാസ്ത്രീ മഠങ്ങള്‍ അടച്ചുപൂട്ടണമെന്നും സന്യാസിനികളെ വീടുകളിലേയ്ക്ക് പറഞ്ഞയക്കണമെന്നും വാദിക്കുന്നവര്‍ ഒരു നിമിഷം ഒന്നു ചിന്തിച്ചു നോക്കൂ: തികച്ചും സ്വാര്ത്ഥഭരിതമായിപ്പോകുന്ന ലോകത്ത് നിസ്വാര്‍ത്ഥതയോടെ സേവനം ചെയ്യാന്‍ തയ്യാറാകുന്ന സന്യാസിനികളല്ലാതെ എത്ര പേരെ ഈ പൊതുസമൂഹത്തിന് സംഭാവന ചെയ്യാനാകും? മതഭേദമോ ജാതി വ്യത്യാസമോ കൂടാതെ നിരന്തരം ഇവര്‍ നല്കുന്ന കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും
മുഖം മറ്റുള്ളവരില്‍ എത്ര കാലം എത്രപേരില്‍ തുടര്‍ച്ചയായി നമുക്ക് കാണാനാകും?.
നിരന്തര ആക്രമണങ്ങളില്‍ സന്യസ്തരുടെ മനധൈര്യം നഷ്ടപ്പെടുകയും അവര്‍ പിന്‍വലിയുകയും ചെയ്താന്‍ അതിന്റെ നഷ്ടം നമ്മുടെ പൊതു സമൂഹത്തിനാണെന്നതു കൂടെ നമുക്ക് തിരിച്ചറിയാം. അസഭ്യവര്‍ഷങ്ങളും അധിക്ഷേപങ്ങളും എല്ലാ സീമകളും ലംഘിച്ച് സാമൂഹിക മാധ്യമങ്ങളുടെ പേജുകള്‍ നിറയുമ്പോള്‍ കണ്വാശ്രമത്തിലെ മാന്‍പേടയുടെ നേരെ അമ്പെയ്യാനൊരുങ്ങുന്ന ദുഷ്യന്തമഹാരാജാവിനോട് വാനാരൂപികള്‍ ധ്വന്യാത്മകമായി പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കാം. 'ആശ്രമ മൃഗമാണത്. കൊല്ലരുത്!'
ഫാ. ജോസഫ് ആലഞ്ചേരില്‍.സീറോ മലബാര്‍ സഭ യുവജനകമ്മീഷന് സെക്രട്ടറി