മരുഭൂമി
Saturday, February 25, 2023 10:18 AM IST
“ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു. അവൻ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാർ അവനെ ശുശ്രൂഷിച്ചു” (മർക്കോ 1:12-13)
പരസ്യജീവിതത്തിന് ഒരുക്കമായി യേശു നാല്പതു ദിനരാത്രങ്ങൾ മരുഭൂമിയിൽ ചെലവഴിച്ചതിന്റെ ഓർമയാചരിച്ചുകൊണ്ടാണ് ക്രൈസ്തവർ വലിയനോന്പാചരിക്കുന്നത്. ഈ നോന്പാചരണം ഒരു മരുഭൂമിയനുഭവത്തിനു സഹായകമാകണം. എന്താണ് മരുഭൂമിയുടെ പ്രത്യേകത? എന്തിനാണ് യേശു മരുഭൂമിയിലേക്കു പോയത്?
മരുഭൂമിയുടെ ഏറ്റം വ്യക്തവും ശ്രദ്ധേയവുമായ സവിശേഷത ഏകാന്തതയാണ്. “ശൂന്യത ഓരിയിടുന്ന മണലാരണ്യം” (നിയ 32:10) എന്നു ബൈബിൾ വിശേഷിപ്പിക്കുന്പോൾ മരുഭൂമിയുടെ ഈ പ്രത്യേകതയ്ക്ക് ഊന്നൽ നല്കുന്നതായി കാണാം. ഇസ്രായേൽ ജനം മരുഭൂമിയിൽ അനുഭവിച്ച ഏകാന്തതയെക്കുറിച്ചുള്ള ഒരു പരാമർശമാണിത്. യേശു തന്റെ പരസ്യജീവിതം തുടങ്ങുന്നതിനുമുന്പ് ഏകാന്തതയിൽ പിതാവിന്റെ ഹിതം തേടിയതും അതു നിവർത്തിക്കാൻ തന്നെത്തന്നെ ഒരുക്കിയതും മരുഭൂമിയുടെ ഏകാന്തതയിലാണ്.
തങ്ങളുടെ ആദ്യത്തെ പ്രേഷിതദൗത്യം വിജയപ്രദമായി പൂർത്തിയാക്കി ആഹ്ലാദത്തോടെ തിരിച്ചെത്തിയ ശിഷ്യന്മാരോട് യേശു പറഞ്ഞു: “നിങ്ങൾ ഒരു വിജനസ്ഥലത്തേക്കു വരുവിൻ; അല്പം വിശ്രമിക്കാം...” ഈ ക്ഷണത്തിന്റെ സാഹചര്യം പ്രത്യേകം ശ്രദ്ധിക്കണം. അനേകം ആളുകൾ അവിടെ വരുകയും പോവുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അവർക്ക് ഒഴിവുകിട്ടിയിരുന്നില്ല (മർക്കോ 6:31).
സുവിശേഷ പ്രഘോഷണത്തിന്റെ തിരക്കിൽ സുപ്രധാന കാര്യങ്ങൾ മറന്നുപോകാൻ തുടങ്ങിയപ്പോഴാണ് എന്നും പ്രസക്തമായ ഈ ആഹ്വാനം. എപ്പോഴും തിരക്കിലാണ് നമ്മൾ. ഒന്നിനും സമയം തികയുന്നില്ല. വിശ്രമം എന്തെന്നറിയാത്ത ഒരു ജീവിതം. 24/7 എന്ന നിലപാടും മനോഭാവവും ഒരു വീണ്ടുവിചാരത്തിന് വിഷയമാക്കണം എന്ന് മരുഭൂമി നമ്മെ അനുസ്മരിപ്പിക്കുന്നു. തിരക്കു കൂടുന്നതുകൊണ്ട് എന്താണ് എനിക്കു സംഭവിക്കുന്നതെന്നു ചിന്തിക്കാൻ അല്പസമയം മാറ്റിവയ്ക്കണം.
ഏകാന്തതയിൽ എന്നെത്തന്നെ കണ്ടെത്താൻ, എന്റെ ആഗ്രഹങ്ങൾ, ആസക്തികൾ, ഉത്കണ്ഠകൾ എല്ലാം നേരിട്ടു കാണാൻ ശ്രമിക്കണം. അവയെക്കുറിച്ച് വ്യക്തമായൊരു അവബോധം ഉണ്ടാകണം. ഒരു വിജനസ്ഥലത്തേക്കു വരുവിൻ എന്ന യേശുവിന്റെ ആഹ്വാനം സ്വീകരിക്കണം. വിജനസ്ഥലം തേടി അകലെയെങ്ങും അലയേണ്ട.
എന്റെ ഉള്ളിലേക്കു കടക്കുക. പുറംവാതിലുകൾ അടയ്ക്കുക. എന്റെ യുള്ളിൽ വസിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയുക. അവിടത്തെ തിരുമുന്പിൽ എന്നെത്തന്നെ കാണാൻ, വിലയിരുത്താൻ ശ്രമിക്കുക. നോന്പുകാലത്തെ മരുഭൂമിയനുഭവത്തിന്റെ ഒരു ലക്ഷ്യമിതാണ് - സ്വയം കണ്ടെത്തൽ. ആത്മവിശകലനം. അനുദിന ജീവിതത്തിന്റെ വ്യഗ്രതയിലും ബഹളങ്ങളിലുംനിന്ന് അല്പം മാറിനിൽക്കുക. ദൈവത്തോടൊന്നിച്ച് ആയിരിക്കുക. അതിനു നോന്പുകാലം സഹായിക്കും.