സംഘർഷങ്ങളിലൂടെ ഉരുത്തിരിയുന്ന മനുഷ്യദർശനം
Saturday, March 11, 2017 10:44 PM IST
പ്രീശരും നിയമജ്ഞരും പുരോഹിതരുമുൾപ്പെട്ട യഹൂദ നേതൃത്വവുമായുള്ള യേശുവിന്റെ നിരന്തര സംഘർഷം നാലു സുവിശേഷങ്ങളിലെയും പ്രധാനപ്പെട്ട പ്രതിപാദന വിഷയമാണ്. മിക്കപ്പോഴും നിയമവ്യാഖ്യാനത്തെയും നിയമാനുഷ്ഠാനത്തെയും സംബന്ധിച്ചാണ് വിവാദം. യഹൂദ നേതാക്കൾ നിയമബദ്ധതയ്ക്ക് പ്രാധാന്യം നൽകിയപ്പോൾ യേശു മനുഷ്യസ്നേഹത്തിനും മനുഷ്യമോചനത്തനും പ്രധാന്യം നൽകി. മനുഷ്യമഹത്വത്തെ ഹനിക്കുന്നതും മനുഷ്യസ്വാതന്ത്ര്യത്തെ തകർക്കുന്നതുമായ നിയമങ്ങളെല്ലാം പൊളിച്ചെഴുതണമെന്ന് അവിടുന്ന് വാദിച്ചു. അതിനാൽ ഈ സംഘർഷങ്ങളിലൂടെ യേശുവിന്റെ വിമോചനാത്മകമായ മനുഷ്യദർശനമാണ് വിടർന്നുവരുന്നത്. സുവിശേഷകനായ മർക്കോസ് ഗലീലിയിൽ യേശു നേരിട്ട അഞ്ചു സംഘർഷങ്ങൾ സമാഹരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് (മർക്കോ. 2:13:6).
യേശു കഫർണാമിലെ വീട്ടിൽവച്ച് തളർവാതരോഗിയെ സുഖപ്പെടുത്തുന്നതാണ് ഒന്നാമത്തെ സംഘർഷരംഗം (മർക്കോ. 2:112). ജനബാഹുല്യം നിമിത്തം വീടിന്റെ കൂര പൊളിച്ച് കട്ടിലോടെ തളർവാതരോഗിയെ യേശുവിന്റെ സന്നിധിയിലേക്ക് ഇറക്കേണ്ടിവന്നു. യേശു രോഗിയോടു പറഞ്ഞു, ""മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.'' അവിടെയുണ്ടായിരുന്ന നിയമജ്ഞർ ചിന്തിച്ചു, ""ഇത് ദൈവദൂഷണമാണ്, ദൈവത്തിനല്ലാതെ മറ്റാർക്കും പാപം മോചിക്കാൻ അധികാരമില്ല.'' ഇതു മനസിലാക്കിയ യേശു അവരോടു പറഞ്ഞു, ""ഭൂമിയിൽ മനുഷ്യപുത്രനായ എനിക്ക് പാപം മോചിക്കാൻ അധികാരമുണ്ട്. ഈ മനുഷ്യന്റെ പാപം മോചിക്കപ്പെട്ടുന്ന എന്നതിന്റെ അടയാളമായി ഇയാൾ എഴുന്നേറ്റു കിടക്കയുമെടുത്ത് നടക്കട്ടെ.'' തളർവാതരോഗി ചാടിയെഴുന്നേറ്റു നടന്നു. മനുഷ്യകുലത്തിന് സമഗ്രമായ രക്ഷ നൽകുന്ന വിമോചകനാണ് യേശു. രണ്ടാമത്തെ സംഘർഷരംഗം ചുങ്കക്കാരനായ ലേവിയുടെ വീട്ടിൽ നടന്ന പന്തിഭോജനമാണ് (മർക്കോ. 2:1317). യേശു പാപികളോടൊത്ത് ഭക്ഷണം കഴിക്കുന്നതിനെ എതിർത്ത പ്രീശരോട് അവിടുന്ന് പറഞ്ഞു, ""നീതിമാ·ാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്.'' പാപികൾക്കും സാമൂഹ്യഭ്രഷ്ടർക്കും സമൂഹത്തിൽ തുല്യസ്ഥാനം നൽകുന്നതാണ് യേശുവിന്റെ മനുഷ്യദർശനം.
