പുതിയ ധാർമികത
Monday, March 6, 2017 5:09 AM IST
സ്ഥലകാലാതീതമായ നവസന്ദേശങ്ങൾ ലോകത്തിനു നൽകിയതുകൊണ്ടാണ് യേശുവിനെ വിശ്വഗുരു എന്നു വിളിക്കുന്നത്. നിലവിലിരുന്ന മോശയുടെ നിയമസംഹിതയ്ക്കു പുതിയ വ്യാഖ്യാനം നൽകിക്കൊണ്ട് യേശു പഠിപ്പിച്ച പുതിയ ധാർമികത മലയിലെ പ്രസംഗത്തിൽ നമ്മെ ആകർഷിക്കുന്നു. നിയമത്തെ ഇല്ലാതാക്കാനോ നശിപ്പിക്കാനോ അല്ല, അത് പൂർത്തിയാക്കാനാണ് യേശു വന്നത്. മനുഷ്യമഹത്വത്തിനും മനുഷ്യാവകാശങ്ങൾക്കും ഭംഗമേൽപ്പിക്കുന്ന നിയമങ്ങളൊക്കെ തിരുത്തപ്പെടേണ്ടവയാണെന്ന് യേശു വാദിച്ചു. അന്ധമായ നിയമാനുഷ്ഠാനമല്ല, മനുഷ്യസ്നേഹമാണ് പ്രധാനം. എല്ലാ നിയമങ്ങളെയും ദൈവസ്നേഹം, പരസ്നേഹം എന്നീ രണ്ടു പ്രമാണങ്ങളിൽ അവിടുന്ന് സംഗ്രഹിച്ചു. ബാഹ്യാചാരങ്ങൾക്കെന്നതിനേക്കാൾ ആന്തരിക മാറ്റത്തിന് പ്രാധാന്യം കൊടുത്തതാണ് യേശു നൽകിയ ധാർമികതയുടെ ഏറ്റവും വലിയ സവിശേഷത.
മലയിലെ പ്രസംഗം രേഖപ്പെടുത്തിയിരിക്കുന്ന മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം 20 മുതൽ 48 വരെ വാക്യങ്ങളിൽ ശ്രദ്ധേയമായ ആറു വിരുദ്ധോക്തികൾ നാം കാണുന്നു. പഴയനിയമത്തിൽനിന്നോ യഹൂദപാരന്പര്യത്തിൽനിന്നോ എന്തെങ്കിലും ഉദ്ധരിച്ചശേഷം അതിന് യേശു നൽകുന്ന നവമായ വ്യാഖ്യാനമാണ് വിരുദ്ധോക്തി. ഇവയിൽ നാലെണ്ണം ആദ്യം നമുക്കു പരിശോധിക്കാം.
ഒന്നാമത്തെ വിരുദ്ധോക്തി: കൊല്ലരുത് എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, സഹോദരനോട് കോപിക്കുന്നവനും സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവനും വിഡ്ഢി എന്നു വിളിക്കുന്നവനും കൊലപാതകത്തിന് തുല്യമായ തെറ്റുതന്നെ ചെയ്യുന്നു. മറ്റുള്ളവരോട് കോപിക്കുന്പോഴും അവരെ അപമാനിക്കുന്പോഴും അവരുടെ സൽപ്പേര് കളങ്കപ്പെടുത്തുന്പോഴും കൊലപാതകം ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ, കൊലപാതകത്തിന്റെ വേര് മനുഷ്യന്റെ ആന്തരിക തലങ്ങളിലാണ് കിടക്കുന്നതെന്ന് അവിടുന്ന് വ്യക്തമാക്കുകയായിരുന്നു. കോപവും അവഹേളനവും സ്വഭാവഹത്യയുമെല്ലാം മനുഷ്യവ്യക്തിത്വത്തെ അവമതിക്കുന്നതിന് തുല്യമാണ്. അതിനാൽ ഓരോ മനുഷ്യനെയും ബഹുമാനിക്കുക എന്നതാണ് യേശു ഈ വിരുദ്ധോക്തിയിലൂടെ ഉയർത്തിക്കാട്ടുന്ന മൂല്യം. ബലിയർപ്പണത്തെക്കാൾ പ്രധാനം സഹോദരനുമായുള്ള രമ്യതയാണെന്നും യേശു തുടർന്ന് പറഞ്ഞുവയ്ക്കുന്നു. അനുരഞ്ജനത്തിന് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്ന പ്രബോധനം മറ്റെവിടെയെങ്കിലും കാണാനാവുമോ? അനുരഞ്ജനമെന്ന മൂല്യം ക്രിസ്തുദർശനത്തിന്റെ മുഖമുദ്രയാണ്.
