മരുഭൂമി - പ്രലോഭനം
Tuesday, February 28, 2023 1:39 PM IST
‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ എളിമപ്പെടുത്താനും തന്റെ കല്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നറിയാൻ നിങ്ങളെ പരീക്ഷിച്ച് നിങ്ങളുടെ ഹൃദയവിചാരങ്ങൾ മനസിലാക്കാനുംവേണ്ടി ഈ നാല്പതു സംവത്സരം മരുഭൂമിയിലൂടെ നിങ്ങളെ നയിച്ച വഴിയെല്ലാം നിങ്ങൾ ഓർക്കണം’ (നിയ 8,2).
സംരക്ഷണത്തിന്റെ മാത്രമല്ല, പ്രലോഭനങ്ങളുടെയും ഇടമാണ് മരുഭൂമി. ഇസ്രയേൽ ജനത്തിന്റെ മരുഭൂമിയാത്ര നിരവധിയായ പ്രലോഭനങ്ങളുടെയും വീഴ്ചകളുടെയും തുടർന്ന് അനുതാപത്തിന്റെയും വിലാപത്തിന്റെയും അവസരവുമായിരുന്നു.
ജനത്തിന്റെ വിശ്വാസവും വിശ്വസ്തതയും അനുസരണവും അളക്കുന്നതിന് ദൈവം നൽകിയ അവസരങ്ങൾ ഏറെ ഉണ്ടായി. അതിനെ പരീക്ഷകൾ എന്നു വിശേഷിപ്പിക്കാം. അറിവും കഴിവും പരിശോധിക്കുന്നതിനു വേണ്ടിയാണല്ലോ പരീക്ഷകൾ. മരുഭൂമിയിൽ അവർ അനുഭവിച്ച വിശപ്പും ദാഹവും അലഞ്ഞുതിരിയലുമെല്ലാം ഇപ്രകാരമുള്ള പരീക്ഷണങ്ങളായിരുന്നു. എന്നാൽ പലപ്പോഴും പരീക്ഷകൾ പ്രലോഭനങ്ങളായി മാറി.
ദൈവഹിതത്തിനു വിരുദ്ധമായി പ്രവർത്തിക്കാനും ദൈവത്തെയും അവിടത്തെ പദ്ധതികളെയും ചോദ്യംചെയ്യാനും നിഷേധിക്കാനും ഉണ്ടാകുന്ന പ്രേരണകളാണ് പ്രലോഭനങ്ങൾ. ദൈവം അയച്ച പരീക്ഷകൾ പ്രലോഭനങ്ങളായി മാറി. അങ്ങനെ മരുഭൂമി ശക്തമായ പ്രലോഭനങ്ങളുടെ ഇടമായിത്തീർന്നു. പ്രലോഭനങ്ങൾ പ്രതിഷേധങ്ങൾക്കു വഴിതെളിച്ചു. അതു വിശ്വാസത്യാഗത്തിനുതന്നെ കാരണമായി.
ഈജിപ്തുകാരുടെ ക്രൂരത നിമിത്തം നിലവിളിച്ച ഒരുപറ്റം അടിമകളെ ശക്തമായ കരം നീട്ടി മോചിപ്പിച്ച്, അദ്ഭുതകരമായി കടൽ വിഭജിച്ച്, വരണ്ട ഭൂമിയിലൂടെ കടത്തി, മരുഭൂമിയിലൂടെ നയിച്ച്, സീനായ് മലയുടെ അടിവാരത്ത് എത്തിച്ച ദൈവം അവരുമായി ഒരു ഉടന്പടിചെയ്തു. അവരെ സ്വന്തം ജനമായി, രാജകീയ പുരോഹിതരായി സ്വീകരിച്ചു (പുറ 19.3).
ഉടന്പടി സ്വീകരിക്കാനായി മലകയറിയ മോശ തിരിച്ചുവരാൻ വൈകി. ജനം അക്ഷമരും അസ്വസ്ഥരുമായി. അവർ തങ്ങൾക്കായി ഒരു ദൈവത്തെ മെനഞ്ഞെടുക്കാൻ തീരുമാനിച്ചു. പ്രധാന പുരോഹിതൻ അഹറോൻ നേതൃത്വം നൽകി. അവരുടെ സ്വർണാഭരണങ്ങൾ ഉരുക്കി കാളക്കുട്ടിയെ വാർത്തെടുത്തു (പുറ 32.1-6).
അഹറോൻ വാർത്തെടുത്ത സുവർണവിഗ്രഹം എന്നും പ്രസക്തമായ ഒരു പ്രതീകമാണ്, ഒരു ഓർമപ്പെടുത്തലും. മരുഭൂമിയിലൂടെയുള്ള യാത്രാമധ്യേ ദൈവഹിതത്തിനു കാതോർക്കാൻ കഴിയണം. യാചനകൾക്ക് ഉടനെ മറുപടി കിട്ടിയില്ലെങ്കിൽ ക്ഷമയോടെ കാത്തിരിക്കണം. ജീവിതത്തിലുണ്ടാകുന്ന ക്ലേശങ്ങളും നഷ്ടങ്ങളും സഹനങ്ങളുമെല്ലാം പരീക്ഷണങ്ങളായി സ്വീകരിക്കണം.
അവ പ്രലോഭനങ്ങളായിത്തീരാൻ അനുവദിക്കരുത്. പ്രലോഭനങ്ങളെ തിരിച്ചറിയാനും തിരസ്കരിക്കാനും ദൈവത്തോടു വിശ്വസ്തത പുലർത്താനും നോന്പുകാലം സഹായകമാകട്ടെ.