ഒരിടത്തൊരു ഫയൽവാൻ...
Friday, August 8, 2025 12:12 AM IST
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
ഓരോ ഫയലും ഓരോ ജീവിതമാണ്... ഒരിടത്തൊരു ഫയൽവാൻ ഇതു പറയുന്നതു കേട്ടപ്പോൾ മേശപ്പുറത്ത് ഇരിക്കുകയായിരുന്ന ഫയൽ കുമാരിക്കു രോമാഞ്ചം വന്നു. എല്ലാം ശരിയാക്കുന്ന നാട്ടിൽ ഒരു സർക്കാർ ഫയലിന് ഇനി അഭിമാനത്തോടെ ജീവിക്കാം. ഇങ്ങനെ ചിന്തിച്ചിരിക്കുന്നതിനിടെ ആരോ അവളെ വാരിയെടുത്തു. എന്നിട്ട് അപ്പുറത്തു കണ്ട മേശപ്പുറത്തേക്ക് ഒരു തട്ട്.
വയ്ക്കുകയായിരുന്നോ എറിയുകയായിരുന്നോ എന്നുറപ്പില്ല. എന്തായാലും ആ വീഴ്ചയിൽ നടുഭാഗത്തേറ്റ പരിക്കു മായാതെ അവിടെയുണ്ട്. ജീവിതമാണ് ഉള്ളിലുള്ളതെന്നു പറഞ്ഞിട്ട് ഫയൽവാൻ എതിരാളിയെ എറിയുംപോലെയാണല്ലോ തന്നെ എടുത്തെറിഞ്ഞതെന്ന് അവൾക്കു തോന്നി.
എങ്കിലും പുതുമോടി മായാത്തതിന്റെ അഭിമാനത്തോടെയാണ് അവൾ മേശപ്പുറത്ത് ഇരുന്നത്. തന്നെ ചുറ്റിയിരുന്ന ചുവപ്പുനാട കണ്ടപ്പോൾ മിസ് ഇന്ത്യ മത്സരത്തിനു വിന്നർ സാഷ് അണിഞ്ഞു സുന്ദരിമാർ നിൽക്കുന്നതുപോലെയാണ് അവൾക്കു തോന്നിയത്. എന്നാൽ, പിന്നീട് അപ്പുറത്തെ മേശയിലെ പെൻഷൻ ഫയലനാണു പറഞ്ഞത്, അതു ചുവപ്പുനാടയല്ല, ഒരിക്കലും അഴിയാത്ത ജാടയാണെന്ന്.
അവൾ അപ്പുറത്തെ മേശപ്പുറത്തേക്കു നോക്കി. അവിടെ മുഴുവൻ പ്രായം ചെന്നവരാണെന്നു തോന്നുന്നു. പൊടിയൊക്കെ പിടിച്ച് ഒരു ചന്തവുമില്ലാതെയാണ് ഇരിപ്പ്. ഇവർക്കൊക്കെ അല്പം വൃത്തിയായി ഇരുന്നുകൂടേ. തന്റെ തിളക്കവും മിനുക്കവുമൊക്കെ കണ്ടപ്പോൾ തെല്ല് അഹങ്കാരവും തോന്നി. ഫയലുകൾ ജീവിതമായ സ്ഥിതിക്കു തനിക്കിനി വച്ചടി വച്ചടി കയറ്റമായിരിക്കും. ഇപ്പോൾ ക്ലർക്കിന്റെ മേശയിലാണ്. അടുത്ത ദിവസം ഹെഡ് ക്ലർക്കിന്റെ മേശയിലേക്ക്. അവിടെനിന്നു സെക്ഷൻ ഹെഡിന്റെ മേശ. പിന്നെ സൂപ്രണ്ടിന്റെ പക്കൽ. ഒടുവിൽ എസി മുറിയിലെ മേധാവിയുടെ മുന്നിൽ.
വിദേശത്തേക്കു പോകാൻ വീസയടിച്ചു കിട്ടിയ പതിനെട്ടുകാരിയെപ്പോലെ ഫയൽകുമാരി ആവേശംകൊണ്ടു. അവിടെനിന്നു സെക്രട്ടേറിയറ്റിലേക്കു പറക്കണം. അവിടെ ഐഎഎസുകാരും ഐപിഎസുകാരുമൊക്കെ തന്നെ ഇരുകൈയും നീട്ടി വാങ്ങുന്നതും ഭവ്യതയോടെ തന്റെ തലയിൽ കുറിക്കുന്നതുമൊക്കെ അവൾ സ്വപ്നം കണ്ടു. അതു കഴിഞ്ഞുവേണം മന്ത്രിമാരുടെയും പറ്റിയാൽ മുഖ്യമന്ത്രിയുടെയും മേശപ്പുറത്തൊന്നു വിലസാൻ.
