യേശുവിന്‍റെ ജീവിതത്തിലുടനീളം കുരിശിന്‍റെ നിഴൽ നീണ്ടുകിടക്കുന്നു. പരസ്യജീവിതാരംഭത്തിൽ, സ്നാപകയോഹന്നാനിൽ നിന്ന് സ്നാനമേറ്റ്, പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച യേശു ഉപവസിച്ച് പ്രാർഥിച്ചൊരുങ്ങാൻ യൂദയായിലെ മരുപ്രദേശത്തേക്ക് യാത്രയാകുന്നു. നാൽപതു ദിനരാത്രങ്ങളിലെ തീവ്രമായ ഉപവാസവും പ്രാർഥനയും. അപ്പോൾ യേശു നേരിട്ട പരീക്ഷകളെപ്പറ്റി സുവിശേഷകന്മാരായ മർക്കോസും മത്തായിയും ലൂക്കായും രേഖപ്പെടുത്തുന്നുണ്ട്. ഈ പരീക്ഷകൾ മനുഷ്യമക്കൾ എക്കാലവും നേരിടുന്ന പരീക്ഷകളുടെ പ്രാഗ്രൂപങ്ങളാണ്. പരീക്ഷകൾ വിജയപൂർവം നേരിട്ട് സ്വഭാവനൈർമല്യം തെളിയിക്കുന്നവർക്കാണ് സമൂഹത്തിൽ വൻകാര്യങ്ങൾ ചെയ്യാൻ കഴിയുക.

മർക്കോസിന്‍റെ സുവിശേഷം യേശുവിന്‍റെ പരീക്ഷകൾ രണ്ടു വാക്യങ്ങളിൽ ഒതുക്കുന്നു, ‘‘ഉടനെ ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു. സാത്താനാൽ പരീക്ഷിക്കപ്പെട്ട് നാൽപതു ദിവസം അവൻ മരുഭൂമിയിൽ വസിച്ചു. അവൻ വന്യമൃഗങ്ങളോടുകൂടെയായിരുന്നു. ദൈവദൂതന്മാർ അവനെ ശുശ്രൂഷിച്ചു.’’ (മർക്കോസ് 1:1314). നാൽപതുദിവസം എന്നത് ഹ്രസ്വമായ കാലഘട്ടം എന്നേ മനസിലാക്കേണ്ടതുള്ളൂ. മരുഭൂമി ആധ്യാത്മിക കാഴ്ചപ്പാടിൽ തീവ്രമായ തപസിന്‍റെയും പ്രാർഥനയുടെയും പഠന–മനനങ്ങളുടെയും പ്രതീകമാണ്. യേശു തന്‍റെ ദൗത്യത്തിനായി ഒരുങ്ങുകയായിരുന്നു. ‘അവൻ വന്യമൃഗങ്ങളോടുകൂടെയായിരുന്നു’എന്ന വാക്യം ദുർഗ്രഹമായി നമുക്ക് അനുഭവപ്പെടും. ആരാണ് ഈ വന്യമൃഗങ്ങൾ? യേശു എന്തിനാണ് വന്യമൃഗങ്ങളോടൊത്ത് വസിച്ചത്?

രണ്ടു വ്യാഖ്യാനങ്ങൾ സാധാരണയായി ബൈബിൾ പണ്ഡിതന്മാർ നൽകുന്നു. രണ്ടും പരസ്പരം ബന്ധിപ്പിച്ച് മനസിലാക്കാവുന്നതേയുള്ളൂ. പരസ്യജീവിതത്തിൽ യേശുവിന് എതിരാളികളുമായി നിരന്തരം സംഘട്ടനത്തിൽ ഏർപ്പെടേണ്ടിവന്നു. അവിടുന്ന് പ്രഘോഷിച്ച ദൈവരാജ്യവും അതിന്‍റെ മൂല്യങ്ങളും അത് പകർന്നുനൽകിയ വിമോചനവും എതിരാളികൾക്ക് ഒട്ടും ഇഷ്‌ടപ്പെട്ടില്ല. അവർ യേശുവിനെ വാക്കുമുട്ടിക്കാനും നശിപ്പിക്കാനും കെണികൾ ഒരുക്കിക്കൊണ്ടിരുന്നു. യേശുവിന്‍റെ വചനങ്ങൾ ഒരു ഗുണനചിഹ്നംപോലെ എതിരാളികളുടെ മുന്നിൽ ഉയർന്നുനിന്നു.


