അനുഷ്ഠാനങ്ങൾ പോരാ
Monday, March 13, 2023 10:06 AM IST
“നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസും എനിക്കു മതിയായി... നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും ഞാൻ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുഃസഹമായിത്തീർന്നിരിക്കുന്നു’’ (ഏശയ്യാ 1,11-14).
ദൈവത്തെ പ്രസാദിപ്പിക്കാൻ, ദൈവപ്രീതി നേടാൻ, ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാൻ വേണ്ടി പഴയ നിയമത്തിൽ നിർദേശിച്ചിരിക്കുന്ന കാഴ്ചകളാണ് വിവിധങ്ങളായ ബലിയർപ്പണങ്ങളും ആഘോഷങ്ങളും.
ലേവ്യരുടെ പുസ്തകം ഏതാണ്ട് മുഴുവനായും ഇവയെ സംബന്ധിച്ച പ്രബോധനങ്ങളും നിബന്ധനങ്ങളും അവതരിപ്പിക്കുന്നുണ്ട്. മൃഗബലി, ധാന്യബലി, പാനീയബലി എന്നിങ്ങനെ നിരവധി ബലികൾ. അനേകം തിരുനാളാഘോഷങ്ങളും. ഇവയെല്ലാം ദൈവം തന്നെ ആവശ്യപ്പെട്ടിരുന്നതായി ബൈബിൾ ഗ്രന്ഥങ്ങളിൽ കാണാം. ഏതെങ്കിലും തരത്തിലുള്ള ബലിയർപ്പണങ്ങളും കാണിക്കകളും ഉത്സവാഘോഷങ്ങളും മിക്കവാറും എല്ലാ മതങ്ങളിലും കാണാം.
മതത്തിന്റെതന്നെ ഏറ്റം പ്രധാനപ്പെട്ട പ്രവർത്തനങ്ങളായി ഇത്തരം അനുഷ്ഠാനങ്ങൾ കരുതപ്പെടുന്നു. വലിയനോന്പ് തുടങ്ങുന്നതിനു തൊട്ടുമുന്പുള്ള ആഴ്ചകളിൽ കത്തോലിക്കാസഭയിൽ വലിയ ഉത്സവാഘോഷങ്ങളായ പള്ളിപ്പെരുന്നാളുകൾ നടക്കുന്നു.
ഇവയെല്ലാം ഒറ്റയടിക്കു തള്ളിപ്പറയുന്നതായി തോന്നാം ആരംഭത്തിൽ ഉദ്ധരിച്ച പ്രവാചകവചനം. എന്തേ ഇങ്ങനെ ബൈബിളിൽത്തന്നെ ഒരു വൈരുദ്ധ്യം? ആചാരാനുഷ്ഠാനങ്ങൾ ഒന്നും വേണ്ടെന്നാണോ പ്രവാചകന്മാർ പറയുന്നത്? എങ്കിൽ എന്താണതിനു കാരണം?
ആന്തരികത നഷ്ടപ്പെട്ട അനുഷ്ഠാനങ്ങളാണ് ദൈവം പ്രവാചകന്മാർവഴി തള്ളിപ്പറയുന്നത്. സന്പൂർണമായ ആത്മസമർപ്പണത്തിന്റെ അടയാളമായിരിക്കണം ബലിയർപ്പണം, പ്രത്യേകിച്ചും മൃഗബലികൾ. അതിന്റെ ഏറ്റവും മഹത്തായ പ്രകടനമാണ് ബലിമൃഗത്തെ, അല്പംപോലും അവശേഷിപ്പിക്കാതെ പൂർണമായും ദഹിക്കുന്ന സന്പൂർണ ദഹനബലി.
ദൈവം നല്കിയ വിമോചനത്തിന്റെയും സംരക്ഷണത്തിന്റെയും ഒപ്പം അവിടുന്നു നല്കിയ ഉടന്പടിയുടെ ഓർമ പുതുക്കുകയും നിയമങ്ങൾ അനുസരിച്ചുകൊള്ളാം എന്ന വാഗ്ദാനം ആവർത്തിക്കുകയും ചെയ്യുന്ന അവസരങ്ങളാണ് ഉത്സവാഘോഷങ്ങൾ.
എന്നാൽ, കാലക്രമത്തിൽ, കാതൽ നഷ്ടപ്പെട്ട് പുറന്തോടു മാത്രം അവശേഷിക്കുന്ന വൻവൃക്ഷംപോലെയായി മതവും മതാനുഷ്ഠാനങ്ങളും. വ്രതങ്ങളെല്ലാം ലംഘിച്ചതിനുശേഷം മുറിക്കാത്ത മുടി മാത്രം സൂക്ഷിച്ച സാംസണെപ്പോലെ. അനുഷ്ഠാനങ്ങൾ മാത്രം ആരെയും രക്ഷിക്കുകയില്ല. താൻ ആചരിക്കുന്ന അനുഷ്ഠാനകർമങ്ങളുടെ അർഥവും ലക്ഷ്യവും എന്തെന്നു കർശനമായ ആത്മശോധന നടത്താനുള്ള അവസരമാണ് നോന്പുകാലം.