ഇങ്ങനെ ദിവാസ്വപ്നം കണ്ടു മയങ്ങിപ്പോയതിനിടെ ഒരു ബഹളം കേട്ടാണ് ഉണർന്നത്. തൊട്ടപ്പുറത്തെ മേശ ഉപയോഗിക്കുന്ന സുന്ദരി ക്ലർക്കാണ് തലങ്ങും വിലങ്ങും ഒാടുന്നത്. അവരുടെ ബഹളം കേട്ടതും പ്യൂൺ ചേട്ടൻ ഒരു നീളൻ വടിയുമായി വന്നു. മേശപ്പുറത്തും റാക്കിലുമിരിക്കുന്ന ഫയലുകൾ അയാൾ നിർദാക്ഷിണ്യം കുത്തിമറിച്ചു. നാട്ടുകാരനെ കണ്ട കാട്ടാനയുടെ ഭാവത്തോടെയാണ് ക്ലര്ക്കിന്റെ നില്പ്പും ഭാവവും. ഒടുവിൽ പ്യൂൺ പ്രതിയെ കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ഒരു പന്നിയെലി. കുത്തുകിട്ടിയതും ഫയലിന് ഇടയിൽനിന്ന് അതു മേശപ്പുറത്തേക്കൊരു ചാട്ടം. സമാധാനമായി കഴിഞ്ഞിരുന്ന തന്നെ കുടിയിറക്കിയതിന്റെ ദേഷ്യത്തിൽ ക്ലർക്കിനെ രൂക്ഷമായൊന്നു നോക്കിയ ശേഷം കഥാനായകൻ പുറത്തേക്കു പാഞ്ഞു. വീണ്ടും, എലി വരും എല്ലാം ശരിയാകും... എന്ന മട്ടിൽ വടി ഭിത്തിയിൽ ചാരി വച്ചിട്ട് പ്യൂൺ തിരിഞ്ഞുനടന്നു.
ഇത്രയും ബഹളങ്ങൾ നടന്നിട്ടും ക്ലർക്കും പ്യൂണും അല്ലാതെ ആരും അനങ്ങിയതുപോലുമില്ല. ഇതിവിടത്തെ സ്ഥിരം പരിപാടിയാണെന്ന് ഫയൽ കുമാരിക്കു തോന്നി. ഇതിനിടെ, ചില ഫയൽ ഫ്രണ്ട്സ് സ്വിഫ്റ്റ് ബസ് പോകുന്നതുപോലെ അകത്തേക്കും പുറത്തേക്കും പോകുന്നതു കാണാം. അതൊക്കെ വേണ്ടപ്പെട്ടവരുടെ ബ്രോകൾ ആണത്രേ. തന്നെ അടുത്ത സീറ്റിലേക്ക് ആനയിച്ചുകൊണ്ടുപോകാൻ നാളെ പ്യൂൺ വരുന്നതും കാത്ത് അവളിരുന്നു. ആ ഇരിപ്പ് ഇപ്പോൾ അഞ്ചു വർഷത്തോട് അടുക്കുന്നു. പതിവുപോലെ പ്യൂൺ ചേട്ടൻ നീളൻ വടിയുമായി വരുന്നുണ്ട്.
ഇത്തവണ കുത്ത് കിട്ടിയത് ഫയൽ കുമാരിക്കായിരുന്നു. അതാ ഫയലിൽ അവൾ പോലും അറിയാതെ ഒരെലിയും രണ്ടു മൂന്നു കുഞ്ഞുങ്ങളും രണ്ടു മൂന്നു പാറ്റകളും. അവൾക്കും തോന്നി, ശരിയാണ്, ഓരോ ഫയലും ഓരോ ജീവിതമാണ്!
മിസ്ഡ് കോൾ
മഴക്കോട്ട് മോഷണം: കണ്ണൂരിൽ പോലീസുകാരനു സ്ഥലംമാറ്റം.
- വാർത്ത
റെഡ് അലർട്ട്!