സമൂഹത്തിന്‍റെ തിന്മയ്ക്കെതിരേ യേശു ഉയർത്തിയ ഗുണനചിഹ്നമാണ് അവിടുത്തെ കുരിശ്. ജനനേതാക്കൾ യേശുവിന്‍റെ ശക്‌തമായ നിലപാടുകൾക്കെതിരേ പോർവിളിച്ച്, വാപിളർന്ന് വന്യമൃഗങ്ങളെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു. യേശു നേരിട്ട ഈ ഭയങ്കരമായ എതിർപ്പിനെ മുൻകൂട്ടി ധ്വനിപ്പിച്ചുകൊണ്ട്, പ്രതീകാത്മകമായ രീതിയിൽ ‘യേശു വന്യമൃഗങ്ങളുടെ കൂടെ വസിച്ചു’ എന്ന് സുവിശേഷകനായ മർക്കോസ് പറഞ്ഞുവയ്ക്കുന്നു. ഈ സംഘട്ടനത്തിൽ യേശുവിന് അന്തിമവിജയം ലഭിക്കുമെന്ന സൂചനയും അവിടെയുണ്ട്.

രണ്ടാമത്തെ വ്യാഖ്യാനം ബൈബിളിലെ ഉൽപത്തിപ്പുസ്തകവുമായി ബന്ധപ്പെട്ടു നമുക്ക് മനസിലാക്കാം. ആദ്യദമ്പതികളായ ആദാമും ഹവ്വയും പറുദീസയിൽ വന്യമൃഗങ്ങളോടൊപ്പം പൂർണസമാധാനത്തിൽ വസിച്ചു. മനുഷ്യൻ പാപം ചെയ്തപ്പോൾ ഈ സമാധാനം നഷ്‌ടപ്പെട്ടു. മനുഷ്യനും മൃഗങ്ങളും ശത്രുക്കളായി. നഷ്‌ടപ്പെട്ട സമാധാനവും ഐക്യവും പുനഃസ്‌ഥാപിക്കാനാണ് യേശു മനുഷ്യനായി അവതരിച്ചത്. മെസയാനിക യുഗം പ്രോദ്ഘാടനം ചെയ്യുന്ന പുതിയ ആദാമാണ് യേശു. ‘ചെന്നായും ആട്ടിൻകുട്ടിയും’ ഒന്നിച്ചു വസിക്കുന്ന പുതിയ യുഗത്തെപ്പറ്റി ഏശയ്യ പ്രവചിച്ചിട്ടുണ്ട് (ഏശ 4:6–9). പ്രപഞ്ചത്തിലാകെ സമ്പൂർണമായ സമാധാനം സ്‌ഥാപിക്കാൻ കുരിശു വഹിച്ച കരുണാമയനാണ് യേശുക്രിസ്തു. രമ്യതയുടെ പ്രതീകമാണ് യേശുവിന്‍റെ കുരിശ്. സംഘട്ടനങ്ങൾ നിറഞ്ഞ യേശുവിന്‍റെ ജീവിതം മാനവരാശിക്ക് സമ്പൂർണമായ ശാന്തി പ്രദാനം ചെയ്യുന്നു. സംഘട്ടനങ്ങൾ നിറഞ്ഞ പരീക്ഷകളിലൂടെ കടന്നുപോകുന്നവർക്കാണ് ശാന്തിപ്രദായകരാകാൻ കഴിയുന്നത്.