സംവാദവും വെളിപാടും
Saturday, March 25, 2017 9:17 PM IST
ഡയലോഗിലൂടെ സമവായത്തിലെത്താൻ വിവിധ രംഗങ്ങളിലുള്ളവർ ശ്രമിക്കുന്ന കാലഘട്ടമാണിത്. യേശു ഡയലോഗിന് (സംവാദത്തിന്) വളരെയേറെ പ്രാധാന്യം കൊടുത്തിരുന്നു. തന്നെത്തന്നെ വെളിപ്പെടുത്താനും തന്നെ അയച്ച പിതാവിനെ വെളിപ്പെടുത്താനും യഥാർഥ ശിഷ്യത്വം വെളിപ്പെടുത്താനും ഈ സംവാദങ്ങളിലൂടെയാണ് അവിടുന്ന് ശ്രമിച്ചത്. സംവാദത്തിലൂടെ വിശ്വാസത്തിലേക്കും ശിഷ്യത്വത്തിലേക്കും കടന്നുവന്നവരുണ്ട്. സംവാദത്തിന്റെ പശ്ചാത്തലത്തിൽ യേശുവിനെ നശിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ചവരുണ്ട്. സംവാദത്തിൽ കുരിശിന്റെ പ്രതിച്ഛായ പതിഞ്ഞുകിടക്കുന്നു. യോഹന്നാന്റെ സുവിശേഷം ആദ്യാന്തം യേശുവിന്റെ വിവിധ ഡയലോഗുകളുടെ രത്നച്ചുരുക്കമാണ്.
യേശു തന്റെ ആദ്യത്തെ ശിഷ്യന്മാരെ നേടിയെടുക്കുന്നത് ഡയലോഗിലൂടെയാണ് (യോഹ 35-51). അന്ത്രയോസ്, യോഹന്നാൻ, പത്രോസ്, പീലിപ്പോസ്, നഥാനിയേൽ മുതലായവരായിരുന്നു ആദ്യ ശിഷ്യന്മാർ. അവർ യേശുവിനോടൊപ്പം വസിച്ച് സംഭാഷണത്തിലേർപ്പെട്ടു. യേശു ആരെന്ന് മനസിലാക്കാനും ശിഷ്യത്വത്തിന്റെ പ്രത്യേകതകൾ ഗ്രഹിക്കാനും ഡയലോഗിലൂടെ അവർക്ക് സാധിച്ചു. ജറുസലമിൽ വച്ച് യേശു നിക്കദേമൂസ് എന്ന യഹൂദ പ്രമാണിയുമായി സംവാദത്തിലേർപ്പെടുന്നു (യോഹ 3:1-21). വീണ്ടും ജനിച്ചാലേ ദൈവരാജ്യത്തിൽ പ്രവേശിക്കാനാവൂ എന്ന സത്യം യേശു അയാൾക്ക് വെളിപ്പെടുത്തിക്കൊടുത്തു.
ജ്ഞാനസ്നാന ജലവും ദൈവത്തിന്റെ ആത്മാവുമാണ് ഈ പുതിയ ജനത്തിന് ഹേതുവായിത്തീരുന്ന ഘടകങ്ങൾ. യേശു സമരിയായിലൂടെ കടന്നുപോയപ്പോൾ സിക്കാർ എന്ന പട്ടണത്തിൽ വച്ച് സമരിയാക്കാരി സ്ത്രീയുമായി നടത്തിയ സംഭാണം വിപ്ലവകരമായ ദർശനങ്ങൾ ഉള്ളടങ്ങുന്നതാണ് (യോഹ 4: 1-42). സങ്കരവർഗത്തിൽപ്പെട്ട സമരിയാക്കാരെ യഹൂദർ വെറുത്തിരുന്നു. സമരിയാക്കാരിയോട് വെള്ളം ചോദിക്കുകയും അവളെ തന്റെ ശിഷ്യയായി സ്വീകരിക്കുകയും അവളിലൂടെ സമരിയാക്കാരെ നേടുകയും ചെയ്ത യേശു വംശീയ ശത്രുതയുടെ മതിൽ തകർക്കുകയും വിശ്വസാഹോദര്യം പ്രഘോഷിക്കുകയും ചെയ്യുന്നു.
