മരുഭൂമി - സംരക്ഷണം
Monday, February 27, 2023 10:47 AM IST
“അവിടന്ന് അവനെ മരുഭൂമിയിൽ, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാരിപ്പുണർന്നു, താത്പര്യപൂർവം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു. കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളിൽ ചിറകടിക്കുകയും വിരിച്ച ചിറകുകളിൽ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ അവനെ നയിച്ചതു കർത്താവാണ് ’’ (നിയ 32, 10-11).
ദൈവത്തിന്റെ സംരക്ഷണം ഇസ്രയേൽ ജനം ഏറ്റവുമധികം അറിഞ്ഞതും അനുഭവിച്ചതും നാല്പതുവർഷം ദീർഘിച്ച മരുഭൂമിയിലൂടെയുള്ള യാത്രാമധ്യേ ആയിരുന്നു. വഴിയും നിഴലുമില്ലാത്ത, ചുട്ടുപൊള്ളിക്കുന്ന മരുഭൂമിയിലൂടെ അവർ വാഗ്ദത്ത ഭൂമിയെ ലക്ഷ്യംവച്ചു യാത്രചെയ്തു.
പകൽ മേഘത്തൂണും രാത്രി അഗ്നിസ്തംഭവുമായി ദൈവം അവരെ വഴി നടത്തി. മുകളിൽ മേഘമായി തണൽ വിരിച്ചു. ആകാശത്തുനിന്നു മന്ന വർഷിച്ച് അവരുടെ വിശപ്പടക്കി, പാറയിൽനിന്നു നീരൊഴുക്കി ദാഹം ശമിപ്പിച്ചു. സ്വന്തമായി ഒന്നും ഇല്ലാത്ത നിസഹായാവസ്ഥയിൽ ദൈവം അവർക്ക് എല്ലാമായി. വഴിയും നിഴലും ലക്ഷ്യവും ലക്ഷ്യപ്രാപ്തിക്കാവശ്യമായതും എല്ലാം നല്കി പരിപാലിച്ച അനുഭവം. ഇതാണ് ഇസ്രയേൽ ജനത്തിന്റെ പൈതൃകത്തിലെ ഒരു പ്രധാന ഘടകം.
ഈ സംരക്ഷണം അനുസ്മരിപ്പിക്കുന്ന ഒരു പ്രതീകമാണ് മരുഭൂമിയിൽ കരയുന്ന കുഞ്ഞിനെ വാരിപ്പുണർന്നു സ്വന്തമായി സ്വീകരിക്കുന്ന പിതാവിന്റെ ചിത്രം. കുഞ്ഞിനെ പറക്കാൻ പഠിപ്പിക്കുന്ന കഴുകന്റെ ചിത്രം. മരുഭൂമിയനുഭവത്തിന്റെ മറ്റൊരു മാനം പ്രകടമാക്കുന്നു. തൂവൽ മുളച്ചെങ്കിലും പറക്കാൻ അറിയാത്ത, ഭയക്കുന്ന കുഞ്ഞിനെ തള്ളക്കഴുകൻ പറക്കാൻ പഠിപ്പിക്കുന്നതിന്റെ ചിത്രം മനോഹരമാണ്.
കൂട് ചലിപ്പിക്കുകയും പിന്നീട് കൂടിന്റെ കന്പുകൾ ഒന്നൊന്നായി വലിച്ചുനീക്കുകയും ചെയ്യുന്ന തള്ളക്കഴുകന്റെ പ്രവൃത്തി മനസിലാക്കാൻ കുഞ്ഞിനു പ്രയാസമുണ്ട്. അള്ളിപ്പിടിച്ചിരിക്കുന്ന അവസാനത്തെ കന്പ് വലിച്ചുകളയുന്പോൾ പിടിച്ചുനിൽക്കാൻ ഒന്നുമില്ലാതെ കല്ലുപോലെ താഴേക്കു വീഴുന്ന കുഞ്ഞ് കരുതും എല്ലാം അവസാനിച്ചെന്ന്.
പക്ഷേ താഴേക്കു വീഴുന്ന കുഞ്ഞിനു മുന്പേ ഊളിയിട്ടു പറക്കുന്ന തള്ളക്കഴുകൻ വിരിച്ച ചിറകിൽ കുഞ്ഞിനെ വഹിക്കുന്നു. പലതവണ ഈ പ്രക്രിയ ആവർത്തിക്കുന്പോൾ കുഞ്ഞിച്ചിറകു വിരിച്ച് വീശി പറക്കാൻ പഠിക്കുന്ന കുഞ്ഞിന് അപ്പോൾ ബോധ്യമാകും എന്തായിരുന്നു ക്രൂരത എന്നു കരുതിയ ഈ പ്രക്രിയയുടെ ലക്ഷ്യമെന്ന്.
ഏതാണ്ട് ഇതുപോലെയാണ് ദൈവം ഇസ്രയേൽ ജനത്തിന്റെ ചരിത്രത്തിൽ ഇടപെട്ടത്. ഇസ്രയേലിന്റെ മാത്രമല്ല, ഓരോ ജനതയുടെയും വ്യക്തിജീവിതത്തിലും ദൈവം ഇപ്രകാരം ഇടപെടുന്നു, എന്റെയും.
ഈയൊരു അവബോധത്തിലേക്കു നയിക്കുന്നതാകണം നോന്പുകാലത്തെ മരുഭൂമിയനുഭവം. ജീവിതത്തിൽ ആകസ്മികമായി ഒന്നും സംഭവിക്കുന്നില്ല. ദുരിതങ്ങൾ, അത്യാഹിതങ്ങൾ എന്നൊക്കെ കരുതുന്നവ ദൈവിക പരിപാലനയിൽ ആശ്രയിക്കാനും അതനുഭവിക്കാനുമുള്ള അവസരങ്ങളാകണം.
“നിങ്ങളുടെ ദൈവമായ കർത്താവ്, നിങ്ങളെ, ഒരു പിതാവ് പുത്രനെ എന്നപോലെ, വഹിച്ചിരുന്നതു മരുഭൂമിയിൽവച്ചു നിങ്ങൾ കണ്ടതാണല്ലോ’’ (നിയ 1,31). ദൈവത്തിന്റെ പിതൃസഹജമായ വാത്സല്യവും സംരക്ഷണവും അനുഭവിച്ചറിയാൻ ഈ നോന്പുകാലം സഹായിക്കട്ടെ.