ജീവിത നവീകരണം സുപ്രധാനം
Tuesday, March 14, 2023 9:01 AM IST
‘നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നിങ്ങളുടെ ദുഷ്കർമങ്ങൾ എന്റെ സന്നിധിയിൽനിന്നു നീക്കിക്കളയുവിൻ. നിങ്ങളുടെ അകൃത്യങ്ങൾ അവസാനിപ്പിക്കുവിൻ, നന്മ പ്രവർത്തിക്കുവാൻ ശീലിക്കുവിൻ’ (ഏശ 1,16).
പാപമോചനവും ആത്മവിശുദ്ധീകരണവും തേടുന്ന കാലമാണ് നോന്പുകാലം. അതിന്റെ ഭാഗമാണ് തീർഥാടനവും തീർഥസ്നാനവും. യോഹന്നാന്റെ വാക്കുകേട്ടു ഭയന്ന ജനം ആസന്നമായിരിക്കുന്ന ശിക്ഷാവിധിയിൽനിന്നു രക്ഷനേടാനായി ജോർദാനിൽ, സ്നാപകന്റെ അടുത്തുവന്നു നദിയിൽ മുങ്ങിയത് ഉദാഹരണമാണ്. അതുപോലെ മിക്കവാറും എല്ലാ മതങ്ങളിലുമുണ്ട് വിശുദ്ധ നദികളും പാപമോചനം തേടിയുള്ള മുങ്ങലും കുളിയുമെല്ലാം.
ഇതിനുപുറമേ, പലതരത്തിലുള്ള ക്ഷാളനങ്ങൾ പാപമോചനത്തിനായി ബൈബിളിൽതന്നെ നിർദേശിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ലേവ്യരുടെ പുസ്തകത്തിൽ. എന്നാൽ, ഈ ആചാരങ്ങളൊന്നും ആത്മാവിനേറ്റ മുറിവുണക്കാനോ കഴുകി ശുദ്ധമാക്കാനോ കഴിയില്ല എന്നു പ്രവാചകൻ തറപ്പിച്ചു പറയുന്നു. ബാഹ്യമായ ക്ഷാളനം കൊണ്ട് പുറം ശുദ്ധമാക്കാം. എന്നാൽ ഹൃദയം ശുദ്ധമാക്കാൻ അതുപോരാ. അതിനു വേണ്ടത് സമൂലമായ ജീവിത നവീകരണമാണ്.
‘വരുവിൻ നമുക്ക് രമ്യതപ്പെടാം’ എന്ന ആഹ്വാനത്തോടെ പ്രവാചകൻ അവതരിപ്പിക്കുന്നത് സമൂലമായൊരു ജീവിത നവീകരണത്തിന്റെ ചിത്രമാണ്.
‘നീതി അന്വേഷിക്കുവിൻ. മർദനം അവസാനിപ്പിക്കുവിൻ. അനാഥരോടു നീതി ചെയ്യുവിൻ. വിധവകൾക്കുവേണ്ടി വാദിക്കുവിൻ’ (ഏശ 1,17). അനുദിന ജീവിതത്തിൽ, മനുഷ്യരുടെ പരസ്പരബന്ധങ്ങളിൽ, സമൂലമായൊരു പരിവർത്തനമുണ്ടാകണം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നീതിനിർവഹണം.
എന്താണു നീതി എന്ന ചോദ്യത്തിന് റോമാക്കാർ നല്കിയ നീതിയുടെ നിർവചനം വ്യക്തമായൊരുത്തരം നൽകുന്നു; ‘ഓരോരുത്തർക്കും അർഹമായത് കൊടുക്കുക’. ഇവിടെ മനുഷ്യജീവിതത്തിലെ ചതുർവിധ ബന്ധങ്ങൾ പരിഗണിക്കപ്പെടണം. മനുഷ്യന് ദൈവത്തോടും പ്രപഞ്ചത്തോടും സഹജീവികളോടും തന്നോടുതന്നെയുമുള്ള ബന്ധങ്ങളിൽ നീതി നിലനിൽക്കണം.
സഹജീവികളോടുള്ള ബന്ധത്തിൽ ‘അനാഥരും വിധവകളും’ എന്ന പ്രതീകത്തിലൂടെ എടുത്തുകാട്ടുന്ന ഒരു ഗണം പ്രത്യേക പരിഗണനയർഹിക്കുന്നു. അവഗണിക്കപ്പെട്ടവർ, അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർ, അധഃകൃതർ, മർദിതർ, ചൂഷിതർ എന്നെല്ലാം വിശേഷിപ്പിക്കുന്നവർക്കു പ്രത്യേക പരിഗണന നൽകുന്നതായിരിക്കണം നീതിനിർവഹണം. അപ്രകാരമൊരു പ്രവർത്തനത്തിനും ജീവിതശൈലിക്കും നോന്പുകാലം പ്രേരിപ്പിക്കുന്നു.