വഴിതെറ്റിക്കുന്ന അദ്ഭുതങ്ങൾ
Sunday, March 5, 2023 4:32 PM IST
“കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടും. സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അടയാളങ്ങളും അദ്ഭുതങ്ങളും അവർ പ്രവർത്തിക്കും. നിങ്ങൾ ജാഗരൂകരായിരിക്കുവിൻ.’’(മർക്കോ 13,22-23).
യേശു അനേകം അദ്ഭുതങ്ങൾ പ്രവർത്തിച്ചു. അത് ഏതെങ്കിലും വെല്ലുവിളിക്ക് ഉത്തരമായോ ജനശ്രദ്ധ പിടിച്ചുപറ്റാൻവേണ്ടിയോ ആയിരുന്നില്ല. യേശു പ്രവർത്തിച്ച അദ്ഭുതങ്ങൾ ദൈവത്തിന്റെ കരുണയുടെയും കരുതലിന്റെയും കരുത്തിന്റെയും പ്രകടനങ്ങളായിരുന്നു.
അനേകം അദ്ഭുതങ്ങൾ പ്രവർത്തിച്ചെങ്കിലും അതൊന്നും അധികമാരെയും വിശ്വാസത്തിലേക്കു നയിച്ചില്ല എന്ന് ദുഃഖത്തോടെ യോഹന്നാൻ രേഖപ്പെടുത്തുന്നുണ്ട്. “അവൻ വളരെ അടയാളങ്ങൾ അവരുടെ മുന്പാകെ പ്രവർത്തിച്ചെങ്കിലും അവർ അവനിൽ വിശ്വസിച്ചില്ല.’’(യോഹ.12,37).
അതേസമയം, തെറ്റായ പ്രബോധനങ്ങളുമായി വരുന്ന വ്യാജപ്രവാചകന്മാരും അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കാൻ സാധ്യതയുണ്ട്; അതിനാൽ ജാഗ്രത പാലിക്കണം എന്ന് യേശുതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നത് വിശുദ്ധിയുടെയും ദൈവത്തോടുള്ള വിശ്വസ്തതയുടെയും അടയാളം ആയിരിക്കണമെന്നില്ല.
“അന്ന് പലരും എന്നോടു ചോദിക്കും കർത്താവേ, കർത്താവേ ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും, നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല. അനീതി പ്രവർത്തിക്കുന്നവരേ നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ.’’(മത്താ.7,22-23)
എന്നും പ്രസക്തമായൊരു താക്കീതും മുന്നറിയിപ്പുമാണിത്. അദ്ഭുതങ്ങൾ എന്നു തോന്നുന്നതെല്ലാം യഥാർഥത്തിൽ ദൈവികശക്തിയും കരുണയും വെളിപ്പെടുത്തുന്ന അടയാളങ്ങൾ ആകണമെന്നില്ല. അദ്ഭുതപ്രവർത്തകരും പ്രത്യേക സിദ്ധികളുള്ള സിദ്ധന്മാരും ഇന്നു ധാരാളമുണ്ട്. അനേകർക്ക് അവർ നന്മചെയ്യുന്നുമുണ്ട്.
എന്നാൽ അദ്ഭുതങ്ങൾ തേടിയുള്ള പ്രയാണം പലപ്പോഴും പ്രലോഭകന്റെ വലയിൽ വീഴാൻ ഇടയാക്കും എന്നതും മറക്കാനാവില്ല. വ്യക്തികളും പ്രാർഥനാ-ധ്യാനകേന്ദ്രങ്ങളും ഇക്കാര്യത്തിൽ നിതാന്തജാഗ്രത പാലിക്കണം. ആൾക്കൂട്ടത്തെ ആകർഷിക്കാനുള്ള മാർഗമായി അദ്ഭുതങ്ങളെ കാണരുത്.
മറ്റുള്ളവരുടെ മുന്പിൽ വലിയവരാകാനുള്ള ശ്രമവും ഈ പ്രലോഭനത്തിന്റെ പരിധിയിൽപ്പെടും. ഏറ്റം വലിയ ദേവാലയ ഗോപുരം, ഏറ്റം ഗംഭീരമായ തിരുനാളാഘോഷം, ഗിന്നസ് ബുക്കിൽ ഇടം നേടുന്ന പ്രദക്ഷിണങ്ങൾ, ആഡംബരക്കാറുകൾ, വീടുകൾ, വിരുന്നുകൾ എല്ലാം സ്വന്തം വലിപ്പം കാണിക്കാൻ ഉപയോഗിക്കുന്ന മാർഗങ്ങളാവാം.
അതും പ്രലോഭനമായി തിരിച്ചറിയണം. വിശ്വാസത്തിന്റെ പേരിൽ അനാവശ്യമായ സാഹസങ്ങൾക്കു മുതിരുന്നതും പ്രലോഭനംതന്നെ. ഇവയൊക്കെ തിരിച്ചറിഞ്ഞ് തിരസ്കരിക്കാൻ നോന്പുകാലം ആഹ്വാനം ചെയ്യുന്നു. കാതോർക്കാം.