ഒന്നാമത്തെ സംഘർഷം ഉപവാസാചരണവുമായി ബന്ധപ്പെട്ടതാണ് (മർക്കോ. 2:1822). പ്രീശരും സ്നാപകയോഹന്നാന്റെ ശിഷ്യരും ഉപവസിച്ചു ദുഃഖമാചരിക്കുന്പോൾ യേശുവിന്റെ ശിഷ്യർ തിന്നുകുടിച്ച് ആമോദിച്ചു നടക്കുന്നു. ഇത് ഗുരുവിനും ശിഷ്യർക്കും ഭൂഷണമാണോ? യേശുവിന്റെ മറുപടി, ""മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ദുഃഖമാചരിക്കാൻ പറ്റില്ല.'' താനാണ് മണവാളൻ, തന്റെ ശിഷ്യർ മണവറത്തോഴരും. മണവാളനായ താൻ കൂടെയുള്ളപ്പോൾ തന്റെ ശിഷ്യർക്ക് നിതാന്തമായ സന്തോഷത്തിന് അവകാശമുണ്ട്. പഴയ വസ്ത്രത്തോട് ചേരാത്ത പുതിയ തുണിക്കഷണത്തിന്റെയും പുതിയ തോൽക്കുടങ്ങളിലെ പുതിയ വീഞ്ഞിന്റെയും ഉപമകൾ (മർക്കോ. 2:2122) യേശുവിലൂടെ സമാരംഭിച്ച നവീനത്വമാർന്ന സുവിശേഷത്തിന്റെ ശ്രേഷ്ഠത വിളിച്ചോതുന്നവയാണ്. പുതിയ വീഞ്ഞിനു പുതിയ തോൽക്കുടം വേണ്ടതുപോലെ യേശുവിന്റെ സുവിശേഷം അനുഷ്ഠാനപരതയിലും നൈയാമികതയിലും തടഞ്ഞുവയ്ക്കാനാവില്ല. പുതിയ ദർശനവും പ്രവർത്തനശൈലിയും പേറുന്ന യേശുവിന്റെ സുവിശേഷം മനുഷ്യന്റെ അനന്തമായ സാധ്യതകളിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്നതാണ്.
നാലാമത്തെയും അഞ്ചാമത്തെയും സംഘർഷങ്ങൾ സാബത്ത് ലംഘനവുമായി ബന്ധപ്പെട്ടവയാണ് (മർക്കോ. 2: 2327, 3: 1-6). യഹൂദ നിയമപ്രകാരം സാബത്തിൽ യാതൊരു വേലയും ചെയ്യാൻ പാടില്ല. സാബത്ത് ദിവസം യേശുവും ശിഷ്യരും വിളഞ്ഞുകിടക്കുന്ന വയലിലൂടെ സഞ്ചരിച്ചപ്പോൾ വിശന്നുപൊരിഞ്ഞ ശിഷ്യന്മാർ ധാന്യക്കതിരുകൾ പറിച്ചു തിന്നാൻ തുടങ്ങി. പ്രീശർ യേശുവിൽ സാബത്ത് ലംഘന കുറ്റം ആരോപിച്ചു. യേശു ദാവീദിന്റെ ജീവിതത്തിലെ ഒരു സംഭവം ഉദ്ധരിച്ചുകൊണ്ട് അവരുടെ വാദത്തെ ഖണ്ഡിക്കുന്നു. മനുഷ്യജീവന്റെ സംരക്ഷണത്തിനുവേണ്ടി മതനിയമങ്ങൾ ലംഘിക്കാമെന്ന് അവിടുന്ന് സ്ഥാപിച്ചു. മനുഷ്യജീവനും മനുഷ്യസ്നേഹവുമാണ് എല്ലാ നിയമങ്ങളെയുംകാൾ പ്രധാനം. സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യൻ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്.
സാബത്തിൽ രോഗശാന്തി നൽകുന്നതുമായി ബന്ധപ്പെട്ടതാണ് അഞ്ചാമത്തെ സംഘർഷം (മർക്കോ. 3: 1-6). സിനഗോഗിലെത്തിയ യേശു കൈ ശോഷിച്ച മനുഷ്യനെ കണ്ടു. സാബത്തിൽ രോഗസൗഖ്യം നൽകാൻ പാടില്ല എന്നാണ് പ്രീശരുടെ അഭിപ്രായം. യേശുവാകട്ടെ സാബത്തുദിവസം ജീവൻ രക്ഷിക്കുന്നതും ന· ചെയ്യുന്നതും അനുവദനീയമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് രോഗിക്ക് സൗഖ്യം നൽകി. ഈ സാബത്ത് ലംഘനങ്ങളിലൂടെ മനുഷ്യമഹത്വവും മനുഷ്യക്ഷേമവുമാണ് എല്ലാ നിയമങ്ങളുടെയും മാനദണ്ഡമെന്ന് അസന്ദിഗ്ധമായി യേശു പഠിപ്പിക്കുകയായിരുന്നു.
യേശുവിന്റെ മനുഷ്യസ്നേഹത്തിൽ ഉൗന്നിയ വിമോചനാത്മകമായ ദർശനധാര, നിയമബദ്ധതയുടെ വക്താക്കളെ അമർഷംകൊള്ളിച്ചതിൽ അദ്ഭുതമില്ല. അവർ യേശുവിനെ വധിക്കാൻ എതിരാളികളോടു ചേർന്ന് ആലോചന നടത്തി. മനുഷ്യപക്ഷത്ത് നിൽക്കുന്നവരുടെ ചുമലിൽ മതപക്ഷത്ത് നിൽക്കുന്നവർ കുരിശ് ചാർത്തിക്കൊടുക്കുന്ന വിരോധാഭാസം!