അമ്പതുനോമ്പ്
Monday, February 20, 2023 12:37 PM IST
“യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോർദാനിൽനിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. അവൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ടു. നാല്പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല’ (ലൂക്കാ 4,1-2).
ആരാധനക്രമവത്സരത്തിലെ ഏറ്റം പ്രധാന തിരുനാളായ ഈസ്റ്റർ ആഘോഷിക്കുന്നതിനൊരുക്കമായി നടത്തുന്ന നോന്പാചരണത്തെ അന്പതുനോന്പ് എന്നാണ് പൊതുവേ വിശേഷിപ്പിക്കുക. “വലിയനോന്പ്''എന്നും വിളിക്കാറുണ്ട്. കത്തോലിക്കാ സഭയിൽ പുരാതന കാലം മുതലേ അനേകം നോന്പാചരണങ്ങൾ നിലവിലിരുന്നു.
മൂന്നുനോന്പ്, എട്ട് നോന്പ്, 15 നോന്പ്, 25 നോന്പ് മുതലായവ ഉദാഹരണങ്ങൾ. ഇവയേക്കാൾ എല്ലാം കൂടുതൽ ദീർഘിക്കുന്നതിനാൽ വലിയനോന്പ് എന്നു വിളിക്കുന്നു. അൻപതുനോന്പ് എന്നു വിളിക്കുന്നെങ്കിലും യഥാർഥത്തിൽ നാല്പതു ദിവസമാണ് നോന്പാചരണമായി കരുതുന്നത്. എന്താണ് 40 ദിവസത്തിന്റെ പ്രത്യേകത, എന്തുകൊണ്ട് “അന്പതുനോന്പ്’’ എന്നു പറയുന്നു എന്നീ ചോദ്യങ്ങൾ പ്രസക്തമാണ്. ആദ്യമേ നാല്പതു ദിവസത്തിന്റെ കാര്യം പരിഗണിക്കാം.
ഏറ്റവുമാദ്യം ശ്രദ്ധയിൽപ്പെടുന്നത്, പരസ്യജീവിതത്തിന് ഒരുക്കമായി യേശു 40 ദിവസം ഉപവസിച്ചു എന്നു മത്തായി, മർക്കോസ്, ലൂക്കാ എന്നീ സമാന്തര സുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിരിക്കുന്ന സംഭവമാണ്. ഒന്നും ഭക്ഷിക്കാതെ നിരന്തരമായ പ്രാർഥനയിൽ യേശു ചെലവഴിച്ച നാല്പതു ദിവസത്തെ അനുസ്മരിച്ച് ഇന്നു ക്രൈസ്തവർ നാല്പതുദിവസം ഉപവസിക്കുന്നു. ഇതിനു പുറമേ, പഴയ നിയമത്തിലെ പല സംഭവങ്ങളും നാല്പതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നുണ്ട്.
എപ്രകാരമാണ് 40 ദിവസം നിശ്ചയിക്കുക എന്നത് ശ്രദ്ധേയമാണ്. പേത്തർത്ത ഞായർ മുതൽ ഉത്ഥാന ഞായർ വരെ ദീർഘിക്കുന്ന ഏഴ് ആഴ്ചകളാണ് ഉപവാസകാലം. ഞായറാഴ്ചകൾ ഉപവാസത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. അപ്പോൾ 7x6 = 42 എന്നു വരുന്നു.
പൗരസ്ത്യസഭകളിൽ പീഡാനുഭവവെള്ളിയും വലിയശനിയും അതികഠിനമായ ഉപവാസത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും ദിവസങ്ങളായി പരിഗണിച്ച്, മറ്റ് ദിവസങ്ങളിൽ നിന്നും മാറ്റുന്നതിനാൽ 40 എന്ന സംഖ്യ കിട്ടുന്നു. പാശ്ചാത്യസഭകളിൽ ആദ്യ ആഴ്ചയിലെ തിങ്കൾ-ചൊവ്വ കാർണിവൽ ദിവസങ്ങളായി പരിഗണിച്ച് ബുധനാഴ്ച നോന്പാരംഭിക്കുന്നതിനാലും 40 എന്ന സംഖ്യ കിട്ടുന്നു.
ഇനി അന്പതുനോന്പിന്റെ കാര്യം. പൗരസ്ത്യസഭകളിൽ പ്രത്യേകിച്ചും സീറോ മലബാർ സഭയിൽ ഞായറാഴ്ചകളടക്കം എല്ലാ ദിവസങ്ങളും നോന്പിന്റെ ദിവസങ്ങളാണ്. പേത്തർത്താ ഞായറിൽ തുടങ്ങി ഉത്ഥാന ഞായറിൽ അവസാനിക്കുന്പോൾ 50 ദിവസങ്ങളാകുന്നു.
പരസ്യജീവിതത്തിന് ഒരുക്കമായി യേശു മരുഭൂമിയിൽ ചെലവഴിച്ച 40 ദിവസമാണ് ഇതിൽ ഏറ്റം പ്രധാനം. അതുതന്നെ ആയിരിക്കണം ഇന്നത്തെ നോന്പാചരണത്തിനുള്ള മാതൃകയും പ്രചോദനവും. പരിശുദ്ധാത്മാവിന്റെ പ്രേരണകൾക്കു കാതോർക്കുക. ദൈവത്തോടും സഹോദരങ്ങളോടും സൗഹൃദത്തിൽ ഒരുമിച്ച് വസിക്കുക. അതാണ് നോന്പിന്റെ യും ഉപവാസത്തിന്റെയും മുഖ്യമായ അർഥവും ലക്ഷ്യവും.