അപ്പം- ആർത്തി
Thursday, March 2, 2023 12:00 PM IST
‘ഇസ്രായേല്യരും സങ്കടം പറച്ചിൽ തുടർന്നു. ആരാണു ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം തരിക? ഇവിടെ ഞങ്ങളുടെ പ്രാണൻ പോകുന്നു. ഈ മന്നായല്ലാതെ മറ്റൊന്നും കാണാനില്ല’ (സംഖ്യ 11: 4-5).
വിശന്നുപൊരിഞ്ഞപ്പോൾ കിട്ടിയ മന്നാ അവർക്കു തേൻപോലെ മധുരിച്ചു (പുറ: 16, 31). അതിനെ മാലാഖമാരുടെ അപ്പം (സങ്കീ: 78, 25) എന്ന് അവർ വിശേഷിപ്പിച്ചു. എന്നാൽ സാവകാശം അവർക്കു മടുത്തു. അപ്പത്തിനു രുചി പോരാ. ദൈവം ആകാശത്തുനിന്നു വർഷിച്ച മാലാഖമാരുടെ അപ്പം ഇപ്പോൾ വിലകെട്ട അപ്പമായി (സംഖ്യ: 21, 5).
കൂടുതൽ രുചികരമായ ഭക്ഷണം വേണം. ഈജിപ്തിൽവച്ച് ആസ്വദിച്ച രുചികരമായ ആഹാരത്തിന്റെ ഓർമയിൽ അവരുടെ നാവിൽ വെള്ളമൂറി. മറ്റെല്ലാം മറന്നു. ചാട്ടവാറും ചുടുചോരയും എല്ലാം മറന്ന് ഇറച്ചി വേണം അവർക്ക്. അതിനുവേണ്ടിയായി മുറവിളിയും പ്രതിഷേധവും.
ദൈവം അവരുടെ മുറവിളി കേട്ടു. ഉടനെ ഉത്തരവും നൽകി; ‘കർത്താവ് നിങ്ങൾക്കു മാംസം തരും. നിങ്ങൾ ഭക്ഷിക്കുകയും ചെയ്യും. ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല നിങ്ങൾ അതു തിന്നുക. നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് ഓക്കാനം വരുത്തുന്നതുവരെ ഒരുമാസത്തേക്കു നിങ്ങൾ അതു ഭക്ഷിക്കും’ (സംഖ്യ: 11,19-20).
കർത്താവ് വാക്കുപാലിച്ചു. കാറ്റിന്റെ ചിറകിൽ കോടിക്കണക്കിനു കാടപ്പക്ഷികൾ വന്നു, അവരുടെ പാളയത്തിനുചുറ്റും രണ്ടു മുഴം കനത്തിൽ മൂടിക്കിടന്നു. ആർത്തിയോടെ അവർ വാരിക്കൂട്ടി കൊന്നുതിന്നു. തിന്നുതിന്ന് ഓക്കാനിച്ച് ഛർദിയിൽ കിടന്നു ചത്തു. അങ്ങനെ ആ സ്ഥലത്തിന് ‘കിബിറോത്ത് ഹത്താവാ’ എന്നു പേരുണ്ടായി. ആർത്തിയുടെ താഴ്വര എന്നോ അത്യാഗ്രഹികളുടെ ശവപ്പറന്പ് എന്നോ അതിനെ വിവർത്തനം ചെയ്യാം.
ഇതും മരുഭൂമി നൽകുന്ന ഒരു പാഠമാണ്. എത്ര കിട്ടിയാലും മതിയാകാതെ, വീണ്ടും വീണ്ടും വാരിക്കൂട്ടാനുള്ള പ്രവണതയ്ക്കു ലഭിക്കുന്ന ശിക്ഷ എന്നത്തേക്കാൾ ഏറെ ഇന്നു പ്രസക്തമായിരിക്കുന്നു. ലോകജനതയുടെ മൂന്നിൽ ഒരുഭാഗം ദിവസം ഒരു നേരംപോലും വിശപ്പടക്കാൻ വേണ്ടത്ര ആഹാരം ലഭിക്കാതെ നരകിക്കുന്പോൾ, ലക്ഷക്കണക്കിന് ആളുകൾ പ്രതിവർഷം പട്ടിണിമൂലം മരിക്കുന്പോൾ, ഒരു ചെറിയ ന്യൂനപക്ഷം സ്വത്ത് മുഴുവൻ കൈയടക്കി സുഖിക്കുന്നു.
പുതിയ പുതിയ ആവശ്യങ്ങൾ സൃഷ്ടിച്ച് അഭിരമിക്കുന്നു. ചുരുക്കം പേരുടെ ആർത്തി അനേകരെ പട്ടിണിമരണത്തിലേക്കു തള്ളിവിടുന്നു. ശതകോടീശ്വരന്മാരുടെ എണ്ണം പെരുകുന്പോൾ കോടിക്കണക്കിനു ജനങ്ങൾ ദാരിദ്ര്യത്തിലും പട്ടിണിയിലും നരകിക്കുന്നു. അപ്പം സൂചിപ്പിക്കുന്ന ആർത്തിയുടെ ഒരുവശമാണത്.
മറുഭാഗത്ത് അമിതാഹാരവും ധൂർത്തും കയറൂരിവിടുന്ന ആസക്തികളും മനുഷ്യരെ രോഗികളും നിരാശരുമാക്കുന്നു. ആർത്തിയുടെ ശവക്കുഴികൾ പെരുകുന്നു. അലസതയും അമിതാഹാരവും മൂലം അമിതവണ്ണവും വിവിധ രോഗങ്ങളും ബാധിക്കുന്നു.
ന്യൂനപക്ഷത്തിനും കിബ്രേത്ത് ഹത്താവാ ഒരു ഓർമപ്പെടുത്തലാകണം. ‘ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ട് തൃപ്തിപ്പെടാം’ (1 തിമോ: 6,8) എന്ന പൗലോസ് അപ്പസ്തോലന്റെ ഉപദേശം ആർത്തിയുടെ സംസ്കാരത്തിനു മൂക്കുകയർ ഇടാൻ പ്രേരിപ്പിക്കണം. നോന്പുകാലം അതിനു സഹായകമാകട്ടെ.