മടങ്ങിവരൂ!
Sunday, March 12, 2023 1:48 PM IST
“അവിശ്വസ്തരായ മക്കളേ തിരിച്ചുവരുവിൻ, ഞാൻ മാത്രമാണ് നിങ്ങളുടെ നാഥൻ’’ (ജറെ 3,16).
ആത്മശോധനയുടെയും അനുതാപത്തിന്റെയും ഒരു മടക്കയാത്രയുടെയും അവസരമാണ് നോന്പുകാലം.
ഉടന്പടിയുടെ കല്പന ലംഘിച്ച്, ദൈവത്തിൽനിന്നകന്നുപോകുന്ന ജനത്തെ തങ്ങളുടെ സ്രഷ്ടാവും രക്ഷകനും നാഥനും പിതാവുമായ ദൈവത്തിന്റെയടുക്കലേക്ക് മടങ്ങിവരാനുള്ള ആഹ്വാനവുമായി ദൈവം അനേകം പ്രവാചകന്മാരെ അയച്ചു. മിക്കവാറും എല്ലാ പ്രവാചകന്മാരുടെയും സന്ദേശത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു തിരിച്ചുവരാനുള്ള ക്ഷണം.
ദൈവം ഇസ്രായേലുമായി ചെയ്ത ഉടന്പടിയെ ഒരു വിവാഹ ഉടന്പടിയോടാണ് പ്രവാചകന്മാർ ഉപമിച്ചത്. പ്രത്യേകിച്ചു ഹോസിയായും ജെറാമിയായും. അതിനാൽ ഉടന്പടി ലംഘനത്തെ വ്യഭിചാരമായി അവർ ചിത്രീകരിച്ചു. വിഗ്രഹാരാധന ഇതിന്റെ ഏറ്റം വ്യക്തമായ ഉദാഹരണം.
ദൈവം നൽകിയ നിരവധിയായ അനുഗ്രഹങ്ങൾ ദുരുപയോഗിച്ച്, ഉടന്പടി ലംഘനത്തിലൂടെ അവിശ്വസ്തരായിത്തീർന്ന ജനത്തെ ദൈവം പാപങ്ങൾ ക്ഷമിച്ച്, അവിശ്വസ്തതയുടെ മുറിവുണക്കി, വീണ്ടും സ്വന്തം ജനമായി സ്വീകരിക്കും. അതിനാവശ്യമായ മടക്കയാത്ര ദൈവംതന്നെ സാധ്യമാക്കും.
“ഞാൻ അവനെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവരോടു ഞാൻ ഹൃദ്യമായി സംസാരിക്കും. ഈജിപ്തിൽനിന്നു പുറത്തുവന്നപ്പോഴെന്നതുപോലെ, അവിടെവച്ച് അവർ എന്റെ വിളി കേൾക്കും’’(ഹോസി 2,14-15). ആദ്യ അനുഭവത്തിലേക്കു മടങ്ങിവരിക, ദൈവത്തിന്റെ കരുണയും കരുതലും വീണ്ടും അനുഭവിച്ചറിയുക. അവിടുത്തെ സംരക്ഷണത്തിൻ കീഴിൽ സ്വയം വിട്ടുകൊടുക്കുക. ഇതിനെല്ലാം ഒരു മടക്കയാത്ര ആവശ്യമാണ്. മടങ്ങിവരണമെങ്കിൽ എവിടെയാണു വഴിതെറ്റിയതെന്നു മനസിലാക്കണം.
ജറെമിയായിലൂടെ ദൈവം നൽകുന്ന ആഹ്വാനം ഇവിടെ പ്രസക്തമാകുന്നു, ‘കർത്താവ് അരുളിച്ചെയ്യുന്നു, വഴിക്കവലകളിൽനിന്നു ശ്രദ്ധിച്ചു നോക്കുക. പഴയ പാതകൾ അന്വേഷിക്കുക. നേരായ മാർഗം തേടി അതിൽ സഞ്ചരിക്കുക’(ജറെ 6,16). ജീവിതവഴികളിലെ ചൂണ്ടുപലകകളാണ് ദൈവകല്പനകൾ. അവയ്ക്കു പകരം വഴിതെറ്റിക്കുന്ന പരസ്യപ്പലകകൾ വഴിയിൽ ധാരാളം കണ്ടെന്നുവരും.
ധനവും സുഖവും പേരും പ്രശസ്തിയും അധികാരവും അംഗീകാരവും എല്ലാം സമൃദ്ധമായി വാഗ്ദാനം ചെയ്യുന്ന കപടപരസ്യങ്ങൾ. അവയുടെ മാസ്മരികതയിൽ മതിമയങ്ങി പിന്നീട് വ്യർത്ഥതാബോധത്തിലും നിരാശയിലും അലയുന്പോൾ കർത്താവ് നയിക്കുന്ന വഴിയിലേക്കു മടങ്ങിവരണം. അതിനായി അവിടുത്തെ സ്വരത്തിനു കാതോർക്കണം. അവിടുത്തെ സ്നേഹവും കരുണയും അനുഭവിച്ചറിഞ്ഞ നാളുകൾ ഓർത്തെടുക്കണം.
ദൈവത്തിന്റെ പൈതൃകസ്നേഹം - അതാണ് മടക്കയാത്രയ്ക്കു പ്രേരകമായി നിൽക്കുന്ന ഏറ്റവും വലിയ വാഗ്ദാനം. അവിശ്വസ്തരായ മക്കളുടെ തിരിച്ചുവരവിനുവേണ്ടി കാത്തിരിക്കുന്ന പിതാവാണ് ദൈവം. ധൂർത്തപുത്രന്റെ മടങ്ങിവരവ് കാത്തിരുന്ന പിതാവിനെപ്പോലെ (ലൂക്ക 15,11-32). അതിനാൽ ഭയം വേണ്ട, നിരാശയരുത്. പിതാവിന്റെ ഭവനത്തിലേക്ക്, ഹൃദയത്തിലേക്കു മടങ്ങിവരാനുള്ള അവസരമാകട്ടെ നോന്പുകാലം.