പേത്തർത്താ-കാർണിവൽ
Monday, February 20, 2023 12:28 PM IST
യോനാ നഗരത്തിൽ കടന്ന് ഒരുദിവസത്തെ വഴി നടന്നു. അനന്തരം, അവൻ വിളിച്ചു പറഞ്ഞു: നാല്പതു ദിവസം കഴിയുന്പോൾ നിനെവേ നശിപ്പിക്കപ്പെടും. നിനെവേയിലെ ജനങ്ങൾ ദൈവത്തിൽ വിശ്വസിച്ചു.
അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു. ഈ വാർത്ത നിനെവേ രാജാവുകേട്ടു. അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജകീയ വസ്ത്രം മാറ്റി ചാക്കുടുത്തു ചാരത്തിൽ ഇരുന്നു. അവൻ നിനെവേ മുഴുവൻ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. ഒരോരുത്തരും താന്താങ്ങളുടെ ദുർമാർഗത്തിൽനിന്നും അക്രമങ്ങളിൽനിന്നും പിന്തിരിയട്ടെ. (യോനാ 3,4-9).
മാനവരക്ഷയുടെ അടിസ്ഥാനമായ ഈശോമിശിഹായുടെ പീഡാനുഭവം, മരണം, ഉത്ഥാനം എന്നിവ അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉയിർപ്പുതിരുനാളിനൊരുക്കമായി നോന്പാചരിക്കുന്ന കാലം ഇന്ന് ആരംഭിക്കുകയാണ്. നോന്പാരംഭം കുറിക്കുന്ന ദിവസത്തെ പേത്തർത്താ എന്നാണ് പൗരസ്ത്യ ക്രിസ്ത്യാനികൾ വിശേഷിപ്പിക്കുന്നത്.
വേർതിരിക്കുക, മാറ്റിനിർത്തുക എന്നൊക്കെ അർഥമുള്ള "പത്താർ’ എന്ന ക്രിയാധാതുവിൽനിന്നു രൂപംകൊണ്ട ഒരു സുറിയാനി നാമമാണ് പേത്തർത്താ. അവസാനിപ്പിക്കൽ, മാറ്റിവയ്ക്കൽ, തിരിഞ്ഞുനോക്കൽ എന്നൊക്കെ ഈ വാക്കിന് അർഥമുണ്ട്. ഇതുവരെ അനുവർത്തിച്ചുവന്ന, ഒരുപക്ഷേ ദൈവത്തിനു സ്വീകാര്യമല്ലാത്ത, ആഘോഷങ്ങളുടെയും ആർഭാടങ്ങളുടെയും സുഖലോലുപതയുടെയുമായ ജീവിതശൈലി അവസാനിപ്പിച്ചു പുതിയ ജീവിതത്തിനു തുടക്കംകുറിക്കണം എന്ന് ഈ വാക്ക് അനുസ്മരിപ്പിക്കുന്നു.
പാശ്ചാത്യസഭയിലും പാശ്ചാത്യസംസ്കാരം നിലനിൽക്കുന്ന ഇടങ്ങളിലും കാർണിവൽ എന്ന പേരിലാണ് നോന്പാരംഭം അറിയപ്പെടുന്നത്. ഈ വാക്കിന്റെ ഉറവിടമായി രണ്ടു ലത്തീൻ വാക്കുകൾ എടുത്തു കാട്ടാറുണ്ട്. "കാർണെം ലെവാരെ’ (carnem levare) എന്നതാണ് ആദ്യത്തേത്. മാംസം എടുത്തു മാറ്റുക എന്നർഥം. “കാർണെ വാലെ’’’’ (carne vale) എന്നതാണ് രണ്ടാമത്തെ വ്യാഖ്യാനം.
മാംസമേ വിട എന്നർഥം-രണ്ടിന്റെയും. അർഥം ഫലത്തിൽ ഒന്നുതന്നെ. നോന്പുകാലത്ത് മത്സ്യമാംസാദികളും മദ്യവും ഉല്ലാസാഘോഷങ്ങളും എല്ലാം ഒഴിവാക്കണം. അതിന് ഒരു വീട്ടിൽ ബാക്കിയിരിക്കുന്ന, നോന്പുകാലത്ത് നിഷിദ്ധമായ ഭക്ഷണപാനീയങ്ങൾ വെറുതെ കളയാതിരിക്കാൻവേണ്ടി, തിന്നും കുടിച്ചും തീർക്കുന്നു. അതോടൊപ്പം കോമാളിവേഷം കെട്ടിയും നൃത്തം ചെയ്തും ഘോഷയാത്രകൾ നടത്തിയും ആഘോഷിക്കുന്നു.
പേത്തർത്തായും കാർണിവലും ലക്ഷ്യംവയ്ക്കുന്നതു മനുഷ്യന്റെ അധമവാസനകളെ കയറൂരിവിടുകയല്ല, മറിച്ച് ദൈവഹിതമനുസരിച്ച് ജീവിതം ക്രമപ്പെടുത്താൻ, വഴിതെറ്റിയിട്ടുണ്ടെങ്കിൽ അനുതപിച്ച് തിരിച്ചുവരാനുള്ള ഒരുക്കത്തിന് ആഹ്വാനം ചെയ്യുകയാണ്. ദൈവത്തിന്റെ തിരുവചനത്തിനു കാതോർക്കാം. നിനെവേയിലെ മനുഷ്യർ യോനാപ്രവാചകന്റെ വാക്കുകേട്ടു മനസുമാറി പ്രായശ്ചിത്തം അനുഷ്ഠിച്ചത് ഏവർക്കും മാതൃകയാകട്ടെ.