ഐഒഎയ്ക്കെതിരേ വിനേഷിന്റെ വക്കീൽ
Sunday, August 11, 2024 10:51 AM IST
പാരീസ്: 33-ാം ഒളിന്പിക്സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷകളിൽ ഒന്നായിരുന്നു വനിതാ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം ഗുസ്തിയിൽ വിനേഷ് ഫോഗട്ട്.
പ്രീക്വാർട്ടറിൽ നിലവിലെ ഒളിന്പിക് ചാന്പ്യനും ലോകചാന്പ്യനുമായ യുയി സുസാകിയെ അട്ടിമറിച്ച് പോരാട്ടം ആരംഭിച്ച വിനേഷ് ഫോഗട്ട് ഫൈനലിൽ വരെ ആധികാരികമായി എത്തി. എന്നാൽ, ഫൈനൽ ദിനത്തിൽ രാവിലെ നടത്തിയ പരിശോധനയിൽ നിശ്ചിത 50 കിലോയേക്കാൾ 100 ഗ്രാമിന്റെ അധികഭാരം വിനേഷിനുണ്ടെന്ന് ഒളിന്പിക് അധികൃതർ കണ്ടെത്തി. അതോടെ താരം അയോഗ്യയാക്കപ്പെട്ടു.
സംഭവത്തിൽ ഇന്ത്യൻ ഒളിന്പിക് അസോസിയേഷനും (ഐഒഎ) കേന്ദ്രസർക്കാരുമെല്ലാം കടുത്ത അമർഷവും ദുഃഖവും രേഖപ്പെടുത്തുകയും വിനേഷിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ രാജ്യാന്തര സ്പോർട്സ് തർക്കപരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ, ഇന്നലെ പുറത്തുവന്ന വെളിപ്പെടുത്തൽ അനുസരിച്ച് ഐഒഎ അല്ല, വിനേഷ് ഫോഗട്ടാണ് കേസ് നൽകിയതെന്നു വ്യക്തമായി. വിനേഷ് ഫോഗട്ടിന്റെ വക്കീലായ രാഹുൽ മെഹ്റയാണ് ഇക്കാര്യം ഇന്നലെ വെളിപ്പെടുത്തിയത്.
വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട അന്നുതന്നെ ഐഒഎ അനങ്ങിയില്ലെന്നും കേസ് ഏറ്റെടുക്കാൻ ഹരീഷ് സാൽവെയെ സമീപിച്ചില്ലെന്നും രാഹുൽ മെഹ്റ വ്യക്തമാക്കി. അയോഗ്യയാക്കപ്പെട്ട അന്നുതന്നെ പാരീസ് ബാറിൽ എത്തുകയും രാജ്യാന്തര സ്പോർട്സ് തർക്കപരിഹാര കോടതിയിലെ പ്രോ ബോണോ വക്കീലന്മാരെ വിനേഷ് ഫോഗട്ട് കേസ് ഏൽപ്പിക്കുകയുമായിരുന്നു.
നാലു പ്രോ ബോണോ വക്കീലന്മാരെയാണ് പാരീസ് ബാർ കേസ് ഏൽപ്പിച്ചത്. അന്ന് പ്രോ ബോണോ വക്കീലന്മാർ കേസ് ഫയൽ ചെയ്തില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു വാദം നടക്കില്ലായിരുന്നെന്നും രാഹുൽ മെഹ്റ വെളിപ്പെടുത്തി.