യേശു വാഗ്ദാനം ചെയ്ത ജീവജലത്തിന് പല അർഥങ്ങളുണ്ട്. അത് ദൈവിക ജീവന്റെയും സ്നേഹത്തിന്റെയും വചനത്തിന്റെയും ആത്മാവിന്റെയും പ്രതീകമാണ്. അവളുടെ ഇരുണ്ട ജീവിതത്തിൽ വെളിച്ചം വീശാനും അവളെ പുതുജീവിതത്തിലേക്ക് നയിക്കാനും യേശുവിന് കഴിഞ്ഞു. ആത്മാവിലും സത്യത്തിലുമുള്ള യഥാർഥ ആരാധനയുടെ പാഠങ്ങൾ അവളെ പഠിപ്പിച്ചു. അവൾ യേശുവിന്റെ പ്രേഷിതയായി സമരിയാക്കാരുടെ ഇടയിലേക്ക് ഇറങ്ങുന്നു. സമരിയാക്കാരെ യേശുവിന്റെ പക്കലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. സംവാദത്തിലൂടെ സാഹോദര്യത്തിന്റെയും വിമോചനത്തിന്റെയും പുതിയ ലോകം കെട്ടിപ്പെടുക്കേണ്ടതെങ്ങനെയെന്നതിന് ഒന്നാംതരം ഉദാഹരണമാണ് ഈ സംഭവം.
ബഥേസ് ദാ കുളത്തിലെ രോഗിയെ സുഖപ്പെടുത്തിയശേഷം യഹൂദ നേതാക്കളുമായി യേശു നടത്തിയ സംവാദം യേശുവിനെ വധിക്കാൻ പദ്ധതികൾ തയാറാക്കുന്നതിലേക്കാണ് അവരെ നയിച്ചത് (യോഹ 5: 1-18). യേശു സാബത്ത് ലംഘിച്ചതും ദൈവപിതാവിന്റെ പ്രവൃത്തികൾ ചെയ്തതുമാണ് നേതാക്കളെ ചൊടിപ്പിച്ചത്. കഫർണാമിൽവച്ച് ജീവന്റെ അപ്പത്തെപ്പറ്റി ചെയ്ത പ്രഭാഷണം അനേകം പേരുടെ എതിർപ്പിന് ഇടയാക്കി. ശിഷ്യന്മാരിൽ പലരും യേശുവിനെ വിട്ടുപോയി. പക്ഷേ താൻ ജീവന്റെ അപ്പമാണെന്ന സനാതന സത്യം ഉറക്കെ പ്രഖ്യാപിക്കുന്നതിൽനിന്ന് യേശു പിന്മാറിയില്ല (യോഹ 6: 25-71). ജറുസലേമിൽ വച്ച് കൂടാരത്തിരുനാളിനോടനുബന്ധിച്ച് യേശു നടത്തിയ ഡയലോഗുകൾ നേതാക്കളുടെ ശത്രുത വർധിപ്പിക്കാൻ മാത്രമേ കാരണമായുള്ളൂ (യോഹ 7: 1-8:59).
പിതാവായ ദൈവമാണ് യേശുവിനെ അയച്ചതെന്നും യേശു പിതാവിന്റെ സ്നേഹമാണ് വെളിപ്പെടുത്തുന്നതെന്നും അംഗീകരിക്കാനുള്ള വൈമനസ്യമാണ് എതിർപ്പിന് കാരണം. അന്ത്യഭോജന വേളയിൽ ശിഷ്യന്മാരുമായി നടത്തിയ ഡയലോഗ് യേശുവിലുള്ള വിശ്വാസത്തിൽ ആഴപ്പെടുന്നതിന് ശിഷ്യന്മാരെ സഹായിച്ചു (യോഹ 13-17).
ദൈവത്തിന്റെ മാർഗമാണ് ഡയലോഗ്. യേശു പിതാവിന്റെ വചനമാണെന്ന് പറയുന്പോൾ, മനുഷ്യകുലവുമായി ഡയലോഗിലൂടെ എല്ലാ മേഖലകളിലും സഹകരണവും സഹവർത്തിത്വവും ഉറപ്പാക്കാൻ സാധിക്കും. ഹൃദയകാഠിന്യമുള്ള എതിരാളികൾ ഡയലോഗിന്റെ വക്താവിനെത്തന്നെ നശിപ്പിക്കാൻ ശ്രമിച്ചെന്നു വരാം. എങ്കിലും അന്ത്യത്തിൽ ഡയലോഗ് ജയിക്കും എന്നതിന്റെ സാക്ഷ്യമാണ് യേശുവിന്റെ കുരിശ്. അവിടെ ദൈവവും മനുഷ്യനും മനുഷ്യനും മനുഷ്യനും സന്ധിക്കുന്നു. അവിടെ അനുരഞ്ജനത്തിന്റെ പുതിയ ലോകം പിറന്നു വീഴുന്നു.