രണ്ടാമത്തെ വിരുദ്ധോക്തിയിൽ, വ്യഭിചാരം ആന്തരിക തലത്തിൽ ആരംഭിക്കുന്നുവെന്ന് യേശു പഠിപ്പിക്കുന്നു. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ, അവളുമായി ഹൃദയത്തിൽ വ്യഭിചാരം ചെയ്തുകഴിഞ്ഞു. ദുർമനോമുക്തമായ വ്യക്തിബന്ധമാണ് ഇവിടെ അന്തർഹിതമായിരിക്കുന്ന മൂല്യം. ഉപേക്ഷാപത്രം കൊടുത്ത് ഭാര്യയെ ഉപേക്ഷിക്കുന്ന രീതി മോശയുടെ നിയമം അനുവദിച്ചിരുന്നു. ഭാര്യയിൽ എന്തെങ്കിലും തെറ്റു കണ്ട് അവന് അവളോട് ഇഷ്ടമില്ലാതായാൽ വിവാഹമോചനപത്രം കൊടുത്ത് അവളെ പറഞ്ഞയയ്ക്കാം. ഈ ആനുകൂല്യത്തെ യേശു പൂർണമായി നിരാകരിക്കുന്നു.
ഒരു കാരണവശാലും വിവാഹമോചനം പാടില്ല എന്നാണ് മൂന്നാമത്തെ വിരുദ്ധോക്തിയിലൂടെ യേശു പഠിപ്പിക്കുന്നത്. പരസംഗം നിമിത്തമല്ലാതെ എന്നൊരു ആനുകൂല്യം മത്തായി സുവിശേഷകൻ ഇവിടെ കൂട്ടിച്ചേർത്തിട്ടുണ്ട്. മർക്കോസിന്റെ സുവിശേഷത്തിലും ലൂക്കായുടെ സുവിശേഷത്തിലും യാതൊരു ആനുകൂല്യ വ്യവസ്ഥയുമില്ലാതെ വിവാഹമോചനത്തെ നിരാകരിക്കുന്ന വാക്യങ്ങളാണ് നാം കാണുന്നത്.
നാലാമത്തെ വിരുദ്ധോക്തി ചിന്തയിലും വാക്കിലും പ്രവൃത്തിയിലും പുലർത്തേണ്ട സത്യസന്ധത അനിഷേധ്യമായി പഠിപ്പിക്കുന്ന തിരുവചനമാണ്. അതേ എന്നോ അല്ല എന്നോ തെളിച്ചു പറയാൻ മാത്രമുള്ള സത്യസന്ധതയും സുതാര്യതയുമാണ് നാം പുലർത്തേണ്ടത്.
മലയിലെ പ്രസംഗത്തിലെ നാല് വിരുദ്ധോക്തികളാണ് നാം പരിചിന്തനത്തിന് വിധേയമാക്കിയത്. അഞ്ച് മാനവീയ മൂല്യങ്ങൾ ഇവിടെ അന്തഃസ്ഥിതമായിട്ടുണ്ട്. മനുഷ്യമഹത്വം, സംശുദ്ധമായ വ്യക്തിബന്ധം, വിവാഹത്തിന്റെ അഭേദ്യത, അനുരഞ്ജനം, സത്യസന്ധത. പ്രീശരുടെയും നിയമജ്ഞരുടെയും ധാർമികതയെ ഉല്ലംഘിക്കുന്ന ഉദാത്തമായ ധാർമികതയാണ് യേശു പഠിപ്പിച്ചത്. യേശുവിന്റെ ധീരവും ആധികാരികവുമായ നിയമവ്യാഖ്യാനത്തിന് അവിടുന്ന് കൊടുത്ത വിലയാണ് കുരിശ്.