ദൈവത്തിന്റെ മൗനം
Friday, April 7, 2023 2:04 PM IST
“വൈകുന്നേരമായപ്പോൾ അരിമത്തെയക്കാരൻ ജോസഫ് എന്ന ധനികൻ അവിടെയെത്തി. അവനും യേശുവിനു ശിഷ്യപ്പെട്ടിരുന്നു. അവൻ പീലാത്തോസിന്റെ അടുത്തു ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു. അത് അവനു വിട്ടുകൊടുക്കാൻ പീലാത്തോസ് കല്പിച്ചു. ജോസഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയിൽ പൊതിഞ്ഞ് പാറയിൽ വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ട് അവൻ പോയി’’(മത്താ27,57-60).
സന്പൂർണ പരാജയത്തിന്റെ മൂർത്ത ഭാവമായി തോന്നാം യേശുവിന്റെ കല്ലറ. ജീവന്റെ ഉറവിടം എന്നു സ്വയം വിശേഷിപ്പിച്ചവൻ ഇപ്പോൾ ചലനമറ്റ്, മറ്റേതു മർത്യനെയുംപോലെ കല്ലറയിൽ ശയിക്കുന്നു. ശിഷ്യന്മാരെല്ലാം ഭയന്ന് ഒളിച്ചു. യേശുവിന്റെ ശത്രുക്കൾ വിജയം ആഘോഷിച്ചു. യേശു പറഞ്ഞതു മുഴുവൻ നുണയായിരുന്നുവെന്ന് അവർ തെളിയിച്ചു.
ജീവന്റെ മേൽ മരണം, നന്മയുടെ മേൽ തിന്മ ആധിപത്യം ഉറപ്പിച്ചതുപോലെ. മരിച്ചവൻ മരിച്ചുതന്നെ കിടക്കണം. ആരും അവന്റെ ശരീരം മോഷ്ടിക്കരുത് എന്നുറപ്പുവരുത്താൻ റോമൻ ഗവർണറായ പീലാത്തോസിന്റെ അനുവാദത്തോടെ യഹൂദ നേതാക്കൾ യേശുവിന്റെ കല്ലറയ്ക്കു മുദ്രവച്ചു, കാവൽ ഏർപ്പെടുത്തി. അവർ വിജയിച്ചു!
ഇവിടെ ഏറ്റവും ഭയാനകവും നിരാശാജനകവുമാണ് ദൈവത്തിന്റെ മൗനം. യേശുവിനെ ബന്ധിച്ചതുമുതൽ ഇങ്ങോട്ട് ദൈവത്തിന്റെ ഒരു ഇടപെടലും കാണാനില്ല. യേശുവിന്റെ ശത്രുക്കളുടെ വെല്ലുവിളികൾക്കു മറുപടി നൽകിയില്ല. യേശു കുരിശിൽക്കിടന്ന് നിലവിളിച്ചിട്ടും യാതൊരു പ്രത്യുത്തരവും നൽകിയില്ല.
മനസിലാക്കാൻ കഴിയാത്ത സംഭവപരന്പരകൾ. ശിഷ്യരുടെ വിശ്വാസത്തെ പിടിച്ചുലയ്ക്കുന്ന, അവരെ നിരാശയുടെ നീർക്കയത്തിലേക്കു വലിച്ചുതാഴ്ത്തുന്ന, ദൈവത്തിന്റെ നിശബ്ദത. യേശു പറഞ്ഞതെല്ലാം സത്യമാണെങ്കിലും സർവശക്തനായ ദൈവത്തിന്റെ പുത്രനാണ് യേശുവെങ്കിൽ എന്തേ പിതാവ് ഇപ്രകാരം മൗനം പാലിക്കുന്നു? യേശുവിന്റെ ദൈവപുത്രത്വം മാത്രമല്ല, ദൈവത്തിന്റെ സ്വഭാവവും അസ്തിത്വംപോലും ചോദ്യംചെയ്യപ്പെടാൻ അവസരമൊരുക്കുന്നതാണ് ഈ മൗനം. എന്താണിതിനർത്ഥം? എന്തു സന്ദേശമാണ് ഇതിലൂടെ ലഭിക്കുക?
ദൈവത്തിന്റെ മൗനം നിത്യമല്ല, കഴിവുകേടിന്റെയോ സ്നേഹരാഹിത്യത്തിന്റെയോ അടയാളവുമല്ല. ദൈവം സ്നേഹത്തിന്റെ ആഴം വ്യക്തമാക്കിയ ഒരടയാളമാണിത്. മകനെ മരിക്കാൻ വിട്ടുകൊടുത്തവൻ, കല്ലറയടച്ചു മുദ്രവച്ച് ഭദ്രമാക്കാൻ അനുവദിച്ചവൻ, മനുഷ്യനോടുള്ള തന്റെ സ്നേഹം എത്ര വലുതെന്നു കാണിച്ചുതരികയാണ്.
തന്റെ ഏകജാതനെ നൽകാൻ മാത്രം അത്രയേറെ നമ്മെ സ്നേഹിക്കുന്നു ദൈവം. അത്യാഹിതങ്ങളും നഷ്ടങ്ങളുമായി തോന്നുന്ന സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണം എന്നു നമ്മെ പഠിപ്പിക്കുന്നതാണ് മുദ്രിതമായ കല്ലറയും ദൈവത്തിന്റെ മൗനവും.
ദൈവം വീണ്ടും ഇടപെടും. മനുഷ്യൻ വച്ച മുദ്ര തകരും. കല്ലറ തുറക്കും. ശവശരീരം അവിടെ ഉണ്ടായിരിക്കില്ല. മരിച്ചവൻ ഉയിർക്കും. അതു ദൈവം നിശ്ചയിച്ച സമയത്തായിരിക്കും സംഭവിക്കുക. അതിനാൽ പ്രത്യാശയോടെ കാത്തിരിക്കുക.
സാഹചര്യങ്ങൾ എത്ര പ്രതികൂലവും നിരാശാജനകവുമായി തോന്നിയാലും കർത്താവിൽ ആശ്രയിക്കുക. രാത്രി അവസാനിക്കും. നിത്യമായ പ്രകാശം ഉദിക്കും. അതിനുവേണ്ടി കാത്തിരിക്കാൻ പഠിപ്പിക്കുന്നതാണ്, പ്രേരിപ്പിക്കുന്നതാണ്, ദൈവത്തിന്റെ മൗനം. അതിനാൽ “നീതിയും സ്നേഹവും മുറുകെപ്പിടിക്കുക. നിന്റെ ദൈവത്തിനുവേണ്ടി കാത്തിരിക്കുക’’(ഹോസി 12,6).